ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്ന രണ്ടിടങ്ങൾ മനസിൽ പണ്ടേ കുറിച്ചിട്ടിട്ടുണ്ട്. ആദ്യത്തേത് ട്രാൻസിൽവാനിയയിലെ കാർപാത്യൻ മലനിരകളിൽ ഇരുപത്തിരണ്ടോളം ഏക്കറിൽ പരന്നുകിടക്കുന്ന എഴുപതിലധികം മുറികളുള്ള ഒരു കോട്ടയാണ്. ആ കോട്ട ഒറ്റയ്ക്ക് നടന്നുകാണാനുള്ള മനോധൈര്യം എനിക്കിന്നുമില്ല. നരകത്തിലെ ക്ഷുദ്രപ്രവാചകനും രക്തദാഹത്തിന്റെ നിത്യപ്രഭുവുമായ ഒരാളുടെ പാർപ്പ് അതിനുള്ളിലാണ്. അയാൾ വൃദ്ധനും കുലീനനുമാണ്.
പകൽവെളിച്ചത്തിൽ പുറത്തിറങ്ങിയാൽ പൗരുഷം ചോർന്നുപോകുന്നതിനാൽ രാത്രിയാകുംവരെ അയാൾ ശവപ്പെട്ടിക്കുള്ളിൽ മയങ്ങുന്നു. ആ മയക്കം എപ്പോൾ വേണമെങ്കിലും ഉണരാവുന്ന ഒന്നാണ്. അതിനാൽ പകൽവെളിച്ചത്തിൽ മാത്രം സന്ദർശിക്കേണ്ട ഒരിടമാണ് ആ കോട്ട. ജോനാഥൻ ഹാർക്കർ എന്ന അഭിഭാഷകൻ തലനാരിഴയ്ക്കാണ് ആ കോട്ടയ്ക്കുള്ളിൽനിന്നു രക്ഷപ്പെട്ടത്. ആ രക്ഷപ്പെടൽ ആയുസിന്റെ പേരിൽ ഒരാൾക്കു മാത്രം കിട്ടിയ ആനുകൂല്യമായിരുന്നു. അദ്ദേഹത്തെ സാഹസികമായി രക്ഷപ്പെടുത്തിയത് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു എന്ന് മുതിർന്നശേഷമാണ് എനിക്കു തിരിച്ചറിയാൻ കഴിഞ്ഞത്. അത് വൈകി ലഭിച്ച വിവേകങ്ങളിലൊന്നായിരുന്നു. ഭയത്തിന്റെ തമോമൂർത്തിയായ ആ പ്രഭുവിന്റെ വാസസ്ഥാനമാണെങ്കിലും അതൊന്ന് കണ്ടുവരാൻ ഇപ്പോഴും ഉള്ളിൽ ഒരു പൂതിയുണ്ട്.
രണ്ടാമത്തെ ഇടം ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടമാണ്. ആ കെട്ടിടത്തിന്റെ വിലാസം കൈയിൽ ചുരുട്ടിപ്പിടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. 221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ എന്നാണ് ആ വിലാസം. ശരിക്കു പറഞ്ഞാൽ ബേക്കർ സ്ട്രീറ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് അവിടേക്ക് നടന്നെത്താവുന്ന ദൂരം മാത്രം. മരണമില്ലാത്ത ഒരു കുറ്റാന്വേഷകന്റെ ഓഫീസ് മുറിയാണ് ഞാൻ കാണാനാഗ്രഹിക്കുന്നത്. അവിടെ ഹോംസും സന്തതസഹചാരിയായ ഡോക്ടർ ജോൺ വാട്സനും വീട്ടുടമയായ മിസിസ് ഹഡ്സനും ഉണ്ടാകും. ചിലപ്പോൾ ഹോംസ് മാത്രമേ ഉണ്ടാകുകയുള്ളൂ. ചിലപ്പോൾ അദ്ദേഹത്തെ കാണാനാവില്ല. അന്വേഷിച്ചാൽ മറുപടി ഉടൻ ലഭിക്കും. “ഷെർലക് ഹോംസ് കേസന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു പോയിരിക്കുകയാണ്. എപ്പോൾ മടങ്ങിയെത്തുമെന്ന് പറയാനാവില്ല. വരുമ്പോൾ നിങ്ങൾ തിരക്കിവന്ന വിവരം അറിയിക്കാം. ഈയിടെ അദ്ദേഹം പുതിയ കേസുകൾ ഒന്നും എടുക്കാറില്ല. പിന്നെല്ലാം നിങ്ങളുടെ ഭാഗ്യംപോലെയിരിക്കും” ഇങ്ങനെ കൃത്യമായി മറുപടി തരുന്ന ഒരു ഓഫീസ് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
ഹോംസിന്റെ സഹായം അഭ്യർഥിച്ചു വരുന്ന കത്തുകളും ഫോൺ സന്ദേശങ്ങളും എണ്ണിത്തീർക്കാനാവില്ല. എല്ലാ സന്ദേശങ്ങൾക്കും ഓഫീസിൽനിന്ന് കൃത്യമായ മറുപടി ലഭിക്കും. അത് വിശ്വാസത്തിന്റെ വിശുദ്ധമായ ഒരു ഉടമ്പടികൂടിയായിരുന്നു. എന്നാൽ, സ്വിറ്റ്സർലൻഡിലെ റീഷെൻബാക്ക് വെള്ളച്ചാട്ടത്തിനു മുകളിലെ പാറക്കെട്ടിൽവച്ച് ഷെർലക് ഹോംസും അദ്ദേഹത്തിന്റെ ശത്രുവായ പ്രഫസർ മോറിയാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയെന്നും ഇരുവരും പാറക്കെട്ടിൽനിന്നു താഴേക്കുവീണ് ദാരുണമായി കൊല്ലപ്പെട്ടുവെന്നും അഡ്വഞ്ചർ ഓഫ് ദി ഫൈനൽ പ്രോബ്ലം ( The Adventure of the Final Problem) എന്ന പരമ്പരയിലൂടെ ഡോയൽ ലോകത്തെ അറിയിച്ചു. ഇതു വായിച്ച വായനക്കാർ ക്ഷുഭിതരായി. അവർ കറുത്ത ബാഡ്ജ് ധരിച്ച് ബേക്കർ സ്ട്രീറ്റിൽ പ്രതിഷേധം നടത്തി. ഡോയലിന്റെ അമ്മപോലും അദ്ദേഹത്തെ ശകാരിച്ചു. ധാരാളം അധിക്ഷേപവാക്കുകൾ ഡോയലിന് കേൾക്കേണ്ടിവന്നു. ഒടുവിൽ വായനക്കാരുടെ നിർബന്ധത്തിനു വഴങ്ങി ഡോയലിന് ഹോംസിനെ പുനർജീവിപ്പിക്കേണ്ടിവന്നു. പകരം വിശ്വാസ്യത നിലനിർത്താൻ മോറിയാർട്ടിയെ മാത്രം അപായപ്പെടുത്തുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായി രക്ഷപ്പെട്ട ഹോംസ് മൂന്നുവർഷത്തിനുശേഷം ലണ്ടനിൽ മടങ്ങിയെത്തി. വന്നയുടനെ അഡ്വഞ്ചർ ഓഫ് എംപ്റ്റി ഹൗസ് (The Adventure of the Empty House) എന്ന കൃതിയിലൂടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
കുറ്റാന്വേഷണ നോവലുകളും പ്രേതകഥകളും വായിച്ചു ഹരംപിടിച്ചിരുന്ന കാലത്താണ് ഒരു സുഹൃത്ത് ‘ഫ്രാങ്കൻസ്റ്റൈൻ’ എന്നൊരു പുസ്തകം വായിക്കാൻ തരുന്നത്. അത് വായിക്കാനെടുത്ത ദിവസം നല്ല ഓർമയുണ്ട്. ഒരു മാർച്ച് മാസം. പത്താം ക്ലാസ് പരീക്ഷയ്ക്ക് രണ്ടു ദിവസം ഉള്ളപ്പോൾ. പരീക്ഷാപ്പേടി മാറ്റാനാണ് ഞാൻ അതു വായിച്ചുതുടങ്ങിയത്. അതൊരു പരീക്ഷണമായിരുന്നു. പക്ഷേ, എന്റെ പേടി ഇരട്ടിച്ചു. എന്റെ മുന്നിൽ ആജാനുബാഹുവായ ഒരു ഭീകരസത്വം ആകാശത്തോളം പൊക്കത്തിൽ നിൽക്കുകയാണ്. അതിനടുത്ത് ആ രാക്ഷസരൂപത്തെ സൃഷ്ടിച്ച ശാസ്ത്രപ്രതിഭ വിക്ടർ ഫ്രാങ്കൻസ്റ്റൈൻ ഭയന്നു നിൽക്കുകയാണ്. അയാൾക്കു പിന്നിൽ ഞാനും വിറച്ചുനിന്നു. വിക്ടർ, ജർമനിയിലെ ഇംഗോൾസ്റ്റാറ്റിലെ സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് കൃത്രിമമായി ജീവൻ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുകയും മൃതദേഹാവശിഷ്ടങ്ങൾ ചേരുംപടി ചേർത്ത് ഒരു ഭീകര മനുഷ്യരൂപത്തെ സൃഷ്ടിക്കുകയും അതിനുള്ളിലേക്ക് ജീവൻ കടത്തിവിടുകയും ചെയ്തു. അത്രയും അയാളിലെ പ്രതിഭ ചെയ്ത സാഹസിക നേട്ടങ്ങളായിരുന്നു.
ആ നേട്ടത്തിൽ ശാസ്ത്രലോകം വിക്ടറോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ വിക്ടർ സൃഷ്ടിച്ച ആ ഭീകരസത്വം തന്റെ ആഗ്രഹങ്ങൾക്ക് അനുസൃതമായി മനുഷ്യർ പെരുമാറണമെന്നു ശഠിച്ചതോടെ പ്രശ്നങ്ങൾ ആരംഭിക്കാൻ തുടങ്ങി. അതു നടക്കാതെ വന്നതോടെ ആ രാക്ഷസൻ ആദ്യം വിക്ടറിനു നേരേ തിരിയുന്നു. പിന്നീട് ഭാര്യയായ എലിസബത്ത് ലെവൻസിനെയും ആത്മസുഹൃത്ത് ഹെൻട്രി ക്ലെർവാലിനെയും ക്രൂരമായി കൊലപ്പെടുത്തുന്നു. പൈശാചികമായ മുഹൂർത്തങ്ങളുടെ മുന്നിൽ മാപ്പുസാക്ഷിയായ വിക്ടറെ ഉപേക്ഷിച്ചിട്ട് എനിക്കു പോകാനായില്ല. ആ രാക്ഷസനെ നേർക്കുനേർ കാണാനായി യാത്രതിരിച്ച വിക്ടറിനൊപ്പം ഞാനും കുറേദൂരം നടന്നു. പിന്നെപ്പോഴോ ഞാൻ പിൻവാങ്ങി. ജീവനിലുള്ള കൊതിയും പിന്നെ ഭയവുമായിരുന്നു ആ പിന്മാറ്റത്തിന്റെ കാരണങ്ങൾ.
എന്റെ ഭയത്തിന്റെ ഞരക്കങ്ങൾ പത്താം ക്ലാസിലെ മലയാളം പരീക്ഷാപേപ്പറിൽ ഉണ്ടാകുമെന്ന് ഞാനിപ്പോൾ ഓർത്തുപോകുന്നു. പിന്നെയും നാളുകൾ കഴിഞ്ഞാണ് ‘ഫ്രാങ്കൻസ്റ്റൈൻ’ ഒറ്റയിരിപ്പിന് വായിച്ചുതീർത്തത്. ആ വായന എന്നെ ഭയപ്പെടുത്തിയില്ല. പിന്നീട് എപ്പോഴോ ഫ്രാങ്കൻസ്റ്റൈനെ അവലംബമാക്കിയിട്ടുള്ള രണ്ടു സിനിമകൾ കണ്ടു; ‘ഫ്രാങ്കൻസ്റ്റൈൻ ഐലൻഡും’ ‘ഫ്രാങ്കൻസ്റ്റൈൻ അൺബൗണ്ടും’. രണ്ടും എന്റെ ഭയത്തെ അപ്പാടെ തുടച്ചുമാറ്റി.
കഴിഞ്ഞ ദിവസം ഒരിക്കൽകൂടി ഞാൻ ഡ്രാക്കുളയും ഫ്രാങ്കൻസ്റ്റൈനും കണ്ടു. ഭയമൊഴിഞ്ഞ മനസിൽ ഇപ്പോൾ കൗതുകം വന്നു കൂടുകൂട്ടിയിരിക്കുന്നു. പക്ഷേ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഡ്രാക്കുള’ വായിക്കുമ്പോൾ എന്തേ പ്രേതനക്ഷത്രം പിറക്കുന്ന പാതിര വന്നു വാതുക്കൽ മുട്ടുന്നു. നീചകാമത്തിന്റെ നിതാന്തനക്തഞ്ചരൻ വന്നു ഭ്രൂണം ഭക്ഷിക്കാൻ ക്ഷണിക്കുന്നു. ഞാനുറങ്ങാതിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കിന്നും അറിയില്ല.