ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയോടുള്ള അടങ്ങാത്ത ആരാധന മൂലം ഒരു യുവ ആരാധകൻ കാൽനടയായി പിന്നിട്ടത് അതിശയിപ്പിക്കുന്ന ദൂരം.
ഉത്തർപ്രദേശിലെ ലക്നോവിൽ നിന്ന് യാത്ര തിരിച്ച് മുംബൈയും കടന്ന് ബംഗളൂരുവിലെത്തിയ രവി കുമാർ റാവത്ത് എന്ന യുവാവാണ് തന്റെ ഇഷ്ട താരത്തെ നേരിൽ കാണാൻ ഏകദേശം 2,390 കിലോമീറ്ററോളം ദൂരം കാൽനടയായി എത്തിയത്.
ആദ്യം ലക്നോവിൽ നിന്ന് മുംബൈയിലേക്ക് 1,400 കിലോമീറ്ററിലധികം നടന്നാണ് രവി എത്തിയത്. പിന്നീട് ഹാർദിക് പാണ്ഡ്യ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറിയെന്നറിഞ്ഞതോടെ, തന്റെ യാത്ര അവിടെ അവസാനിപ്പിക്കാൻ അദ്ദേഹം തയാറായില്ല.
ബംഗളൂരു ലക്ഷ്യമാക്കി വീണ്ടും 990 കിലോമീറ്ററോളം കൂടി അദ്ദേഹം കാൽനടയാത്ര തുടർന്നു. ഒടുവിൽ മാസങ്ങളുടെ കഷ്ടപ്പാടിനൊടുവിൽ രവി തന്റെ പ്രിയ ക്രിക്കറ്റ് താരത്തെ നേരിൽ കണ്ടുമുട്ടുകയും ചെയ്തു.
ഈ അപൂർവ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം തരംഗമായി മാറിയിരിക്കുകയാണ്. തന്നെ കാണാൻ ഇത്രയധികം ദൂരം കഷ്ടപ്പെട്ട് എത്തിയ ആരാധകനെ ഹാർദിക് സ്നേഹത്തോടെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.
മാത്രമല്ല, സുദീർഘമായ ഈ കാൽനടയാത്ര കാരണം അവശനിലയിലായ യുവാവിന് മടങ്ങിപ്പോകാൻ സ്വന്തം മാനേജറോട് ആവശ്യപ്പെട്ട് യാത്രാ ടിക്കറ്റ് ശരിയാക്കിക്കൊടുക്കാനും താരം മറന്നില്ല.
"എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ പറഞ്ഞോളൂ" എന്ന് സ്നേഹത്തോടെ ചോദിച്ച് രവിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയ ഹാർദിക്കിന്റെ മനുഷ്യത്വപരമായ പെരുമാറ്റത്തിന് വലിയ അഭിനന്ദനങ്ങളാണ് കായികലോകത്തുനിന്നും ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.