കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കെതിരേ ആക്രമണമുണ്ടായെന്ന് കള്ളപ്പരാതി നൽകുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് മുൻ മന്ത്രി വീണാ ജോർജിനെതിരേ കെഎസ്യു ഡിജിപിക്കു നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഈ മാസംതന്നെ സമർപ്പിക്കും.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ്, റെയിൽവേ എന്നിവിടങ്ങളിലെ പൊലിസ് ഉദ്യോഗസ്ഥർ, മന്ത്രിയുടെ ഗൺമാൻ, മന്ത്രിയെ ചികിത്സിച്ച പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാർ തുടങ്ങിയവരുടെ മൊഴികൾ, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലിസ് ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കി എസ്പി യു. പ്രേമന്റെ നേതൃത്വത്തി ലുള്ള എസ്ഐടി സംഘം ഈ മാസം 30 നകം കുറ്റപത്രം ഡിജിപിക്കു സമർപ്പിക്കുമെന്നാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. വീണാ ജോര്‍ജിനു പുറത്ത് കാണത്തക്ക പരിക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് വിവരം. വീണാ ജോര്‍ജിനെ ചികിത്സിച്ച മെഡിക്കല്‍ രേഖകളും എസ്ഐടി ശേഖരിച്ചു. മുൻമന്ത്രിയുടെ ചികിത്സയ്ക്കായി അന്ന് രൂപവത്കരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്.
അന്നത്തെ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ഉള്‍പ്പടെ സ്ഥലം മാറിപ്പോയ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചും വിവരങ്ങള്‍ തേടി. പുറത്ത് കാണത്തക്ക പരിക്ക് വീണ ജോര്‍ജിന് ഉണ്ടായി രുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി.