പെയർലാൻഡ്: സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി നൈറ്റ് ‘ലൂമിന 2026’ ഗംഭീരമായും ആഘോഷിച്ചു. റിച്ചാർഡ്സ് ജേക്കബ് കയ്യാലപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.
ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തും വിവിധ ഇടവക സംഘടനകളായ എസ്എംസിസി, ലേഡീസ് ഫോറം, എച്ച്സിഎ, മിഷൻ ലീഗ് എന്നിവയുടെ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ റാണിസ് എംഎസ്എംഐ അനുഗ്രഹപ്രഭാഷണം നടത്തി. മദർ ബെൻസിയും മറ്റു സിസ്റ്റർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവകയിലെ എട്ട് വാർഡുകളെ പ്രതിനിധീകരിച്ച് മുന്നൂറോളം കുടുംബങ്ങൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.
വിനോദത്തിനപ്പുറം വിശ്വാസജീവിതത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പങ്കുവച്ച അവതരണങ്ങൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഒരേ വേദിയിൽ അണിനിരന്നത് കുടുംബസംഗമത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി.