Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fearless

ഐ​​പി​​എ​​ല്‍ 19-ാം സീ​​സ​​ണി​​ല്‍ നി​​ര്‍​ഭ​​യ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച് ന്യൂ​​ജെ​​ന്‍ താ​​ര​​ങ്ങ​​ള്‍

ഭ​​യം എ​​ന്ന വി​​കാ​​രം നി​​ഘ​​ണ്ടുവി​​ല്‍ ഇ​​ല്ലാ​​ത്ത ചി​​ല ന്യൂ​​ജെ​​ന​​റേ​​ഷ​​ന്‍ താ​​ര​​ങ്ങ​​ള്‍ ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം സീ​​സ​​ണി​​ലു​​ണ്ട്. ജെ​​ന്‍​സി കാ​​ല​​ഘ​​ട്ട​​ത്തി​​നു യോ​​ജി​​ക്കു​​ന്ന ന്യൂ​​ജെ​​ന്‍ താ​​ര​​ങ്ങ​​ള്‍. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ഈ ​​ഗ​​ണ​​ത്തി​​ലു​​ള്ള ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ താ​​ര​​മാ​​ണ്.

അ​ങ്ങ​നെ അ​ല്ലെ​ങ്കി​ൽ ലോ​ക​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു ബാ​റ്റ​ർ ജ​സ്പ്രീ​ത് ബും​റ​, ത​നി​ക്കെ​തി​രേ എ​റി​യു​ന്ന ആ​ദ്യ പ​ന്ത് സി​ക്സ​ർ പ​റ​ത്തു​മോ..? 2026 സീ​സ​ൺ ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബും​റ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ബേ​ബി ബോ​സ് ആ​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങി​യ പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ബും​റ​യെ ആ​ദ്യ​മാ​യി നേ​രി​ട്ട സൂ​ര്യ​വം​ശി, ആ​ദ്യ​പ​ന്ത് ത​ന്നെ മി​ഡ്ഓ​ണി​നു മു​ക​ളി​ലൂ​ടെ സി​ക്സ​ർ പ​റ​ത്തി​യാ​ണ് സൂ​പ്പ​ർ പേ​സ​റി​നെ സ്വാ​ഗ​തം ചെ​യ്ത​ത്. പ​ഴ​യ പ്ര​താ​പം ഇ​ല്ലെ​ങ്കി​ലും ബും​റ എ​ന്നും ബു​റ​യാ​ണെ​ന്ന​ത് വി​സ്മ​രി​ക്കാ​നാ​കി​ല്ല. ബും​റ​യു​ടെ ആ​ദ്യ ഓ​വ​റി​ൽ നേ​രി​ട്ട അ​ഞ്ച് പ​ന്തി​ൽ ര​ണ്ട് സി​ക്സും ഒ​രു സിം​ഗി​ളും സൂ​ര്യ​വം​ശി നേ​ടി.

എ​​തി​​ര്‍​നി​​ര​​യി​​ലെ താ​​ര​​മൂ​​ല്യ​​മോ, താ​​ര​​പ​​രി​​വേ​​ഷ​​മോ സൂ​ര്യ​വം​ശി​യെ​പോ​ലു​ള്ള നി​​ര്‍​ഭ​​യ ന്യൂ​​ജെ​​ന്‍​സി​​നെ തെ​​ല്ലും ബാ​​ധി​​ക്കു​​ന്നി​​ല്ല, അ​​ല്ലെ​​ങ്കി​​ല്‍ ഭ​​യ​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. നേ​​ര്‍​ക്കു​​നേ​​ര്‍ നി​​ല്‍​ക്കു​​ന്ന​​വ​​ര്‍ ആ​​രാ​​ണെ​​ങ്കി​​ലും കീ​​ഴ​​ട​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​വ​​രു​​ടെ ല​​ക്ഷ്യം. 19-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ നി​​ര്‍​ഭ​​യ ന്യൂ​​ജെ​​ന്‍ പ്ര​​തി​​ഭ​​ക​​ള്‍ ഇ​​വ​​രാ​​ണ്...

1. വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി (രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്)

പ്രാ​​യ​​ത്തേ​​ക്കാ​​ള്‍ പ​​ക്വ​​ത​​യും ക്വാ​​ളി​​റ്റി​​യു​​മു​​ള്ള ക്രി​​ക്ക​​റ്റ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന താ​​ര​​മാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ 15കാ​​ര​​നാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി. 2026 സീ​​സ​​ണി​​ലും വൈ​​ഭ​​വി​​ന്‍റെ ബാ​​റ്റ് കൊ​​ടു​​ങ്കാ​​റ്റാ​​യി വീ​​ശു​​ക​​യാ​​ണ്. ഇ​​രു​​ന്നൂ​​റി​​നു മു​​ക​​ളി​​ലാ​​ണ് വൈ​​ഭ​​വി​​ന്‍റെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ് എ​​ന്ന​​താ​​ണ് ഈ ​​കൗ​​മാ​​ര​​ക്കാ​​ര​​ന്‍റെ നി​​ര്‍​ഭ​​യ​​ത്വ​​ത്തി​​ന്‍റെ നേ​​ര്‍സാ​​ക്ഷ്യം. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ ഒ​​മ്പ​​തു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 213.38 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 335 റ​​ണ്‍​സ് വൈ​​ഭ​​വ് സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. ര​​ണ്ട് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഒ​​രു സെ​​ഞ്ചു​​റി​​യും നേടിക്കഴിഞ്ഞു. ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് എ​​തി​​രേ 15 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യാ​​ണ് സൂ​​ര്യ​​വം​​ശി 19-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്.


2. സ​​മീ​​ര്‍ റി​​സ്‌​വി (​ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ്)

22കാ​​ര​​നാ​​യ സ​​മീ​​ര്‍ റി​​സ്‌​വി​​യു​​ടെ നി​​ര്‍​ഭ​​യ ഹി​​റ്റിം​​ഗാ​​ണ് ഈ ​​സീ​​സ​​ണി​​ല്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന് ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും റി​​സ്‌​വി ​ആ​​യി​​രു​​ന്നു പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചും. യു​​പി ട്വ​​ന്‍റി-20 ലീ​​ഗി​​ല്‍ താ​​രം ന​​ട​​ത്തി​​യ ബി​​ഗ്-​​ഹി​​റ്റിം​​ഗാ​​ണ് ഐ​​പി​​എ​​ല്ലി​​ലേ​​ക്കു​​ വ​​ഴിതെ​​ളി​​ച്ച​​ത്. 2024 ലേ​​ല​​ത്തി​​ല്‍ 8.4 കോ​​ടി രൂ​​പ​​യ്ക്ക് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് റി​​സ്‌​വി​​യെ സ്വ​​ന്ത​​മാ​​ക്കിയിരുന്നു. 2025 മെ​​ഗാ ലേ​​ല​​ത്തി​​ല്‍ 95 ല​​ക്ഷം രൂ​​പ​​യ്ക്കാണ് ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ലെത്തിയത്. പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന് എ​​തി​​രേ 25 പ​​ന്തി​​ല്‍ 58 നോ​​ട്ടൗ​​ട്ടു​​മാ​​യി 2025 സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ചു. അ​​തോ​​ടെ ടീ​​മി​​ന്‍റെ ഫി​​നി​​ഷ​​ര്‍ റോ​​ള്‍ സ്വ​​ന്തം. 2026 സീ​​സ​​ണി​​ലേ​​ക്കും ഡ​​ല്‍​ഹി റി​​സ്‌​വി​​യെ അ​​തേ​​തു​​ക​​യ്ക്ക് നി​​ല​​നി​​ര്‍​ത്തി. 2026 സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 47 പ​​ന്തി​​ല്‍ 70 നോ​​ട്ടൗ​​ട്ടും ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ 51 പ​​ന്തി​​ല്‍ 90ഉം ​​റ​​ണ്‍​സ് നേ​​ടി. ഈ ​​ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സും ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ത​​ക​​ര്‍​ന്ന​​ശേ​​ഷ​​മു​​ള്ള സ​​മ്മ​​ര്‍​ദ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

3. അംഗ്കൃ​​ഷ് ര​​ഘു​​വം​​ശി (കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ്)

21കാ​​ര​​നാ​​യ അംഗ്കൃ​​ഷ് ര​​ഘു​​വം​​ശി 2022 ഐ​​സി​​സി അ​​ണ്ട​​ര്‍ 19 ലോ​​ക​​ക​​പ്പി​​ലെ ടോ​​പ് സ്‌​​കോ​​റ​​റാ​​യാ​​ണ് ആ​​ദ്യം ശ്ര​​ദ്ധ​​പി​​ടി​​ച്ചു​​പ​​റ്റി​​യ​​ത്. 2024 ഐ​​പി​​എ​​ല്‍ ലേ​​ല​​ത്തി​​ല്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ല്‍ എ​​ത്തി. അ​​തേ സീ​​സ​​ണി​​ല്‍ അ​​ര​​ങ്ങേ​​റി. 155.24 സ്‌​​ട്രൈ​​ക്ക് റേ​​റ്റു​​മാ​​യി ആ​​ദ്യ സീ​​സ​​ണി​​ല്‍​ത്ത​​ന്നെ വ​​ര​​വ​​റി​​യി​​ച്ചു. 2026 സീ​​സ​​ണി​​ല്‍ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന് എ​​തി​​രേ കെ​​കെ​​ആ​​ര്‍ ആ​​റ് വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും 29 പ​​ന്തി​​ല്‍ 51 റ​​ണ്‍​സ് രഘു​​വം​​ശി അ​​ടി​​ച്ചെ​​ടു​​ത്തു. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നോ​​ട് 65 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും 29 പ​​ന്തി​​ല്‍ 52 റ​​ണ്‍​സ് ഈ ​​വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ്വ​​ന്ത​​മാ​​ക്കി. പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന് എ​​തി​​രേ മ​​ഴ​​യി​​ല്‍ മു​​ട​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ഏ​​ഴ് പ​​ന്തി​​ല്‍ ഏ​​ഴ് നോ​​ട്ടൗ​​ട്ടാ​​യി​​രു​​ന്നു പ്ര​​ക​​ട​​നം.

4. പ്രി​​ന്‍​സ് യാ​​ദ​​വ് (ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ്)

പേ​​സ്, ലൈ​​ന്‍ ആ​​ന്‍​ഡ് ലെം​​ഗ്ത് നി​​ല​​നി​​ര്‍​ത്തു​​ന്ന​​തി​​ല്‍ ഏ​​റ്റ​​വും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട ബൗ​​ള​​റാ​​ണ് ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​ന്‍റെ പ്രി​​ന്‍​സ് യാ​​ദ​​വ്. ല​​ക്‌​​നോ​​യു​​ടെ പേ​​സ​​ര്‍​മാ​​ര്‍ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് വ​​ഴി​​മാ​​റി​​യ​​തോ​​ടെ​​യാ​​ണ് പ്രി​​ന്‍​സ് യാ​​ദ​​വി​​ന് അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. മു​​ഹ​​മ്മ​​ദ് ഷ​​മി, മാ​​യ​​ങ്ക് യാ​​ദ​​വ്, മൊ​​ഹ്‌​​സി​​ന്‍ ഖാ​​ന്‍ എ​​ന്നി​​വ​​ര്‍ ഫി​​റ്റ്‌​​ന​​സ് വീ​​ണ്ടെ​​ടു​​ത്ത​​പ്പോ​​ഴും പ്രി​​ന്‍​സി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ള്‍ പ​​ല​​രും നെ​​റ്റി​​ചു​​ളി​​ച്ചു. എ​​ന്നാ​​ല്‍, ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ്, സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ നി​​ര്‍​ണാ​​യ​​ക വി​​ക്ക​​റ്റ് വീ​​ഴ്ത്തി. സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ക്യാ​​പ്റ്റ​​ന്‍ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍റെ വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ച്ച​​ത​​ട​​ക്ക​​മു​​ള്ള പ​​ന്തു​​ക​​ള്‍ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു.

Latest News

Corehub Up