റാന്നി: വടശേരിക്കര കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിന്റെ കോട്ടയിൽ ഭാഗത്ത് കാട്ടാന ആക്രമണം. പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സംഹാര താണ്ഡവമാടുന്ന കാട്ടാനകൾ നിരവധി കൃഷിയിടങ്ങളും തകർത്തു. കഴിഞ്ഞ രാത്രിയിൽ കർഷക ഭൂമികളിൽ പ്രവേശിച്ച് കൃഷി നാശം വരുത്തിയ കാട്ടാനകൾ കായ്ഫലമുള്ള തെങ്ങ് കുത്തി മറിച്ചു നശിപ്പിച്ചു. ജനവാസ മേഖലയിൽ ആളുകൾ ഏറെ ഭയപ്പാടിലും പ്രതിഷേധത്തിലുമാണ്.
കടമാൻകുന്ന് മഹാദേവർ ക്ഷേത്രം വക കോട്ടയിൽ എത്തിയ കാട്ടാനകൾ വിഗ്രഹം മറിച്ചിട്ട് കേടുപാടുകൾ വരുത്തുകയും കൽവിളക്ക് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷിയിടങ്ങളിലെ കാട്ടാന ആക്രമണവുമുണ്ടായിരിക്കുന്നത്.
കടമാൻകുന്ന് മഹാദേവർ ക്ഷേത്രം കോട്ടയിൽ ഭാഗത്തു കാട്ടാന കയറി വിഗ്രഹങ്ങൾക്കും ക്ഷേത്രത്തിനും നാശനഷ്ടം വരുത്തിയ സംഭവത്തിൽ ഭക്തരുടെ ആശങ്ക പരിഹരിക്കാൻ വനം വകുപ്പും സർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പഴകുളം മധു എംഎൽഎ പറഞ്ഞു.
വളരെയധികം ചരിത്രപ്രധാന്യവും നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട് കടമാൻകുന്ന് ക്ഷേത്രത്തിന്. കല്ലാറ്റിലൂടെ കടന്നുവന്നാണ് ആന ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ഭക്തരിൽ ഉണ്ടായ വലിയ വിഷമവും പ്രതിഷേധവും കണക്കിലെടുത്ത് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും
ക്ഷേത്രത്തിന് തൊട്ടുചുറ്റും സംരക്ഷണ വേലി (ഫെൻസിംഗ്) നിർമിക്കുന്നതിന് റാന്നി ഡിഎഫ്ഒ അരുൾ സെൽവൻ അടിയന്തര നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ പണി ആരംഭിക്കും.
ഒളികല്ല് - എംആർഎസ് പ്രദേശങ്ങളിലെ നിരന്തരമായ ആനശല്യം പരിഹരിക്കുന്നതിനായി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ എട്ടു കിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗ് നിർമിക്കുന്ന
ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. മൂന്നു മാസത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ഋഷീശ്വരന്മാർ തപസ് ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്ന കടമാൻകുന്ന് കോട്ടയിൽ ചിരപുരാതനമായ ഗുഹയും ഇവിടുത്തെ പാരമ്പര്യവും സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഡിഎഫ്ഒ അരുൾ സെൽവൻ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവൻ, വാർഡ് മെംബർ മഞ്ജു ജയരാജ്, റേഞ്ച് ഓഫീസർ എസ്. രഞ്ജിത്ത്, സതീഷ് പണിക്കർ, സിബി താഴത്തില്ലത്ത്, നീഷ് തുരുത്തിക്കാടൻ , ഗോപകുമാർ വൃന്ദാവൻ, ദീലീപ് അരുവിക്കൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.