Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadharsis

തിരനോട്ടം

കാ​​​​ല​​​​മി​​​​ത്ര ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ശാ​​​​ന്ത​​​​സ​​​​ന്ധ്യാം​​​​ബ​​​​ര​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞ പ​​​​ത്മ​​​​ദ​​​​ള​​​​ങ്ങ​​​​ൾ​​​​പോ​​​​ലെ ര​​​​ണ്ട് അ​​​​ഭ്ര​​​​കാ​​​​വ്യ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ഴും മ​​​​ന​​​​സി​​​​ൽ​​​​നി​​​​ന്ന് മാ​​​​ഞ്ഞു​​​​പോ​​​​യി​​​​ട്ടി​​​​ല്ല. പൊ​​​​തു​​​​വേ, ഇ​​​​രു​​​​ളി​​​​ൽ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ന്‍റെ ജാ​​​​ല​​​​വി​​​​ദ്യ കാ​​​​ണി​​​​ക്കു​​​​ന്ന ച​​​​ല​​​​ച്ചി​​​​ത്ര​​​​ങ്ങ​​​​ളോ​​​​ട് പ​​​​ണ്ടേ​​​​ക്കു​​​​ പ​​​​ണ്ടേ ഒ​​​​രി​​​​ഷ്‌​​​​ട​​​​മി​​​​ല്ല. എ​​​​ങ്കി​​​​ലും ചി​​​​ല​​​​ത് ക​​​​ണ്ടി​​​​രു​​​​ന്നു.

ചി​​​​ല ക്ലാ​​​​സി​​​​ക്കു​​​​ക​​​​ൾ. ചി​​​​ല തു​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ. മ​​​​ഹാ​​​​സം​​​​ഭ്ര​​​​മ​​​​ങ്ങ​​​​ൾ. വൃ​​​​ദ്ധി​​​​ക്ഷ​​​​യ​​​​ങ്ങ​​​​ൾ. അ​​​​തി​​​​ന​​​​പ്പു​​​​റ​​​​മോ ഇ​​​​പ്പു​​​​റ​​​​മോ എ​​​​ന്‍റെ അ​​​​ന്ത​​​​ർ​​​​ദാ​​​​ഹ​​​​ത്തെ ശ​​​​മി​​​​പ്പി​​​​ക്കാ​​​​നാ​​​​യി അ​​​​തി​​​​ന് ഒ​​​​ന്നും ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. ശ​​​​രാ​​​​ശ​​​​രി​​​​ക്കും ഒ​​​​രു​​​​പാ​​​​ടു താ​​​​ഴെ​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്‍റെ ച​​​​ല​​​​ച്ചി​​​​ത്രാ​​​​സ്വാ​​​​ദ​​​​ന നി​​​​ല​​​​വാ​​​​രം. പ​​​​ക്ഷേ, എ​​​​ന്‍റെ പ്ര​​​​ജ്ഞ​​​​യി​​​​ൽ പ്ര​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ഏ​​​​ഴു​​​​നി​​​​റ​​​​ങ്ങ​​​​ൾ ചാ​​​​ലി​​​​ച്ച ര​​​​ണ്ട് അ​​​​ഭ്ര​​​​കാ​​​​വ്യ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ഴും ച​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. വീ​​​​ണ്ടും വീ​​​​ണ്ടും ക​​​​ണ്ടു മു​​​​ഷി​​​​യാ​​​​ത്ത പ്ര​​​​ണ​​​​യ​​​​ദി​​​​ഗം​​​​ബ​​​​ര​​​​ങ്ങ​​​​ൾ.

ബ​​​​ഷീ​​​​ർ പ​​​​റ​​​​യും​​​​പോ​​​​ലെ, പ്ര​​​​പ​​​​ഞ്ച​​​​മേ നി​​​​ന്‍റെ അ​​​​ദ്ഭു​​​​ത​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​കാ​​​​ത്ത ഒ​​​​രു ചെ​​​​റു​​​​ജീ​​​​വി​​​​യാ​​​​ണ് ഞാ​​​​നും. എ​​​​ന്നി​​​​ട്ടും ഞാ​​​​നെ​​​​ന്തി​​​​നാ​​​​ണ് പ്ര​​​​പ​​​​ഞ്ച​​​​ത്തി​​​​ൻ മ​​​​ഹാ​​​​ന​​​​ട​​​​ന​​​​ലീ​​​​ല ക​​​​ണ്ട് അ​​​​ദ്ഭു​​​​തം​​​​കൊ​​​​ള്ളു​​​​ന്ന​​​​ത്? എ​​​​ന്നി​​​​ലെ സാ​​​​ധ​​​​ക​​​​ൻ എ​​​​ന്തി​​​​നാ​​​​ണ് അ​​​​നാ​​​​ദ്യ​​​​ന്ത ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ ചു​​​​രു​​​​ള​​​​ഴി​​​​ക്കാ​​​​ൻ ഇ​​​​റ​​​​ങ്ങി​​​​പ്പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്? ഒ​​​​ന്നി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​മെ​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളൊ​​​​ക്കെ പു​​​​റ​​​​ത്തു​​​​വ​​​​ച്ചു ഞാ​​​​ൻ ഇ​​​​രു​​​​ളി​​​​ലി​​​​രു​​​​ന്ന് ബ​​​​ഷീ​​​​റി​​​​ന്‍റെ (അ​​​​ടൂ​​​​രി​​​​ന്‍റെ​​​​യും) മ​​​​തി​​​​ലു​​​​ക​​​​ൾ കാ​​​​ണു​​​​ക​​​​യാ​​​​ണ്. അ​​​​ല്ല; ഒ​​​​രു പ്ര​​​​ണ​​​​യ​​​​വി​​​​ര​​​​ഹ​​​​ത്തി​​​​ന്‍റെ ശോ​​​​ക​​​​ഗാ​​​​നം കേ​​​​ൾ​​​​ക്കു​​​​ക​​​​യാ​​​​ണ്.

നീ​​​​ല​​​​വെ​​​​ളി​​​​ച്ചം വീ​​​​ണു​​​​കി​​​​ട​​​​ക്കു​​​​ന്ന ഏ​​​​കാ​​​​ന്ത​​​​ത​​​​യു​​​​ടെ അ​​​​പാ​​​​ര​​​​തീ​​​​രം മ​​​​തി​​​​ലു​​​​ക​​​​ളി​​​​ലി​​​​ല്ലെ​​​​ങ്കി​​​​ലും ഒ​​​​രു ശോ​​​​ക​​​​നാ​​​​ശി​​​​നി ക​​​​ന്മ​​​​തി​​​​ലു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കു​​​​ന്നു​​​​ണ്ട്. ആ ​​​​ഒ​​​​ഴു​​​​ക്കി​​​​ന് കാ​​​​ഴ്ച​​​​യു​​​​ടേ​​​​തി​​​​നേ​​​​ക്കാ​​​​ളു​​​​പ​​​​രി ഗ​​​​ന്ധ​​​​ത്തി​​​​ന്‍റെ സ്പ​​​​ർ​​​​ശംകൂ​​​​ടി​​​​യു​​​​ണ്ട്. ഒ​​​​രു പെ​​​​ണ്ണി​​​​ന്‍റെ മ​​​​ണം. ജ​​​​യി​​​​ൽ വാ​​​​ർ​​​​ഡ​​​​നൊ​​​​പ്പം പ​​​​തി​​​​നെ​​​​ട്ടാ​​​​മ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ ത​​​​ട​​​​വു​​​​കാ​​​​ര​​​​നാ​​​​യി സെ​​​​ല്ലി​​​​ലേ​​​​ക്കു​​​​ പോ​​​​കു​​​​മ്പോ​​​​ഴാ​​​​ണ് ബ​​​​ഷീ​​​​ർ ആ ​​​​മ​​​​ണം ആ​​​​ദ്യ​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ണം മാ​​​​ത്ര​​​​മ​​​​ല്ല, പെ​​​​ണ്ണി​​​​ന്‍റെ ചി​​​​രി​​​​യും ബ​​​​ഷീ​​​​റി​​​​നെ ഉ​​​​ന്മ​​​​ത്ത​​​​നാ​​​​ക്കു​​​​ന്നു. മ​​​​തി​​​​ലി​​​​ന​​​​പ്പു​​​​റ​​​​ത്തെ പെ​​​​ൺ​​​​ജ​​​​യി​​​​ൽ അ​​​​ങ്ങ​​​​നെ ബ​​​​ഷീ​​​​റി​​​​ന്‍റെ ചി​​​​ത്ത​​​​ത്തെ ഭ്ര​​​​മി​​​​പ്പി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ പെ​​​​ൺ​​​​ജ​​​​യി​​​​ലി​​​​ലെ നാ​​​​രാ​​​​യ​​​​ണി​​​​യു​​​​മാ​​​​യി ബ​​​​ഷീ​​​​ർ അ​​​​നു​​​​രാ​​​​ഗ​​​​ത്തി​​​​ലാ​​​​കു​​​​ന്നു. പി​​​​ന്നീ​​​​ടു​​​​ള്ള ബ​​​​ഷീ​​​​റി​​​​ന്‍റെ നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ അ​​​​നു​​​​രാ​​​​ഗ​​​​ത്തി​​​​ന്‍റെ ദി​​​​ന​​​​ങ്ങ​​​​ളാ​​​​കു​​​​ന്നു.

മ​​​​തി​​​​ലു​​​​ക​​​​ളി​​​​ലെ സം​​​​ഗീ​​​​തം ഒ​​​​രു ചൂ​​​​ളം​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്ന് എ​​​​നി​​​​ക്കു തോ​​​​ന്നി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ച്ച​​​​ക്ക​​​​റി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ ബ​​​​ഷീ​​​​ർ ചൂ​​​​ളം​​​​വി​​​​ളി​​​​ച്ചു ന​​​​ട​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് മ​​​​തി​​​​ലി​​​​ന​​​​പ്പു​​​​റം നി​​​​ന്ന് ഒ​​​​രു പെ​​​​ണ്ണ് വി​​​​ളി​​​​ച്ചു​​​​ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. ബ​​​​ഷീ​​​​ർ പേ​​​​രു പ​​​​റ​​​​യു​​​​ന്നു. അ​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്ന് പെ​​​​ണ്ണ് പ​​​​റ​​​​യു​​​​ന്നു, എ​​​​ന്‍റെ പേ​​​​ര് നാ​​​​രാ​​​​യ​​​​ണി. എ​​​​നി​​​​ക്ക് ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ട് വ​​​​യ​​​​സാ​​​​ണ്...​​​​ എ​​​​ന്ന്. ആ ​​​​പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട​​​​ൽ മി​​​​ണ്ടി​​​​പ്പ​​​​റ​​​​യ​​​​ലു​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്നു. മി​​​​ണ്ടി​​​​മി​​​​ണ്ടി ഇ​​​​രു​​​​വ​​​​രും അ​​​​നു​​​​രാ​​​​ഗി​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്നു. ഒ​​​​രു ദി​​​​വ​​​​സം നാ​​​​രാ​​​​യ​​​​ണി ബ​​​​ഷീ​​​​റി​​​​നോ​​​​ട് ഒ​​​​രു റോ​​​​സാ​​​​ച്ചെ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം പൂ​​​​ന്തോ​​​​ട്ട​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ന​​​​ല്ലൊ​​​​രു റോ​​​​സാ​​​​ച്ചെ​​​​ടി​​​​യെ​​​​ടു​​​​ത്ത് മ​​​​തി​​​​ലി​​​​ന​​​​പ്പു​​​​റ​​​​ത്തേ​​​​ക്ക് എ​​​​റി​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യും അ​​​​തെ​​​​ങ്ങ​​​​നെ ഭം​​​​ഗി​​​​യാ​​​​യി ന​​​​ട​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

നാ​​​​രാ​​​​യ​​​​ണി​​​​യു​​​​മാ​​​​യി അ​​​​നു​​​​രാ​​​​ഗ​​​​ത്തി​​​​ലാ​​​​യ ബ​​​​ഷീ​​​​റി​​​​ൽ ചെ​​​​റു​​​​ത​​​​ല്ലാ​​​​ത്ത മാ​​​​റ്റ​​​​ങ്ങ​​​​ൾ പ​​​​തി​​​​യെ വ​​​​ന്നു​​​​തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണ്. മ​​​​ഴ​​​​യും കാ​​​​റ്റും ഇ​​​​ടി​​​​മി​​​​ന്ന​​​​ലു​​​​മു​​​​ള്ള ഒ​​​​രു രാ​​​​ത്രി​​​​യി​​​​ൽ ജ​​​​യി​​​​ൽ ചാ​​​​ടാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു കാ​​​​ത്തി​​​​രു​​​​ന്ന ബ​​​​ഷീ​​​​റി​​​​ൽ വ​​​​രു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ൾ ബ​​​​ഷീ​​​​റി​​​​ന്‍റെ തൂ​​​​ലി​​​​ക​​​​യും മ​​​​ങ്ക​​​​ട ര​​​​വി​​​​വ​​​​ർ​​​​മ​​​​യു​​​​ടെ കാ​​​​മ​​​​റ​​​​യും ഒ​​​​രേ മ​​​​ന​​​​സോ​​​​ടെ​​​​യാ​​​​ണ് ഒ​​​​പ്പി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​വ​​​​രെ​​​​യും ബ​​​​ഷീ​​​​ർ ശ്ര​​​​ദ്ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന കി​​​​ളി​​​​ക​​​​ളു​​​​ടെ ച​​​​ല​​​​പി​​​​ല ശ​​​​ബ്ദം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സം​​​​ഗീ​​​​ത​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ഴു​​​​ക്കു​​​​ പു​​​​ര​​​​ണ്ട് ക​​​​ൽ​​​​മ​​​​തി​​​​ലി​​​​ൽ നാ​​​​രാ​​​​യ​​​​ണി​​​​യെ ഓ​​​​ർ​​​​ത്തു ബ​​​​ഷീ​​​​ർ ചും​​​​ബി​​​​ക്കു​​​​ന്നു. പ്ര​​​​ണ​​​​യ​​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യ ക​​​​മ്പെ​​​​റി​​​​ഞ്ഞു കൈ ​​​​കു​​​​ഴ​​​​ഞ്ഞെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന നാ​​​​രാ​​​​യ​​​​ണി​​​​യു​​​​ടെ കൈ​​​​ക​​​​ളെ സ​​​​ങ്ക​​​​ല്പി​​​​ച്ചു​​​​കൊ​​​​ണ്ട് മ​​​​തി​​​​ലി​​​​ൽ ബ​​​​ഷീ​​​​ർ മൃ​​​​ദു​​​​വാ​​​​യി ത​​​​ട​​​​വി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്നു. ജ​​​​യി​​​​ൽചാ​​​​ട്ട​​​​വും ജ​​​​യി​​​​ൽമോ​​​​ച​​​​ന​​​​വും നാ​​​​രാ‍യ​​​​ണി​​​​യെ ഓ​​​​ർ​​​​ത്ത് ബ​​​​ഷീ​​​​ർ എ​​​​ന്നെ​​​​ന്നേ​​​​ക്കു​​​​മാ​​​​യി വേ​​​​ണ്ടെ​​​​ന്നു വ​​​​യ്ക്കു​​​​ന്നു.

ഒ​​​​രി​​​​ക്ക​​​​ൽ ഇ​​​​രു​​​​വ​​​​രും ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യാ​​​​ൽ പ​​​​ര​​​​സ്പ​​​​രം കാ​​​​ണാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ട്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​വ​​​​ച്ച് ന​​​​മു​​​​ക്ക് കാ​​​​ണാ​​​​മെ​​​​ന്നും ത​​​​ന്‍റെ വ​​​​ല​​​​തു​​​​ക​​​​വി​​​​ളി​​​​ലെ മ​​​​റു​​​​കാ​​​​ണ് ത​​​​ന്നെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള അ​​​​ട​​​​യാ​​​​ള​​​​മെ​​​​ന്നും നാ​​​​രാ​​​​യ​​​​ണി പ​​​​റ​​​​യു​​​​ന്നു. എ​​​​ങ്കി​​​​ൽ എ​​​​ന്‍റെ കൈ​​​​വ​​​​ശം ഒ​​​​രു ചു​​​​വ​​​​ന്ന റോ​​​​സാ​​​​പ്പൂ​​​​വ് ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ബ​​​​ഷീ​​​​ർ അ​​​​ട​​​​യാ​​​​ള​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​ത്. മ​​​​തി​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ത്ര​​​​യും എ​​​​ഴു​​​​തി ഞാ​​​​ൻ പി​​​​ൻ​​​​വാ​​​​ങ്ങു​​​​ന്നു.

മ​​​​തി​​​​ലു​​​​ക​​​​ൾ ഒ​​​​രു പൂ​​​​ർ​​​​ണ​​​​വി​​​​രാ​​​​മ​​​​ത്തി​​​​ൽ വാ​​​​യി​​​​ച്ചും ക​​​​ണ്ടും തീ​​​​ർ​​​​ക്കാ​​​​വു​​​​ന്ന ഒ​​​​ന്ന​​​​ല്ല. അ​​​​തൊ​​​​രു ഒ​​​​ഴു​​​​കി​​​​പ്പ​​​​ര​​​​ക്ക​​​​ലാ​​​​ണ്. പ്ര​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ സ്മാ​​​​ര​​​​കം. നി​​​​ത്യ​​​​വി​​​​ര​​​​ഹ​​​​ത്തി​​​​ന്‍റെ സ്മാ​​​​ര​​​​കം. എ​​​​ത്ര ത​​​​വ​​​​ണ ബ​​​​ഷീ​​​​റി​​​​ന്‍റെ മ​​​​തി​​​​ലു​​​​ക​​​​ളും അ​​​​ടൂ​​​​രി​​​​ന്‍റെ മ​​​​തി​​​​ലു​​​​ക​​​​ളും വാ​​​​യി​​​​ച്ചും ക​​​​ണ്ടും തീ​​​​ർ​​​​ത്തു എ​​​​ന്ന് പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ല. അ​​​​ത് പ്ര​​​​ണ​​​​യ​​​​ത്താ​​​​ൽ വി​​​​ശ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​ന്ന​​​​മാ​​​​ണ്. അ​​​​തു പ്ര​​​​ണ​​​​യ​​​​ത്താ​​​​ൽ ദാ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള ര​​​​ക്ത​​​​മാ​​​​ണ്. അ​​​​തി​​​​ന്‍റെ വ​​​​ക്കി​​​​ൽ ചോ​​​​ര പൊ​​​​ടി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. കാ​​​​ല​​​​മേ, നി​​​​ന്നെ ഞാ​​​​ന​​​​ണി​​​​യി​​​​ക്കു​​​​ന്ന സി​​​​ന്ദൂ​​​​രം അ​​​​താ​​​​ണ്.

അ​​​​ഡോ​​​​ണി​​​​സി​​​​ന്‍റെ ഒ​​​​രു ക​​​​വി​​​​ത​​​​യു​​​​ണ്ട്. "ചി​​​​ല കു​​​​ടീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​റ​​​​ങ്ങു​​​​ന്ന​​​​ത് ഒ​​​​രാ​​​​ള​​​​ല്ല; ര​​​​ണ്ടു​​​​പേ​​​​രു​​​​ണ്ടാ​​​​കും. അ​​​​ത്യ​​​​ഗാ​​​​ധ​​​​മാ​​​​യി പ്ര​​​​ണ​​​​യി​​​​ച്ചി​​​​രു​​​​ന്ന ര​​​​ണ്ടു​​​​പേ​​​​ർ’ എ​​​​ന്നാ​​​​ണാ ക​​​​വി​​​​ത. ന​​​​ല്ല കോ​​​​ട​​​​മ​​​​ഞ്ഞു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രാ​​​​ത്രി​​​​യി​​​​ലാ​​​​ണ് ക​​​​വി​​​​ത വാ​​​​യി​​​​ച്ച​​​​തും ബ്രി​​​​ട്ടീ​​​​ഷ് ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​ൻ മൈ​​​​ക് ന്യൂ​​​​വ​​​​ൽ​​​​സി​​​​ന്‍റെ "കോ​​​​ള​​​​റാ കാ​​​​ല​​​​ത്തെ പ്ര​​​​ണ​​​​യം' ക​​​​ണ്ട​​​​തും. മാ​​​​ർ​​​​ക്വി​​​​സി​​​​നെ പ​​​​ല​​​​ത​​​​വ​​​​ണ വാ​​​​യി​​​​ച്ചു​​​​ഴു​​​​തി​​​​ട്ട മ​​​​ന​​​​സു​​​​മാ​​​​യാ​​​​ണ് ഞാ​​​​ന​​​​ത് കാ​​​​ണാ​​​​നി​​​​രു​​​​ന്ന​​​​ത്. എ​​​​നി​​​​ക്ക​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ലെ നാ​​​​യ​​​​ക​​​​ൻ ഫ്ലോ​​​​റെ​​​​ന്‍റി​​​​നൊ അ​​​​രി​​​​സ ഞാ​​​​ൻത​​​​ന്നെ​​​​യാ​​​​ണെ​​​​ന്ന്. അ​​​​ത് മാ​​​​ർ​​​​ക്വി​​​​സി​​​​നെ വാ​​​​യി​​​​ച്ച കാ​​​​ല​​​​ത്തേ തോ​​​​ന്നി​​​​യ​​​​താ​​​​ണ്. എ​​​​ന്‍റെ യൗ​​​​വ​​​​ന​​​​വും വാ​​​​ർ​​​​ധ​​​​ക്യ​​​​വും ഇ​​​​തി​​​​ൽ പ​​​​ക​​​​ർ​​​​ന്നാ​​​​ടു​​​​ന്നു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് എ​​​​നി​​​​ക്ക​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ക്ഷേ, ഈ ​​​​ര​​​​ണ്ടു കാ​​​​ല​​​​ത്തെ​​​​യും പ്ര​​​​ണ​​​​യ​​​​ത്തി​​​​ന് ഒ​​​​ര​​​​ല്പം മാ​​​​റ്റം​​​​പോ​​​​ലും ഉ​​​​ണ്ടാ​​​​വു​​​​ക​​​​യു​​​​മി​​​​ല്ല. അ​​​​ത​​​​ല്പം ഏ​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​കും. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് യൗ​​​​വ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ണ​​​​യി​​​​ച്ചു സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ​​​​പോ​​​​യ ഫെ​​​​ർ​​​​മി​​​​ന ഡാ​​​​സ​​​​യെ ഒ​​​​രു മ​​​​നു​​​​ഷ്യ​​​​ൻ അ​​​​മ്പ​​​​ത്തി​​​​യൊ​​​​ന്ന് വ​​​​ർ​​​​ഷ​​​​വും ഒ​​​​ൻ​​​​പ​​​​തു മാ​​​​സ​​​​വും നാ​​​​ലു ദി​​​​വ​​​​സ​​​​വും കാ​​​​ത്തി​​​​രു​​​​ന്ന​​​​ത്.

ഒ​​​​രി​​​​റ്റു പ്ര​​​​ണ​​​​യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ഇ​​​​ത്ര ദി​​​​ന​​​​ദീ​​​​ർ​​​​ഘ​​​​മാം കാ​​​​ത്തി​​​​രി​​​​പ്പ് ഭൂ​​​​മി​​​​യി​​​​ൽ ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്നു സം​​​​ശ​​​​യ​​​​മാ​​​​ണ്. ഇ​​​​ല്ല, ഇ​​​​ല്ല എ​​​​ന്നു​​​​ത​​​​ന്നെ ഉ​​​​റ​​​​ക്കെപ്പ​​​​റ​​​​യാം. ഒ​​​​ടു​​​​വി​​​​ൽ ഭ​​​​ർ​​​​ത്താ​​​​വ് ഡോ. ​​​​ഉ​​​​ർ​​​​ബി​​​​നൊ​​​​യെ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഫെ​​​​ർ​​​​മി​​​​ന​​​​യെ തേ​​​​ടി ഫ്ലോ​​​​റെ​​​​ന്‍റി​​​​നൊ അ​​​​രി​​​​സ അ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ൽ ചെ​​​​ല്ലു​​​​ന്നു. ഇ​​​​ത്ര​​​​യും കാ​​​​ലം ഉ​​​​ള്ളി​​​​ൽ പ​​​​വി​​​​ത്ര​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ഗ്ര​​​​ഹം ഫെ​​​​ർ​​​​മി​​​​ന​​​​യോ​​​​ട് അ​​​​യാ​​​​ൾ പ​​​​റ​​​​യു​​​​ന്നു. അ​​​​വ​​​​ർ അ​​​​യാ​​​​ളെ ശ​​​​കാ​​​​രി​​​​ച്ച് വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കു​​​​ന്നു. അ​​​​യാ​​​​ൾ പോ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​യ​​​​ച്ച ക​​​​ത്തു​​​​ക​​​​ളും ഫോ​​​​ട്ടോ​​​​യും അ​​​​വ​​​​ർ എ​​​​ടു​​​​ത്തു​​​​നോ​​​​ക്കു​​​​ന്നു. ഒ​​​​ടു​​​​വി​​​​ലൊ​​​​ടു​​​​വി​​​​ലെ​​​​ത്തു​​​​മ്പോ​​​​ൾ മ​​​​ക്ക​​​​ളെ​​​​യും കൊ​​​​ച്ചു​​​​മ​​​​ക്ക​​​​ളെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളെ​​​​യും ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഫെ​​​​ർ​​​​മി​​​​ന ഡാ​​​​സ ഫ്ലോ​​​​റ​​​​ന്‍റി​​​​നൊ അ​​​​രി​​​​സ​​​​യ്ക്കൊ​​​​പ്പം വീ​​​​ടു​​​​വി​​​​ട്ടി​​​​റ​​​​ങ്ങു​​​​ന്നു. അ​​​​വ​​​​ർ മ​​​​ന​​​​സും ശ​​​​രീ​​​​ര​​​​വും പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു.

ആ​​​​രും ത​​​​ങ്ങ​​​​ളെ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര​​​​ക്ക​​​​പ്പ​​​​ലി​​​​ൽ കോ​​​​ള​​​​റ​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​റ്റു​​​​ള്ള​​​​വ​​​​രെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ഞ്ഞ പ​​​​താ​​​​ക​​​​യു​​​​യ​​​​ർ​​​​ത്താ​​​​ൻ അ​​​​യാ​​​​ൾ ക്യാ​​​​പ്റ്റ​​​​നോ​​​​ടു പ​​​​റ​​​​യു​​​​ന്നു. ഇ​​​​നി​​​​യെ​​​​ത്ര കാ​​​​ലം ആ​​​​യു​​​​സി​​​​ൽ ബാ​​​​ക്കി​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​വ​​​​ർ ഓ​​​​ർ​​​​ക്കു​​​​ന്നേ​​​​യി​​​​ല്ല. അ​​​​വ​​​​ർ പ്ര​​​​ണ​​​​യി​​​​ച്ചു പ്ര​​​​ണ​​​​യി​​​​ച്ചു സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ ഒ​​​​ഴു​​​​കി​​​​ന​​​​ട​​​​ക്കു​​​​ന്ന ദ്വീ​​​​പു​​​​പോ​​​​ലെ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. എ​​​​ത്ര അ​​​​ഭി​​​​ജാ​​​​ത സു​​​​ന്ദ​​​​ര​​​​മാ​​​​യ കാ​​​​ഴ്ച​​​​യാ​​​​ണ​​​​ത്. ഞാ​​​​ൻ വീ​​​​ണ്ടു​​​​മ​​​​ത് ക​​​​ണ്ടു​​​​തു​​​​ട​​​​ങ്ങു​​​​ന്നു.

Leader Page

രാത്രി

രാ​ത്രി​ക​ളോ​ട് എ​നി​ക്ക​ക​മേ ഒ​രി​ഷ്‌​ട​മു​ണ്ട്. ഭൗ​മ​ത​മ​സ് ത​പ​സി​ലാ​ഴു​ന്ന നേ​ര​മ​ത്ര​യും പു​ണ്യ​ശ്ലോ​ക​ങ്ങ​ള്‍ ചൊ​ല്ലി​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. ഇ​രു​ളാ​യാ​ൽ അ​മ്മൂ​മ്മ പ​റ​യും “ശ്ലോ​കം ചൊ​ല്ലൂ” എ​ന്ന്. പേ​ടി മാ​റാ​നാ​ണ്. ഒ​ന്നു കു​ളി​ച്ചു​വ​ന്ന് ന​ടു​ക്ക​ള​ത്തി​ലി​രു​ന്നു ചൊ​ല്ലി​ത്തു​ട​ങ്ങും. അ​ങ്ങ​നെ ചൊ​ല്ലി​പ്പ​ഠി​ച്ച അ​സം​ഖ്യം ശ്ലോ​ക​രു​ചി​ക​ള്‍ നാ​വി​ലി​പ്പോ​ഴു​മു​ണ്ട്. “രാ​വി​പ്പോ​ള്‍ ക്ഷ​ണ​മ​ങ്ങൊ​ടു​ങ്ങി​ടും ഉ​ഷ​സെ​ങ്ങും പ്ര​കാ​ശി​ച്ചി​ടും” എ​ന്ന ശ്ലോ​ക​മാ​ണ് ആ​ദ്യം മ​നഃ​പാ​ഠ​മാ​ക്കി​യ​ത്. അ​ത് ശ​ബ്ദം​കൊ​ണ്ട് ഇ​രു​ളി​നെ നീ​ക്കാ​നു​ള്ള ജാ​ല​വി​ദ്യ​യാ​ണെ​ന്നു ​മാ​ത്ര​മേ അ​ന്ന് അ​റി​വു​ള്ളൂ. അ​തി​നാ​ല്‍ ആ​വു​ന്ന​ത്ര ഉ​ച്ച​ത്തി​ല്‍ ശ്ലോ​കം ചൊ​ല്ലും. ചൊ​ല്ലി​ക്ക​ഴി​ഞ്ഞ് ഇ​രു​ളി​ലേ​ക്ക് ക​ണ്ണു​മി​ഴി​ച്ചു​നോ​ക്കും. ദൂ​രെ എ​ങ്ങു​നി​ന്നെ​ങ്കി​ലും ഒ​രു ത​രി​വെ​ട്ടം വ​രു​ന്നു​ണ്ടോ​യെ​ന്ന്.

പ​ക്ഷേ വ​രി​ല്ല. പി​ന്നെ​യും നേ​ര​മെ​ത്ര ക​ഴി​ഞ്ഞാ​ണ് ഒ​രെ​ട്ടു​നാ​ഴി​ക​പ്പൊ​ട്ട​ന്‍ മേ​ഘ​മാ​ര്‍​ഗേ ഒ​രു ചെ​മ്പ​ക​പ്പൂ​മൊ​ട്ടു​പോ​ലെ തെ​ളി​യു​ന്ന​ത്. അ​തു പു​ല​രി​യ​ല്ല. പു​ല​രി​യെ​ത്തും മു​മ്പു​ള്ള ഒ​രു തി​ര​നോ​ട്ട​മാ​ണ്. എ​ന്നെ​ക്കാ​ള്‍ ശ​ക്ത​നാ​യ​വ​ന്‍ എ​ന്‍റെ പി​ന്നാ​ലെ വ​രു​ന്നു​ണ്ടെ​ന്ന വി​ളം​ബ​രം.​ആ​ശാ​ന്‍റെ ‘ലീ​ല’​യി​ല്‍ പ​റ​യും​പോ​ലെ “സ്ഫു​രി​ത ത​നു​പ്ര​ഭം.”

അ​നു​ഭ​വി​ച്ച​തി​ലേ​റ്റം സു​ന്ദ​ര​മാ​യ കാ​ഴ്ച പ​ക​ലി​ന്‍റെ​യോ രാ​ത്രി​യു​ടെ​യോ അ​ല്ല; സ​ന്ധ്യ​യു​ടേ​താ​ണ്. പൂ​മ​ല പൂ​ക്കും പോ​ലെ​യാ​ണ​ത്. കൊ​ല്ല​ന്‍റെ ഉ​ല​യി​ൽനി​ന്നാ​ളി​യ​ തീ പോ​ലെ. പ​ക​ലി​ന്‍റെ ഇ​ളം​നാ​മ്പു​ക​ളി​ൽ ഒ​രു കൊ​റ്റ​നാ​ടി​നെപ്പോ​ലെ അ​ഗ്നി മേ​യു​ന്ന​തു ക​ണ്ടി​രി​ക്കാ​ൻ ര​സ​മാ​ണ്. ഒ​രു​ത​രം സാ​ര​ള്യം അ​തി​നു​ണ്ട്. പ്ര​ഭാ​മ​ണ്ഡ​ല​ത്തെ പ​തി​യെപ്പ​തി​യെ ഇ​രു​ള്‍​ശാ​ഖി​ക​ളൊ​ന്നൊ​ന്നാ​യ് വ​ന്ന് കെ​ട്ടി​പ്പി​ടി​ക്കും. അ​തു ക​ണ്ടു​നി​ല്‍​ക്കാ​ന്‍ എ​നി​ക്കേ​റെ ഇ​ഷ്‌​ട​മാ​യി​രു​ന്നു. അ​തു കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ഒ​രു കൊ​തി​യാ​യി​രു​ന്നു. സ​ന്ധ്യ ക​ന​ത്തു​തു​ട​ങ്ങു​മ്പോ​ള്‍ പ​ടി​ഞ്ഞാ​ട്ടെ വ​യ​ല്‍​ക്ക​ര​യി​ലേ​ക്കു പാ​യും. അ​വി​ടെ​യാ​ണ് രാ​വും പ​ക​ലും ഇ​ണ​ചേ​രു​ന്നി​ടം. പു​ന​ര്‍​ജ​ന്മ​മി​ല്ലാ​ത്ത വി​സ്മ​യ​ത്തി​ന്‍ സൗ​വ​ര്‍​ണ​ലീ​ല അ​വി​ടെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. കേ​ളീ​പ​ത്മ​ങ്ങ​ള്‍ ച​ക്ര​വാ​ളം വ​ര​ച്ചു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ഇ​രു​ളാ​യി. മു​ഗ്ധ​ശാ​ന്ത​യാം രാ​വ് വ​രി​ക​യാ​യ്.

ആ ​വ​ര​വ് കാ​ടു​ക​ളി​ല്‍ നൃ​ത്തം ക​ഴി​ഞ്ഞു​ള്ള വ​ര​വാ​ണെ​ന്നു തോ​ന്നും. ആ ​ഘ​ന​നി​ബി​ഡ​ത അ​ത്ര​യ്ക്കു​ണ്ട്. പൊ​ള്ളി​യ​ട​ര്‍​ന്ന പ​ക​ല്‍ അ​പ്പോ​ള്‍ ഒ​രോ​ര്‍​മ മാ​ത്ര​മാ​കും. അ​ല്പം​മു​മ്പ് ന​ഭ​സി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ തേ​ജോ​ഗോ​ളം ഒ​രോ​ര്‍​മ​യാ​കും. രാ​വ് ഒ​രു കൂ​റ്റ​ന്‍ ക​രി​മ്പ​ന​യാ​യി മാ​റും. ആ​കാ​ശം​മു​ട്ടെ​യാ​കും അ​തി​ന്‍റെ മേ​ലാ​പ്പ്. ഇ​ല​പ്പ​ട​ര്‍​പ്പു​ക​ളി​ല്‍​നി​ന്ന് ത​മോ​മൂ​ര്‍​ത്തി​ക​ളു​ടെ പി​റു​പി​റു​പ്പു കേ​ള്‍​ക്കാം. അ​മാ​നു​ഷി​ക​ര്‍. അ​വ​ര്‍ യ​ക്ഷി​ക​ളാ​ണെ​ന്ന് പ​ഴ​മ​ക്കാ​ര്‍ പ​റ​ഞ്ഞു​റ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തു​ള്ളി​ല്‍​ കി​ട​ന്ന് കി​ലു​കി​ലെ ത​കി​ലു​ കൊ​ട്ടും. അ​ത്യ​ദ്ഭു​ത ഭാ​വ​ന​യാ​യ് പി​ന്നെ മ​ന​സ് നി​റ​യെ. അ​പ്പോ​ള്‍ രാ​വി​ന്‍റെ നി​ശ​ബ്ദ​യാ​മ​ങ്ങ​ളെ ഒ​റ്റ​യ്ക്കു തു​ഴ​ഞ്ഞു​തീ​ര്‍​ക്കാ​നാ​കി​ല്ല. ഭ​യം രാ​വി​ന്‍റെ മ​റ​നീ​ക്കി പു​റ​ത്തു​വ​രും. ന​ല്ല മ​ഴ​ക്കാ​ല​മാ​ണെ​ങ്കി​ല്‍ ഭ​യം ഇ​ര​ട്ടി​ക്കും. മ​ഴ​യ്‌​ക്കൊ​പ്പം ഇ​ര​ട്ട​വാ​ലു​ള്ള മി​ന്ന​ലി​ന്‍ വാ​ള്‍​പ്പ​യ​റ്റു​ണ്ടെ​ങ്കി​ല്‍ പ​റ​യു​ക​യും​ വേ​ണ്ട. ഒ​രു പ​ത്തു​പ​തി​മൂ​ന്നു വ​യ​സു​വ​രെ രാ​ത്രി എ​ന്‍റെ ജീ​വി​ത​പു​സ്ത​ക​ത്തി​ലെ ഇ​രു​ണ്ട അ​ധ്യാ​യ​ങ്ങ​ളാ​യി​രു​ന്നു.

രാ​ത്രി​യി​ലാ​ണേ​റ്റ​വും സ​ങ്ക​ടം വ​ന്ന് ഉ​ള്ളി​ല്‍ നി​റ​യാ​റു​ള്ള​തെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. സ​ങ്ക​ട​രാ​വു​ക​ളെ മ​റി​ക​ട​ക്കാ​നാ​ണ് ഞാ​ന്‍ വാ​യ​ന​യി​ലേ​ക്കു തു​ഴ​ഞ്ഞ​ത്. പ​ക​ല്‍ വി​ത​യ്ക്കു​ക​യും രാ​ത്രി കൊ​യ്യു​ക​യും ചെ​യ്യു​ന്ന ശീ​ലം എ​നി​ക്ക​ങ്ങ​നെ കി​ട്ടി​യ​താ​ണ്.

വെ​ളു​ക്കു​വോ​ള​മി​രു​ന്ന് വാ​യി​ക്കും. അ​പ്പോ​ള്‍ ത​നി​ച്ച​ല്ല എ​ന്നു​ തോ​ന്നും. വാ​യി​ക്കു​ന്ന പു​സ്ത​ക​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ന്നോ​ടൊ​പ്പം രാ​ത്രി തു​ഴ​യാ​നെ​ത്തും. അ​വ​രോ​ടു മി​ണ്ടി​പ്പ​റ​ഞ്ഞും ക​ല​ഹി​ച്ചും സ​ഹ​ത​പി​ച്ചും സ്‌​നേ​ഹി​ച്ചും പു​തു​മ​ഴ വീ​ണ വ​ഴി​ക​ളി​ലൂ​ടെ​ന്ന​പോ​ലെ ന​ട​ക്കും. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കൊ​ടും​വേ​ന​ലി​ല്‍​നി​ന്നാ​കും വ​രി​ക. ചി​ല​ര്‍ പ്ര​വാ​ച​ക​ന്‍​മാ​രെ​പ്പോ​ലെ പെ​രു​മാ​റും. ചി​ല​രാ​ക​ട്ടെ ന​മ്മു​ടെ വി​ര​ലു​ക​ളി​ല്‍ വി​ര​ലു​ക​ള്‍ കോ​ര്‍​ത്തു​പി​ടി​ക്കും.

ചി​ല​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു മു​ന്നേ ന​ട​ക്കും. ഇ​വ​രി​ല്‍ ഒ​രു കൂ​ട്ട​രു​ണ്ട്. ന​ല്ല അ​നു​സ​ര​ണ​ക്കേ​ടു​ള്ള​വ​ര്‍. അ​വ​ർ ക്ഷോ​ഭ​സ​മു​ദ്ര​ത്തി​ലേ​ക്ക് തോ​ണി​യി​റ​ക്കും. അ​വ​ർ കു​രി​ശി​ലേ​ക്ക് പ്രാ​ണ​ൻ ത​ള​ച്ചി​ടും. നാം ​നോ​ക്കിനി​ൽ​ക്കേ അ​വ​ർ വി​ഷ​ക്കോ​പ്പ ഉ​ള്ളി​ലേ​ക്ക് ക​മ​ഴ്ത്തും. അ​വ​രു​ടെ മ​ര​ണം അ​വ​ർ തീ​രു​മാ​നി​ക്കും. എ​നി​ക്ക​വ​രോ​ടാ​യി​രു​ന്നു ഏ​റെ​യി​ഷ്‌​ടം.​ അ​വ​ര്‍​ക്ക് ഒ​ന്നി​നോ​ടും ഭ​യ​മി​ല്ല.​വ​രു​ന്നി​ട​ത്തു​വ​ച്ചു കാ​ണാം എ​ന്ന മ​ട്ട്. അ​വ​രി​ലൊ​രാ​ളെ​ന്‍റെ ദു​ശ്ശ​കു​ന​മാ​യി ഇ​പ്പോ​ഴു​മു​ണ്ട്.

ഒ​രു രാ​ത്രി​വാ​യ​ന​യി​ല്‍ ക​യ​റി​വ​ന്ന ആ ​ക​ഥാ​പാ​ത്രം ഇ​ന്നും ഉ​ള്ളി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​ട്ടി​ല്ല. ഛത്ര​ചാ​മ​ര​ങ്ങ​ള​ണി​ഞ്ഞ ഒ​രു രാ​ജാ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ക്ഷേ, ഛേദി​ക്ക​പ്പെ​ട്ട ഒ​രാ​യു​സാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ക​ട​ങ്ക​ഥ​ക​ളു​ടെ​യും ദൈ​വ​കോ​പ​ത്തി​ന്‍റെ​യും നാ​ടാ​യ തീ​ബ്‌​സി​ല്‍​നി​ന്നാ​ണ് ആ ​രാ​ജാ​വ് എ​ന്‍റെ മ​ന​സി​ലേ​ക്ക് ക​യ​റി​വ​ന്ന​ത്, ഈ​ഡി​പ്പ​സ്. സോ​ഫോ​ക്ലി​സി​ന്‍റെ ‘ഈ​ഡി​പ്പ​സ് ദ ​കിം​ഗ്’ വാ​യി​ച്ച് എ​നി​ക്കു ന​ഷ്‌​ട​പ്പെ​ട്ട​ത് നി​ലാ​വെ​ളി​ച്ചം നി​റ​ഞ്ഞ ഒ​രു രാ​ത്രി​യാ​ണ്. ഈ ​പു​സ്ത​കം എ​നി​ക്കു വ​ച്ചു​നീ​ട്ടി​യ രാ​ത്രി എ​ന്നെ ശ​രി​ക്കും ച​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ള്ളി​ല്‍ പൊ​ള്ളി​ക്കി​ത​യ്ക്കു​ന്ന പാ​തി​വെ​ന്ത മ​ണം ആ ​പു​സ്ത​കം ത​ന്ന ഒ​രോ​ര്‍​മ​യാ​ണ്. ആ ​സം​ക്ര​മ​പു​രു​ഷ​ന്‍ ഒ​രു തീ​പ്പ​ന്ത​മാ​യി​ നി​ന്നെ​രി​യു​ന്ന​ത് എ​ല്ലാ രാ​ത്രി​ക​ളി​ലും ഞാ​ന്‍ കാ​ണാ​റു​ണ്ട്.

Leader Page

നിർഭയം

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ണ്ടി​ട​ങ്ങ​ൾ മ​ന​സി​ൽ പ​ണ്ടേ കു​റി​ച്ചി​ട്ടി​ട്ടു​ണ്ട്. ആ​ദ്യ​ത്തേ​ത് ട്രാ​ൻ​സി​ൽ​വാ​നി​യ​യി​ലെ കാ​ർ​പാ​ത്യ​ൻ മ​ല​നി​ര​ക​ളി​ൽ ഇ​രു​പ​ത്തി​ര​ണ്ടോ​ളം ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന എ​ഴു​പ​തി​ല​ധി​കം മു​റി​ക​ളു​ള്ള ഒ​രു കോ​ട്ട​യാ​ണ്. ആ ​കോ​ട്ട ഒ​റ്റ​യ്ക്ക് ന​ട​ന്നുകാ​ണാ​നു​ള്ള മ​നോ​ധൈ​ര്യം എ​നി​ക്കി​ന്നു​മി​ല്ല. ന​ര​ക​ത്തി​ലെ ക്ഷു​ദ്ര​പ്ര​വാ​ച​ക​നും ര​ക്ത​ദാ​ഹ​ത്തി​ന്‍റെ നി​ത്യ​പ്ര​ഭു​വു​മാ​യ ഒ​രാ​ളു​ടെ പാ​ർ​പ്പ് അ​തി​നു​ള്ളി​ലാ​ണ്. അ​യാ​ൾ വൃ​ദ്ധ​നും കു​ലീ​ന​നു​മാ​ണ്.

പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യാ​ൽ പൗ​രു​ഷം ചോ​ർ​ന്നു​പോ​കു​ന്ന​തി​നാ​ൽ രാ​ത്രി​യാ​കും​വ​രെ അ​യാ​ൾ ശ​വ​പ്പെ​ട്ടി​ക്കു​ള്ളി​ൽ മ​യ​ങ്ങു​ന്നു. ആ ​മ​യ​ക്കം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ണ​രാ​വു​ന്ന ഒ​ന്നാ​ണ്. അ​തി​നാ​ൽ പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ​ മാ​ത്രം സ​ന്ദ​ർ​ശി​ക്കേ​ണ്ട ഒ​രി​ട​മാ​ണ് ആ ​കോ​ട്ട. ജോ​നാ​ഥ​ൻ ഹാ​ർ​ക്ക​ർ എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ ​കോ​ട്ട​യ്ക്കു​ള്ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ആ ​ര​ക്ഷ​പ്പെ​ട​ൽ ആ​യു​സി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ​ക്കു​ മാ​ത്രം കി​ട്ടി​യ ആ​നു​കൂ​ല്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് എ​ഴു​ത്തു​കാ​ര​നാ​യ ബ്രാം​ സ്റ്റോ​ക്ക​ർ ആ​യി​രു​ന്നു എ​ന്ന് മു​തി​ർ​ന്ന​ശേ​ഷ​മാ​ണ് എ​നി​ക്കു തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. അ​ത് വൈ​കി ല​ഭി​ച്ച വി​വേ​ക​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഭ​യ​ത്തി​ന്‍റെ ത​മോ​മൂ​ർ​ത്തി​യാ​യ ആ ​പ്ര​ഭു​വി​ന്‍റെ വാ​സ​സ്ഥാ​ന​മാ​ണെ​ങ്കി​ലും അ​തൊ​ന്ന് ക​ണ്ടു​വ​രാ​ൻ ഇ​പ്പോ​ഴും ഉ​ള്ളി​ൽ ഒ​രു പൂ​തി​യു​ണ്ട്.

ര​ണ്ടാ​മ​ത്തെ ഇ​ടം ല​ണ്ട​നി​ലെ ബേ​ക്ക​ർ സ്ട്രീ​റ്റി​ലെ ഒ​രു പ​ഴ​യ കെ​ട്ടി​ട​മാ​ണ്. ആ ​കെ​ട്ടി​ട​ത്തി​ന്‍റെ വി​ലാ​സം കൈ​യി​ൽ ചു​രു​ട്ടി​പ്പി​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. 221 ബി, ​ബേ​ക്ക​ർ സ്ട്രീ​റ്റ്, ല​ണ്ട​ൻ എ​ന്നാ​ണ് ആ ​വി​ലാ​സം. ശ​രി​ക്കു പ​റ​ഞ്ഞാ​ൽ ബേ​ക്ക​ർ സ്ട്രീ​റ്റ് റെ​യി​ൽ​വേ ​സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​വി​ടേ​ക്ക് ന​ട​ന്നെ​ത്താ​വു​ന്ന ദൂ​രം മാ​ത്രം. മ​ര​ണ​മി​ല്ലാ​ത്ത ഒ​രു കു​റ്റാ​ന്വേ​ഷ​ക​ന്‍റെ ഓ​ഫീ​സ് മു​റി​യാ​ണ് ഞാ​ൻ കാ​ണാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​വി​ടെ ഹോം​സും സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ ഡോ​ക്‌​ട​ർ ജോ​ൺ വാ​ട്സ​നും വീ​ട്ടു​ട​മ​യാ​യ മി​സി​സ് ഹ​ഡ്സ​നും ഉ​ണ്ടാ​കും. ചി​ല​പ്പോ​ൾ ഹോം​സ് മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ചി​ല​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നാ​വി​ല്ല. അ​ന്വേ​ഷി​ച്ചാ​ൽ മ​റു​പ​ടി ഉ​ട​ൻ ല​ഭി​ക്കും. “ഷെ​ർ​ല​ക് ഹോം​സ് കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു പോ​യി​രി​ക്കു​ക​യാ​ണ്. എ​പ്പോ​ൾ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. വ​രു​മ്പോ​ൾ നി​ങ്ങ​ൾ തി​ര​ക്കി​വ​ന്ന വി​വ​രം അ​റി​യി​ക്കാം. ഈ​യി​ടെ അ​ദ്ദേ​ഹം പു​തി​യ കേ​സു​ക​ൾ ഒ​ന്നും എ​ടു​ക്കാ​റി​ല്ല. പി​ന്നെ​ല്ലാം നി​ങ്ങ​ളു​ടെ ഭാ​ഗ്യം​പോ​ലെ​യി​രി​ക്കും” ഇ​ങ്ങ​നെ കൃ​ത്യ​മാ​യി മ​റു​പ​ടി ത​രു​ന്ന ഒ​രു ഓ​ഫീ​സ് ലോ​ക​ത്ത് എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്.

ഹോം​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​ വ​രു​ന്ന ക​ത്തു​ക​ളും ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളും എ​ണ്ണി​ത്തീ​ർ​ക്കാ​നാ​വി​ല്ല. എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ൾ​ക്കും ഓ​ഫീ​സി​ൽ​നി​ന്ന് കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കും.​ അ​ത് വി​ശ്വാ​സ​ത്തി​ന്‍റെ വി​ശു​ദ്ധ​മാ​യ ഒ​രു ഉ​ട​മ്പ​ടികൂ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ റീ​ഷെ​ൻ​ബാ​ക്ക് വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലെ പാ​റ​ക്കെ​ട്ടി​ൽ​വ​ച്ച് ഷെ​ർ​ല​ക് ഹോം​സും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ത്രു​വാ​യ പ്ര​ഫ​സ​ർ മോ​റി​യാ​ർ​ട്ടി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യെ​ന്നും ഇ​രു​വ​രും പാ​റ​ക്കെ​ട്ടി​ൽനി​ന്നു താ​ഴേ​ക്കുവീ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും അ​ഡ്വ​ഞ്ച​ർ ഓ​ഫ് ദി ​ഫൈ​ന​ൽ പ്രോ​ബ്ലം ( The Adventure of the Final Problem) എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ ഡോ​യ​ൽ ലോ​ക​ത്തെ അ​റി​യി​ച്ചു. ഇ​തു വാ​യി​ച്ച വാ​യ​ന​ക്കാ​ർ ക്ഷു​ഭി​ത​രാ​യി. അ​വ​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് ബേ​ക്ക​ർ​ സ്ട്രീ​റ്റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. ഡോ​യ​ലി​ന്‍റെ അ​മ്മ​പോ​ലും അ​ദ്ദേ​ഹ​ത്തെ ശ​കാ​രി​ച്ചു.​ ധാ​രാ​ളം അ​ധി​ക്ഷേ​പ​വാ​ക്കു​ക​ൾ ഡോ​യ​ലി​ന് കേ​ൾ​ക്കേ​ണ്ടി​വ​ന്നു. ഒ​ടു​വി​ൽ വാ​യ​ന​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഡോ​യ​ലി​ന് ഹോം​സി​നെ പു​ന​ർ​ജീ​വി​പ്പി​ക്കേ​ണ്ടി​വ​ന്നു. പ​ക​രം വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​ൻ മോ​റി​യാ​ർ​ട്ടി​യെ മാ​ത്രം അ​പാ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ങ്ങ​നെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ഹോം​സ് മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം ല​ണ്ട​നി​ൽ മ​ട​ങ്ങി​യെ​ത്തി.​ വ​ന്ന​യു​ട​നെ അ​ഡ്വ​ഞ്ച​ർ ഓ​ഫ് എം​പ്റ്റി ഹൗ​സ് (The Adventure of the Empty House) എ​ന്ന കൃ​തി​യി​ലൂ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലു​ക​ളും പ്രേ​ത​ക​ഥ​ക​ളും വാ​യി​ച്ചു ഹ​രം​പി​ടി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ഒ​രു സു​ഹൃ​ത്ത് ‘ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ’ എ​ന്നൊ​രു പു​സ്ത​കം വാ​യി​ക്കാ​ൻ ത​രു​ന്ന​ത്. അ​ത് വാ​യി​ക്കാ​നെ​ടു​ത്ത ദി​വ​സം ന​ല്ല ഓ​ർ​മ​യു​ണ്ട്. ഒ​രു മാ​ർ​ച്ച് മാ​സം. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്ക് ര​ണ്ടു ദി​വ​സം ഉ​ള്ള​പ്പോ​ൾ. പ​രീ​ക്ഷാപ്പേ​ടി മാ​റ്റാ​നാ​ണ് ഞാ​ൻ അ​തു വാ​യി​ച്ചു​തു​ട​ങ്ങി​യ​ത്. അ​തൊ​രു പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു.​ പ​ക്ഷേ, എ​ന്‍റെ പേ​ടി ഇ​ര​ട്ടി​ച്ചു. എ​ന്‍റെ മു​ന്നി​ൽ ആ​ജാ​നു​ബാ​ഹു​വാ​യ ഒ​രു ഭീ​ക​ര​സ​ത്വം ആ​കാ​ശ​ത്തോ​ളം പൊ​ക്ക​ത്തി​ൽ നി​ൽ​ക്കു​ക​യാ​ണ്. അ​തി​ന​ടു​ത്ത് ആ ​രാ​ക്ഷ​സ​രൂ​പ​ത്തെ സൃ​ഷ്‌​ടി​ച്ച ശാ​സ്ത്ര​പ്ര​തി​ഭ വി​ക്‌​ട​ർ ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ ഭ​യ​ന്നു നി​ൽ​ക്കു​ക​യാ​ണ്. അ​യാ​ൾ​ക്കു പി​ന്നി​ൽ ഞാ​നും വി​റ​ച്ചു​നി​ന്നു. വി​ക്ട​ർ, ജ​ർ​മ​നി​യി​ലെ ഇം​ഗോ​ൾ​സ്റ്റാ​റ്റി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് കൃ​ത്രി​മ​മാ​യി ജീ​വ​ൻ സൃ​ഷ്‌​ടി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും മൃ​ത​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ൾ ചേ​രും​പ​ടി ചേ​ർ​ത്ത് ഒ​രു ഭീ​ക​ര മ​നു​ഷ്യ​രൂ​പ​ത്തെ സൃ​ഷ്‌​ടി​ക്കു​ക​യും അ​തി​നു​ള്ളി​ലേ​ക്ക് ജീ​വ​ൻ ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു. അ​ത്ര​യും അ​യാ​ളി​ലെ പ്ര​തി​ഭ ചെ​യ്ത സാ​ഹ​സി​ക നേ​ട്ട​ങ്ങ​ളാ​യി​രു​ന്നു.

ആ ​നേ​ട്ട​ത്തി​ൽ ശാ​സ്ത്ര​ലോ​കം വി​ക്‌​ട​റോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ വി​ക്‌​ട​ർ സൃ​ഷ്‌​ടി​ച്ച ആ ​ഭീ​ക​ര​സ​ത്വം ത​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി മ​നു​ഷ്യ​ർ പെ​രു​മാ​റ​ണ​മെ​ന്നു ശ​ഠി​ച്ച​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി. അ​തു ന​ട​ക്കാ​തെ വ​ന്ന​തോ​ടെ ആ ​രാ​ക്ഷ​സ​ൻ ആ​ദ്യം വി​ക്‌​ട​റി​നു​ നേ​രേ തി​രി​യു​ന്നു.​ പി​ന്നീ​ട് ഭാ​ര്യ​യാ​യ എ​ലി​സ​ബ​ത്ത് ലെ​വ​ൻ​സിനെ​യും ആ​ത്മ​സു​ഹൃ​ത്ത് ഹെ​ൻ​ട്രി ക്ലെ​ർ​വാ​ലി​നെ​യും ക്രൂരമാ​യി കൊ​ല​പ്പെ​ടു​ത്തു​ന്നു. പൈ​ശാ​ചി​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ മു​ന്നി​ൽ മാ​പ്പു​സാ​ക്ഷി​യാ​യ വി​ക്‌​ട​റെ ഉ​പേ​ക്ഷി​ച്ചി​ട്ട് എ​നി​ക്കു പോ​കാ​നാ​യി​ല്ല.​ ആ രാ​ക്ഷ​സ​നെ നേ​ർ​ക്കു​നേ​ർ കാ​ണാ​നാ​യി യാ​ത്ര​തി​രി​ച്ച വി​ക്‌​ട​റി​നൊ​പ്പം ഞാ​നും കു​റേ​ദൂ​രം ന​ട​ന്നു. പി​ന്നെ​പ്പോ​ഴോ ഞാ​ൻ പി​ൻ​വാ​ങ്ങി. ജീ​വ​നി​ലു​ള്ള കൊ​തി​യും പി​ന്നെ ഭ​യ​വു​മാ​യി​രു​ന്നു ആ ​പി​ന്മാ​റ്റ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ.

എ​ന്‍റെ ഭ​യ​ത്തി​ന്‍റെ ഞ​ര​ക്ക​ങ്ങ​ൾ പ​ത്താം ക്ലാ​സി​ലെ മ​ല​യാ​ളം പ​രീ​ക്ഷാ​പേ​പ്പ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഞാ​നി​പ്പോ​ൾ ഓ​ർ​ത്തു​പോ​കു​ന്നു. പി​ന്നെ​യും നാ​ളു​ക​ൾ ക​ഴി​ഞ്ഞാ​ണ് ‘ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ’ ഒ​റ്റ​യി​രി​പ്പി​ന് വാ​യി​ച്ചു​തീ​ർ​ത്ത​ത്. ആ ​വാ​യ​ന എ​ന്നെ ഭ​യ​പ്പെ​ടു​ത്തി​യി​ല്ല. പി​ന്നീ​ട് എ​പ്പോ​ഴോ ഫ്രാ​ങ്ക​ൻ​സ്റ്റൈ​നെ അ​വ​ലം​ബ​മാ​ക്കി​യി​ട്ടു​ള്ള ര​ണ്ടു സി​നി​മ​ക​ൾ ക​ണ്ടു; ‘ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ ഐ​ല​ൻ​ഡും’ ‘ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ അ​ൺ​ബൗ​ണ്ടും’. ര​ണ്ടും എ​ന്‍റെ ഭ​യ​ത്തെ അ​പ്പാ​ടെ തു​ട​ച്ചു​മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രി​ക്ക​ൽ​കൂ​ടി ഞാ​ൻ ഡ്രാ​ക്കു​ള​യും ഫ്രാ​ങ്ക​ൻ​സ്റ്റൈ​നും ക​ണ്ടു. ഭ​യ​മൊ​ഴി​ഞ്ഞ മ​ന​സി​ൽ ഇ​പ്പോ​ൾ കൗ​തു​കം വ​ന്നു കൂ​ടു​കൂ​ട്ടി​യി​രി​ക്കു​ന്നു. പ​ക്ഷേ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ ‘ഡ്രാ​ക്കു​ള’ വാ​യി​ക്കു​മ്പോ​ൾ എ​ന്തേ പ്രേ​ത​ന​ക്ഷ​ത്രം പി​റ​ക്കു​ന്ന പാ​തി​ര വ​ന്നു വാ​തു​ക്ക​ൽ മു​ട്ടു​ന്നു. നീ​ച​കാ​മ​ത്തി​ന്‍റെ നി​താ​ന്ത​ന​ക്ത​ഞ്ച​ര​ൻ വ​ന്നു ഭ്രൂ​ണം ഭ​ക്ഷി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്നു. ഞാ​നു​റ​ങ്ങാ​തി​രി​ക്കു​ന്നു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​നി​ക്കി​ന്നും അ​റി​യി​ല്ല.

Leader Page

ചലനം

പ​​രീ​​ക്ഷ​​യ്ക്കും പ​​രീ​​ക്ഷാ​​ഫ​​ല​​ത്തി​​നു​മി​​ട​​യി​​ലെ ദൂ​​രം ഞാ​​നി​​പ്പോ​​ൾ ഓ​​ർ​​ക്കാ​​റി​​ല്ല. ഓ​​ർ​​ത്താ​​ൽ വ​​ല്ലാ​​ത്തൊ​​രു ഭ​​യം വ​​ന്നെ​​ന്നെ പൊ​​തി​​യും.​ ഫ​​ലം അ​​റി​​യാ​​നു​​ള്ള ദൂ​​രം കു​​റ​​ഞ്ഞു​വ​​രു​​ന്ന സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ രാ​​ത്രി​​യി​​ൽ ഉ​​റ​​ക്കം ഉ​​ണ്ടാ​​വി​​ല്ല. ഭ​​ക്ഷ​​ണ​​ത്തി​​നോ​​ടു പൂ​​ർ​​ണ വി​​ര​​ക്തി. വ​​ല്ലാ​​ത്തൊ​​രു നി​​സം​​ഗ​​ത. ​വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങാ​​തെ മു​​റി​​യി​​ൽ​ത്ത​​ന്നെ ത​​ല​​കു​​നി​​ച്ചി​​രി​​ക്കും. റി​​സ​​ൾ​​ട്ട് വ​​രു​​ന്ന​​തി​​ന്‍റെ ത​​ലേ​​ന്നാ​​ണ് ശ​​രി​​ക്കു​​ള്ള പൂ​​രം. സ​​ക​​ല കൊ​​ട്ടി​​പ്പാ​​ട്ടു​​ക​​ളും ഒ​​രുപോ​​ലെ നെ​​ഞ്ചി​​നു​​ള്ളി​​ൽ മു​​ഴ​​ങ്ങും. ത​​ല മ​​ര​​വി​​ച്ച അ​​വ​​സ്ഥ​​യി​​ലാ​​കും. ശരീ​​ര​​ത്തി​​ന് ഒ​​ട്ടും ബ​​ല​​മി​​ല്ലാ​​താ​​കും. റി​​സ​​ൾ​​ട്ടി​​ന്‍റെ ചാ​​ർ​​ട്ട് ഞാ​​ൻ നോ​​ക്കി​ത്തു​ട​​ങ്ങു​​ന്ന​​ത് അ​​വ​​സാ​​ന​​ഭാ​​ഗ​​ത്തു​നി​​ന്നാ​​ണ്. ആ ​​ഭാ​​ഗ​​ത്താ​​കും എ​​ന്‍റെ ക്ര​​മ​​ന​​മ്പ​​ർ ത​​ണു​​ത്തു​​റ​​ഞ്ഞ ജ​​ലാ​​ശ​​യ​​ത്തി​​ൽ ച​​ത്ത മീ​​ൻ​കു​​ഞ്ഞി​​നെ​പോ​​ലെ കി​​ട​​പ്പു​​ണ്ടാ​​വു​​ക. അ​​തൊ​​രു കാ​​ലം.

ഒ​​രി​​ക്ക​​ൽ ഫ​​ല​​മ​​റി​​ഞ്ഞ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​റി​​ൽ​നി​​ന്ന് പു​​റ​​ത്തേ​​ക്കി​​റ​​ങ്ങു​​മ്പോ​​ൾ എ​​ന്നെ​​പ്പോ​​ലെ ചാ​​ർ​​ട്ടി​​ൽ ന​​മ്പ​​രി​​ല്ലാ​​ത്ത സു​​ഹൃ​​ത്ത് പ​​റ​​ഞ്ഞു “ന​​മ്മ​​ൾ ര​​ണ്ടു​​പേ​​രു​​ടെ​​യും ന​​മ്പ​​ർ ചാ​​ർ​​ട്ടി​​ൽ ചേ​​ർ​​ക്കാ​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി മ​​റ​​ന്നു​പോ​​യ​​തെ​​ങ്ങ​​നെ​​യെ​​ന്ന് എ​​ത്ര ആ​​ലോ​​ചി​​ച്ചി​​ട്ടും പി​​ടി​​കി​​ട്ടു​​ന്നി​​ല്ല”​എ​​ന്ന്. ഞ​​ങ്ങ​​ൾ അ​​ടു​​ത്ത​​ടു​​ത്തി​​രു​​ന്നാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. അ​​വ​​നും എ​​നി​​ക്കും ഒ​​രേ ചോ​​ദ്യ​​പേ​​പ്പ​​ർ. ഞ​​ങ്ങ​​ൾ​​ക്ക് ര​​ണ്ടു​​പേ​​ർ​​ക്കും ഒ​​രേ ഉ​​ത്ത​​രം. “ഇ​​ത​​വ​​രെ ക​​ൺ​​ഫ്യൂ​​ഷ​​ൻ ആ​​ക്കി​​യി​​ട്ടു​​ണ്ടാ​​കു​​ം” എ​​ന്ന് ഞാ​​ൻ അ​​വ​​നോ​​ട് പ​​റ​​ഞ്ഞു.​​ അ​​ടു​​ത്ത ത​​വ​​ണ ഞ​​ങ്ങ​​ൾ ര​​ണ്ടു സെ​​ന്‍റ​​റു​​ക​​ളി​​ലാ​​യി പ​​രീ​​ക്ഷ എ​​ഴു​​തി. ഞ​​ങ്ങ​​ൾ ര​​ണ്ടു​​പേ​​ർ​​ക്കും ഒ​​രേ ചോ​​ദ്യ​​പേ​​പ്പ​​ർ. പ​​ക്ഷേ, ഞ​​ങ്ങ​​ൾ ര​​ണ്ടു​​പേ​​ർ​​ക്കും ര​​ണ്ടു​ത്ത​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു. ഫ​​ലം വ​​ന്ന​​പ്പോ​​ൾ ഞ​​ങ്ങ​​ൾ സാ​​മാ​​ന്യം ​ഭേ​​ദ​​പ്പെ​​ട്ട മാ​​ർ​​ക്ക് വാ​​ങ്ങി ജ​​യി​​ച്ചു. അ​​ങ്ങ​​നെ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക​​റ്റി​​വി​​ട്ട ഞ​​ങ്ങ​​ൾ ജീ​​വി​​ത​​ത്തി​​ൽ ജ​​യി​​ച്ചു​ക​​യ​​റാ​​ൻ ആ​​വു​​ന്ന​​ത്ര അ​​ക​​ന്നു​ന​​ട​​ന്നു. ക​​ത്തി​​ട​​പാ​​ടു​​ക​​ൾ കു​​റ​​ഞ്ഞു. ഫോ​​ൺ​​വി​​ളി ഇ​​ല്ലാ​​താ​​യി. ആ​​ഘോ​​ഷ​​ങ്ങ​​ൾ അ​​റി​​യാ​​താ​​യി.​ കാ​​ലം പി​​ന്നെ​​യും ഇ​​ഴ​​ഞ്ഞു.

ഒ​​രു ദി​​വ​​സം അ​​വ​​ൻ എ​​ന്നെ തേ​​ടി വ​​ന്നു. എ​​നി​​ക്ക​​ദ്ഭു​​ത​​മാ​​യി. വി​​ദേ​​ശ​​ത്ത് ഒ​​രു ഐ​​ടി ക​​മ്പ​​നി​​യു​​ടെ മേ​​ധാ​​വി​​യാ​​യി വി​​ല​​കൂ​​ടി​​യ ഒ​​രു ന​​ഗ​​ര​​ത്തി​​ൽ ജീ​​വി​​ക്കു​​ന്ന​​വ​​ന്‍റെ വ​​ര​​വ് ഞാ​​ൻ ഒ​​രി​​ക്ക​​ലും പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നി​​ല്ല. പ​​ക്ഷേ, അ​​വ​​ൻ വ​​ന്നു. വ​​ന്ന​​പ്പോ​​ൾ ഒ​​രു കെ​​ട്ട് പു​​സ്ത​​ക​​ങ്ങ​​ൾ ​സ​​മ്മാ​​ന​​മാ​​യി എ​​നി​​ക്ക് കൊ​​ണ്ടു​ത​​ന്നു. എ​​ല്ലാം പ​​ശ്ചാ​​ത്യം.

ന​​ര​​വം​​ശ​​ശാ​​സ്ത്രം മു​​ത​​ൽ ഉ​​ത്ത​​രാ​​ധു​​നി​​ക​​ത വ​​രെ​​യു​​ണ്ട്. “നി​​ന്‍റെ ആ​​ർ​​ത്തി എ​​നി​​ക്ക​​റി​​യാം. അ​​തി​​നാ​​ലാ​​ണ് ഇ​​തെ​​ല്ലാം കൊ​​ണ്ടു​​വ​​ന്ന​​ത്” അ​​വ​​ൻ പ​​റ​​ഞ്ഞു. ഞ​​ങ്ങ​​ൾ ഒ​​ത്തി​​രി​​നേ​​ര​​മി​​രു​​ന്നു സം​​സാ​​രി​​ച്ചു. വൈ​​കു​​ന്നേ​​രം ക​​ട​​പ്പു​​റ​​ത്തു​പോ​​യി മ​​ത്സ​​രി​​ച്ചു തി​​ര​​യെ​​ണ്ണി. നേ​​രം ഇ​​രു​​ണ്ട​​പ്പോ​​ൾ ഹേ​​മ​​ശ്യാ​​മ​​നാ​​ഗ​​ങ്ങ​​ളെ​പോ​​ലെ പി​​ണ​​ഞ്ഞ ര​​തി​​യെ​​യും മൃ​​തി​​യെ​​യും കു​​റി​​ച്ച് ഗൗ​​ര​​വം​പൂ​​ണ്ടു. ഒ​​ടു​​വി​​ൽ തി​​ര​​യി​​ലേ​​ക്കി​​റ​​ങ്ങി നി​​ന്ന​​വ​​ൻ ന​​ട​​രാ​​ജ​​നാ​​യി.​ ആ ​രാ​​ത്രി ഞ​​ങ്ങ​​ൾ ഉ​​റ​​ങ്ങാ​​തെ ന​​ഗ​​രം ചു​​റ്റി. ന​​മു​​ക്ക് ഒ​​രി​​ക്ക​​ൽ​കൂ​​ടി ഒ​​രു​​മി​​ച്ചി​​രു​​ന്ന് പ​​രീ​​ക്ഷ എ​​ഴു​​ത​​ണ​​മെ​​ന്ന് അ​​വ​​ൻ ത​​മാ​​ശ പ​​റ​​ഞ്ഞു. “അ​​പ്പോ​​ഴും ന​​മ്മ​​ൾ വീ​​ണ്ടും തോ​​ൽ​​ക്കും അ​​ല്ലേ?” ഞാ​​ൻ ചോ​​ദി​​ച്ചു. അ​​വ​​ൻ ചി​​രി​​ച്ചു. അ​​വ​​ന്‍റെ ചി​​രി​​യി​​ൽ ശി​​രോ​​ശീ​​ർ​​ഷ​​ത്തി​​ലു​​ള്ള സ​​ഹ​​സ്രാ​​രം​വ​​രെ പൊ​​ട്ടി​​പ്പോ​​കു​​മോ എ​​ന്നു തോ​​ന്നി.

അ​​വ​​ൻ ത​​ന്ന പു​​സ്ത​​ക​​ങ്ങ​​ളി​​ലൊ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ഞാ​​ൻ വാ​​യി​​ക്കാ​​നെ​​ടു​​ത്ത​​ത്. ജെ. ​​കൃ​​ഷ്ണ​​മൂ​​ർ​​ത്തി​​യു​​ടെ Last Talks At Saanen 1985. അ​​ത് ജി​​ദ്ദു​​വി​​ന്‍റെ അ​​വ​​സാ​​ന​​കാ​​ല പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളു​​ടെ പു​​സ്ത​​ക​​മാ​​യി​​രു​​ന്നു.​ എ​​ന്നെ ആ​​ക​​ർ​​ഷി​​ച്ച​​ത് ആ ​​പു​​സ്ത​​ക​​ത്തി​​നു​​ള്ളി​​ലെ ജി​​ദ്ദു​​വി​​ന്‍റെ ചി​​ത്ര​​ങ്ങ​​ളാ​​യി​​രു​​ന്നു. “ഇ​​മ ചി​​മ്മി ചി​​മ്മി നോ​​ക്കി​നി​​ന്നു​പോ​​യ് ഞാ​​ൻ മൂ​​വ​​ന്തി​​ക്ക​​മ​​നീ​​യ​​മ​​ഹാ​​ന​​ട​​ന​​ലീ​​ല” എ​​ന്ന് മ​​ഹാ​​ക​​വി ജി ​​എ​​ഴു​​തി​​യ​​തു​പോ​​ലെ വി​​സ്മ​​യ​​ങ്ങ​​ളി​​ലേ​​ക്ക് തു​​റ​​ന്നി​​ട്ട മി​​ഴി​​ക​​ളാ​​യി​​രു​​ന്നു ജി​​ദ്ദു​​വി​​ന്‍റേ​​ത്. എ​​ത്ര ല​​ളി​​ത​​മാ​​യാ​​ണ് ആ ​​ക​​ണ്ണു​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന​​ത്. പു​​സ്ത​​ക​​ത്തി​​ൽ ജി​​ദ്ദു​​വി​​ന്‍റെ ഒ​​രു​​പാ​​ട് ക​​ണ്ണു​​ക​​ളു​​ണ്ട്.​​ ആ ക​​ണ്ണു​​ക​​ളി​​ൽ നോ​​ക്കി​​യി​​രു​​ന്നാ​​ണ് ഞാ​​നാ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ വാ​​യി​​ച്ചു കേ​​ട്ട​​ത്.

പ്ര​​ഭാ​​ഷ​​ണ​​ത്തി​​നി​​ട​​യി​​ൽ ജി​​ദ്ദു പ​​റ​​യു​​ന്നു, എ​​ല്ലാം നി​​ശ്ച​​ല​​മാ​​ണ്. പ്ര​​ഭാ​​ത​​ത്തി​​ലെ ക​​ട​​ൽ, ദുഃ​​ഖി​​ക്കു​​മ്പോ​​ഴു​​ള്ള മ​​ന​​സ്, പ്ര​​ണ​​യി​​ക്കു​​മ്പോ​​ഴു​​ള്ള ഹൃ​​ദ​​യം, പ​​ർ​​വ​ത താ​​ഴ്‌​​വാ​​ര​​ങ്ങ​​ളി​​ലെ മ​​ര​​ങ്ങ​​ൾ, മേ​​ഘ​​ങ്ങ​​ൾ, ത​​ടാ​​ക​​ങ്ങ​​ൾ, നി​​റ​​ങ്ങ​​ൾ എ​​ല്ലാം നി​​ശ്ച​​ല​​മാ​​ണ്.​ ന​​മ്മ​​ൾ ന​​മ്മ​​ളെ​ത്ത​​ന്നെ തൊ​​ടു​​മ്പോ​​ഴാ​​ണ് എ​​ല്ലാം ച​​ലി​​ക്കാ​​ൻ തു​​ട​​ങ്ങു​​ന്ന​​ത്. ക​​ട​​ലും മ​​ന​​സും ഹൃ​​ദ​​യ​​വും മ​​ര​​ങ്ങ​​ളും മേ​​ഘ​​ങ്ങ​​ളും ത​​ടാ​​ക​​ങ്ങ​​ളും നി​​റ​​ങ്ങ​​ളും ച​​ലി​​ക്കാ​​ൻ തു​​ട​​ങ്ങു​​ന്നു. അ​​പ്പോ​​ൾ ഭ​​വ​​ൽ​​ക്കാ​​ല​​വും ഭൂ​​ത​കാ​​ല​​വും ച​​ലി​​ക്കാ​​ൻ തു​​ട​​ങ്ങു​​ന്നു. വാ​​ക്കും അ​​ർ​​ഥ​​വും ഒ​​രേ ബി​​ന്ദു​​വി​​ൽ അ​​ലി​​ഞ്ഞു​​യി​​ർ​​കൊ​​ള്ളു​​ന്നു. ഇ​​രു​​ട്ടും പ്ര​​കാ​​ശ​​വും ച​​ലി​​ക്കു​​ന്നു. ചെ​​റി​​യ നീ​​ർ​​പ്പോ​​ള മു​​ത​​ൽ ഹി​​മാ​​ല​​യം​വ​​രെ ച​​ലി​​ക്കു​​ന്ന​​താ​​യി ന​​മു​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു. ഇ​​തെ​​ല്ലാം ഇ​​ന്നേ​​വ​​രെ നാം ​​അ​​റി​​ഞ്ഞ​​തി​​ൽ​നി​​ന്നു​​ള്ള മോ​​ച​​ന​​ങ്ങ​​ൾ കൂ​​ടി​​യാ​​ണ്. ഒ​​രു ക​​ളി​​പ്പാ​​ട്ട​​ത്തി​​നോ​​ടു കു​​ട്ടി​​ക്ക് താ​​ത്​​പ​​ര്യം ന​ഷ്‌​ട​​പ്പെ​​ടു​​ന്ന​​ത് അ​​ത് ച​​ലി​​ക്കാ​​ത്ത​​തു​​കൊ​​ണ്ട​​ല്ല, അ​​വ​​ൻ ച​​ലി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ്. സ്നേ​​ഹ​രാ​​ഹി​​ത്യ​​ത്തി​​ലും ഇ​​തു​​ത​​ന്നെ​​യാ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​ത്. ന​​മ്മു​​ടെ ഉ​​ള്ളി​​ൽ സൂ​​ര്യ​​ച​​ന്ദ്ര​​ന്മാ​​രും അ​​ന​​ന്ത​​കോ​​ടി താ​​രാ​​ഗ​​ണ​​ങ്ങ​​ളും പ്ര​​കാ​​ശി​​ക്കു​​ന്നു​​ണ്ട്. ച​​ല​​നം ഇ​​ല്ലാ​​ത്ത ന​​മ്മു​​ടെ അ​​ന്ധ​​നേ​​ത്ര​​ങ്ങ​​ൾ അ​​ത് അ​​റി​​യു​​ന്നി​​ല്ല എ​​ന്നേ​​യു​​ള്ളൂ. ഇ​​തൊ​​ക്കെ വ​​ല്ലാ​​ത്ത ആ​​ലോ​​ച​​നാ വി​​ഷ​​യ​​ങ്ങ​​ളാ​​ണ്. പു​​സ്ത​​കം അ​​ട​​ച്ചു​​വ​​ച്ച് ഞാ​​ൻ പു​​റ​​ത്തേ​​ക്കു നോ​​ക്കി​​യി​​രു​​ന്നു.

സ്റ്റീ​​ഫ​​ൻ ഹോ​​ക്കിം​​ഗി​നെ​​ക്കു​​റി​​ച്ച് ഞാ​​ൻ ഓ​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​ക്ഷ​​ത്ര​​ങ്ങ​​ളെ നോ​​ക്കി കാ​​ല​​ത്തി​ന്‍റെ സം​​ക്ഷി​​പ്ത​​ച​​രി​​ത്രം എ​​ഴു​​തി​​യ ഹോ​​ക്കിം​​ഗ്. ഐ​​ൻ​​സ്റ്റൈ​​നു​​ശേ​​ഷം ലോ​​കം ക​​ണ്ട ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​നാ​​യ ശാ​​സ്ത്ര പ്ര​​തി​​ഭ. ച​​ലി​​ക്കാ​​നോ സം​​സാ​​രി​​ക്കാ​​നോ ക​​ഴി​​യാ​​ത്ത ഒ​​രാ​​ൾ. ക​​വി​​ളി​​ലെ പേ​​ശി​​ക​​ളി​​ൽ ഘ​​ടി​​പ്പി​​ച്ച സെ​​ൻ​​സ​​ർ വ​​ഴി ചു​​ണ്ടു​​ക​​ളു​​ടെ ച​​ല​​ന​​ത്തെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും അ​​തു പി​​ന്നീ​​ട് പ​​ക​​ർ​​ത്തി​യെ​​ഴു​​തു​​ക​​യു​​മാ​​യി​​രു​​ന്നു.​ സ്വ​​യം നി​​ശ്ച​​ല​​നാ​​യി നി​​ന്നു​​കൊ​​ണ്ട് സ​​ക​​ല​​തി​​നെ​​യും ച​​ലി​​പ്പി​​ക്കു​​ക എ​​ന്ന​​തു വി​​സ്മ​​യ​​ക​​ര​​മാ​​ണ്. ഹോ​​ക്കിം​​ഗ് അ​​ങ്ങ​​നെ​​യൊ​​രാ​​ളാ​​യി​​രു​​ന്നു.​ ഈ ​നി​​മി​​ഷം ഓ​​ർ​​ക്കു​​ന്ന ഒ​​രാ​​ൾ കൂ​​ടി​​യു​​ണ്ട്. ച​​ല​​ന​​ശേ​​ഷി അ​​ശേ​​ഷ​​മി​​ല്ലാ​​തെ, പാ​​ർ​​ക്കി​ൻ​സ​​ൺസ് രോ​​ഗാ​​വ​​സ്ഥ​​യാ​​ൽ ച​​ലി​​ക്കാ​​തി​​രു​​ന്ന ഒ​​രാ​​ൾ. അ​​ദ്ദേ​​ഹ​​മാ​​ണ് ആ​​ധു​​നി​​ക മ​​ല​​യാ​​ള​​ സാ​​ഹി​​ത്യ​​ത്തെ ഏ​​റ്റ​​വും അ​​ധി​​കം ച​​ല​​നാ​​ത്മ​​ക​​മാ​​ക്കി​​യ​​ത്;​ ഒ.​​വി.​​ വി​​ജ​​യ​​ൻ.

ഞാ​​ൻ വീ​​ണ്ടും രാ​​മ​​നാ​​ഥ​​നെ കേ​​ട്ടു തു​​ട​​ങ്ങു​​ന്നു. ​വി​​ളം​​ബി​​ത കാ​​ല​​ത്തി​​ന്‍റെ ഉ​​രു​​കി​​യൊ​​ലി​​ക്കു​​ന്ന സ്വ​​നം. ഞ​​ര​​ക്ക​​ത്തി​​ൽ​നി​​ന്ന് കൊ​​ടു​​ങ്കാ​​റ്റി​​ലേ​​ക്കു​​ള്ള​ കാ​​ല​​ഭു​​ജം​​ഗ​​പ്ര​​യാ​​ണം. വ്യോ​​മ​​മൗ​​ന​​ത്തി​​ൽ ഉ​​ൾ​​ച്ചേ​​ർ​​ന്ന മ​​ഹാ​താ​​ര​​ക​​ത്തെ മ​​ണ്ണി​​ലേ​​ക്ക് ആ​​വാ​​ഹി​​ക്കു​​ന്ന ​ആ​​ന​​ന്ദ​​ഭൈ​​ര​​വി. രാ​​മ​​നാ​​ഥ​​ൻ പാ​​ടി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു.​ ഞാ​​ൻ കേ​​ട്ടു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു. ഒ​​ന്നും നി​​ശ്ച​​ല​​മാ​​കു​​ന്നി​​ല്ല. എ​​ല്ലാം ച​​ലി​​ക്കു​​ന്നു.

Leader Page

മൗ​നം

എ​​​ല്ലാ സ്വ​​​ര​​​വും ഒ​​​ഴു​​​കി​​​വ​​​ന്നെ​​​ത്തു​​​ന്നൊ​​​രി​​​ട​​​മു​​​ണ്ട്; മൗ​​​നം. അ​​​തു പി​​​ള​​​രു​​​മ്പോ​​​ഴാ​​​ണ് അ​​​ല​​​ർ​​​ച്ച പി​​​റ​​​വി​​​കൊ​​​ള്ളു​​​ന്ന​​​ത്. അ​​​യ​​​ഞ്ഞ ത​​​ന്ത്രി​​​ക​​​ൾ ഘ​​​ന​​​സ്വ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കും​​​പോ​​​ലെ. മ​​​ണി​​​നാ​​​ദം ഇ​​​ടി​​​നാ​​​ദ​​​മാ​​​കും​​​പോ​​​ലെ. എ​​​ന്നാ​​​ൽ, എ​​​ന്‍റെ മൗ​​​നം അ​​​ല​​​ർ​​​ച്ച കൂ​​​ടി​​​യാ​​​ണ്. തെ​​​ളി​​​മാ​​​നം മു​​​ട്ടു​​​ന്ന അ​​​ല​​​ർ​​​ച്ച. ആ ​​​അ​​​ല​​​ർ​​​ച്ച​​​യി​​​ൽ ഒ​​​രു പ​​​നി​​​നീ​​​ർ​​​പ്പൂ​​​പ്പാ​​​ത്രം വീ​​​ണു​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭം​​​ഗികൂ​​​ടി​​​യു​​​ണ്ട്. ദു​​​ർ​​​ബ​​​ല​​​നാ​​​യ ഞാ​​​ൻ ഈ ​​​അ​​​ല​​​ർ​​​ച്ച​​​യെ ഒ​​​ളി​​​ച്ചു​​​വ​​​യ്ക്കാ​​​ൻ എ​​​ത്ര​​​കാ​​​ല​​​മാ​​​യി പാ​​​ടു​​​പെ​​​ടു​​​ന്നു. ഒ​​​ടു​​​വി​​​ൽ ഞാ​​​നൊ​​​റ്റ​​​യാ​​​കും​​​മു​​​ൻ​​​പ് ഇ​​​ളം​​​നീ​​​ല​​​നാ​​​മ്പു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി അ​​​ത് ഒ​​​ളി​​​പ്പി​​​ച്ചു​​​ വ​​​യ്ക്ക​​​ണം. ഖേ​​​ദ​​​ഹ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വി​​​ധം അ​​​തൊ​​​ളി​​​ഞ്ഞി​​​രി​​​ക്ക​​​ട്ടെ.

സാ​​​യാ​​​ഹ്ന​​​ശോ​​​ഭ​​​യു​​​ള്ള ഒ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍റെ മൗ​​​നം. എ​​​ന്നാ​​​ൽ, അ​​​തി​​​നു​​​ള്ളി​​​ലെ അ​​​ല​​​ർ​​​ച്ച​​​യ്ക്ക് ഒ​​​രു യ​​​ജ്ഞ​​​ഭൂ​​​മി​​​യു​​​ടെ ചൂ​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​മ്മ പ​​​റ​​​യും, ഒ​​​രു പൂ​​​ങ്കു​​​ല കൊ​​​ടു​​​ത്താ​​​ൽ തു​​​ള്ളി​​​ത്തീ​​​ർ​​​ക്കു​​​മെ​​​ന്ന്. കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് ഞാ​​​നെ​​​ന്തി​​​നും ഏ​​​തി​​​നും അ​​​ല​​​റി​​​വി​​​ളി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ആ ​​​അ​​​ല​​​ർ​​​ച്ച​​​യെ ത​​​ള​​​യ്ക്കാ​​​ൻ അ​​​മ്മ പ​​​ല വ​​​ഴി​​​ക​​​ളും നോ​​​ക്കി​​​യി​​​രു​​​ന്നു. അ​​​തി​​​ലൊ​​​രു വ​​​ഴി ഏ​​​തോ ഉ​​​ത്സ​​​വ​​​പ്പ​​​റ​​​മ്പി​​​ൽ​​​നി​​​ന്ന് വാ​​​ങ്ങി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന ദൂ​​​ര​​​ദ​​​ർ​​​ശി​​​നി​​​യാ​​​യി​​​രു​​​ന്നു. അ​​​ല​​​റാ​​​ൻ തു​​​ട​​​ങ്ങു​​​മ്പോ​​​ൾ അ​​​ല​​​മാ​​​ര തു​​​റ​​​ന്ന് അ​​​മ്മ അ​​​തെ​​​നി​​​ക്കെ​​​ടു​​​ത്തു​​​ത​​​രും. ഞാ​​​ന​​​തും വാ​​​ങ്ങി പ​​​റ​​​മ്പി​​​ലേ​​​ക്കോ​​​ടും. ഏ​​​റെ ദൂ​​​ര​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റ​​​മു​​​ള്ള കാ​​​ഴ്ച​​​ക​​​ൾ മ​​​ങ്ങി​​​യ​​​തെ​​​ങ്കി​​​ലും കു​​​റ​​​ച്ചൊ​​​ക്കെ അ​​​തി​​​ലൂ​​​ടെ കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.

വ​​​യ​​​ൽ​​​ക്ക​​​ര​​​യ്ക്ക​​​പ്പു​​​റ​​​മു​​​ള്ള നാ​​​ണി​​​പ്പ​​​ണി​​​ക്ക​​​ത്തി​​​യു​​​ടെ ചാ​​​ഞ്ഞു​​​തൂ​​​ങ്ങി മ​​​ണ്ണോ​​​ളം മു​​​ട്ടി​​​യ മു​​​ല​​​ക​​​ൾ ക​​​ണ്ട​​​ത് അ​​​ങ്ങ​​​നെ​​​യാ​​​ണ്. മ​​​റ്റൊ​​​രി​​​ക്ക​​​ൽ വ​​​യ​​​ലി​​​ൽ​​​നി​​​ന്ന് മീ​​​ൻ കൊ​​​ത്തി​​​പ്പ​​​റ​​​ന്ന കൊ​​​ക്കി​​​നെ ഒ​​​രു പ​​​രു​​​ന്ത് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തും കൊ​​​ക്കി​​​ന്‍റെ വാ​​​യി​​​ൽ​​​നി​​​ന്ന് മീ​​​ൻ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി താ​​​ഴേ​​​ക്കു വീ​​​ഴു​​​ന്ന​​​തും ക​​​ണ്ടി​​​ട്ടു​​​ണ്ട്. ഇ​​​തെ​​​ല്ലാം നി​​​ശ​​​ബ്‌​​​ദ​​​മാ​​​യ കാ​​​ഴ്ച​​​ക​​​ളാ​​​യി​​​രു​​​ന്നു. മൗ​​​നോ​​​പാ​​​സ​​​ന​​​യി​​​ലേ​​​ക്ക് എ​​​ന്നെ വ​​​ഴി​​ന​​​ട​​​ത്തി​​​യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​തെ​​​ല്ലാം. അ​​​പ്പോ​​​ഴെ​​​ല്ലാം അ​​​ഴ​​​ക് മൗ​​​ന​​​ത്തി​​​നാ​​​ണെ​​​ന്നു തോ​​​ന്നി​​​യി​​​ട്ടു​​​മു​​​ണ്ട്.
എ​​​ങ്കി​​​ലും മൗ​​​ന​​​ത്തി​​​ന്‍റെ കൂ​​​ടു പൊ​​​ട്ടി​​​ച്ച് എ​​​ന്നി​​​ലെ പ്രാ​​​കൃ​​​ത​​​ൻ ഇ​​​ട​​​യ്ക്കി​​​ടെ പു​​​റ​​​ത്തു​​​വ​​​രാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ങ്ങി​​​നെ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ൾ ഇ​​​ടി​​​മു​​​ഴ​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ നി​​​ശ‌​​​ബ്‌​​​ദ​​​ത​​​പോ​​​ലൊ​​​ന്ന് എ​​​നി​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

സ്വ​​​ന്തം ഹൃ​​​ദ​​​യം അ​​​ന്വേ​​​ഷി​​​ച്ചി​​​റ​​​ങ്ങു​​​ന്ന വി​​​ഡ്ഢി​​​യെ​​​പ്പോ​​​ലാ​​​കും അ​​​പ്പോ​​​ൾ ഞാ​​​ൻ. ഒ​​​രി​​​ക്ക​​​ൽ ഒ​​​രു കൂ​​​ട്ടു​​​കാ​​​ര​​​നു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു മു​​​ഷി​​​ഞ്ഞ് ഒ​​​ച്ച​​​വ​​​ച്ച് ജ​​​യം ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ൾ അ​​​തി​​​ന് സാ​​​ക്ഷി​​​യാ​​​യി നി​​​ന്ന ഒ​​​രാ​​​ൾ എ​​​ന്നോ​​​ട് പ​​​തി​​​ഞ്ഞ ശ​​​ബ്ദ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു: “നി​​​ന്‍റെ ഒ​​​ച്ച തോ​​​റ്റ​​​വ​​​ന്‍റെ ശ​​​ബ്‌​​​ദ​​​മാ​​​ണ്. അ​​​തു നി​​​ന​​​ക്ക് ദോ​​​ഷം ചെ​​​യ്യും.” അ​​​യാ​​​ൾ പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​ർ​​​ഥം എ​​​നി​​​ക്ക് മ​​​ന​​​സി​​​ലാ​​​യി​​​ല്ല. ഒ​​​ന്നും ശ്ര​​​ദ്ധി​​​ക്കാ​​​ത്ത​​​തു​​​പോ​​​ലെ ഞാ​​​ന​​​യാ​​​ളെ ത​​​ള്ളി​​​മാ​​​റ്റി​​​ ക​​​ട​​​ന്നു​​​പോ​​​യി. അ​​​പ്പോ​​​ഴെ​​​ന്‍റെ പ്രാ​​​യം കു​​​തി​​​ര​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു.

ഒ​​​ര​​​നു​​​ഭ​​​വം ഓ​​​ർ​​​മ വ​​​രു​​​ന്നു.​​​ ആ​​​ലു​​​വ അ​​​ദ്വൈ​​​താ​​​ശ്ര​​​മ​​​ത്തി​​​ൽ ഞാ​​​നാ​​​ദ്യ​​​മാ​​​യി പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു​​​പാ​​​ട് ത​​​വ​​​ണ അ​​​തി​​​നു മു​​​ന്നി​​​ലൂ​​​ടെ ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും പോ​​​യി​​​ട്ടു​​​ണ്ട്. അ​​​പ്പോ​​​ഴെ​​​ല്ലാം അ​​​തി​​​നു​​​ള്ളി​​​ലേ​​​ക്ക് ഒ​​​ന്ന് പാ​​​ളി​​​നോ​​​ക്കി​​​യി​​​ട്ടു​​​ണ്ട് എ​​​ന്ന​​​ല്ലാ​​​തെ അ​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി​​​യി​​​ട്ടി​​​ല്ല. ഒ​​​രു ദി​​​വ​​​സം അ​​​വി​​​ടേ​​​ക്കുത​​​ന്നെ പോ​​​യി. ആ​​​ശ്ര​​​മ​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് ഓ​​​രോ ചു​​​വ​​​ടു​​​ വ​​​യ്ക്കു​​​മ്പോ​​​ഴും വാ​​​ക്കി​​​നു​​​ള്ളി​​​ലെ അ​​​ന​​​ന്ത​​​മാ​​​യ അ​​​ർ​​​ഥ​​​പ്പെ​​​രു​​​ക്ക​​​ങ്ങ​​​ൾ ഉ​​​ള്ള​​​തു​​​പോ​​​ലെ എ​​​നി​​​ക്കു തോ​​​ന്നി. മ​​​ഴ തോ​​​ർ​​​ന്ന ഒ​​​രു പ്ര​​​ഭാ​​​ത​​​മാ​​​യി​​​രു​​​ന്നു അ​​​ത്. പ​​​ക്ഷേ, അ​​​പ്പോ​​​ഴും മ​​​ര​​​ങ്ങ​​​ൾ പെ​​​യ്യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. നി​​​ല​​​ത്തു വീ​​​ണു​​​കി​​​ട​​​ന്ന ചെ​​​മ്പ​​​ൻ നി​​​റ​​​മു​​​ള്ള ഇ​​​ല​​​ക​​​ളി​​​ലൊ​​​ന്നെ​​​ടു​​​ത്ത് മ​​​ണ​​​ത്തു​​​നോ​​​ക്കി. മ​​​ണ്ണാ​​​കു​​വോ​​​ളം ക​​​ല​​​മ്പാ​​​ൻ ത​​​യാ​​​റാ​​​യി​​​ക്കി​​​ട​​​ക്കു​​​ന്ന മ​​​ദ​​​മ​​​ട​​​ങ്ങി​​​യ ഒ​​​രി​​​ല. ഒ​​​ന്നു ഞെ​​​രി​​​ച്ച​​​പ്പോ​​​ൾ ഉ​​​ള്ളി​​​ലെ പ്രാ​​​ണ​​​ഞ​​​ര​​​മ്പു​​​ക​​​ൾ പൊ​​​ട്ടി സു​​​ഗ​​​ന്ധം പ​​​ര​​​ക്കാ​​​ൻ തു​​​ട​​​ങ്ങി.

എ​​​ന്തൊ​​​രാ​​​ഹ്ലാ​​​ദ​​​മാ​​​യി​​​രു​​​ന്നു ആ ​​​മ​​​ണ​​​ത്തി​​​ന്. ആ​​​ർ​​​ദ്ര​​​മാ​​​യൊ​​​രു കു​​​ളി​​​ര് എ​​​നി​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. പ​​​ഞ്ച​​​ഭൂ​​​ത​​​ങ്ങ​​​ളി​​​ൽ ല​​​യി​​​ച്ച് പു​​​ല്ലി​​​ലും പൂ​​​വി​​​ലും വി​​​ത്തി​​​ലും ക​​​ല​​​രു​​​ന്ന ഒ​​​രു​​​ന്മാ​​​ദം. എ​​​നി​​​ക്ക് അ​​​ല​​​റി​​​വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നു തോ​​​ന്നി. പ​​​ക്ഷേ, എ​​​ന്‍റെ ശ​​​ബ്‌​​​ദം അ​​​ക​​​ത്തെ​​​ങ്ങോ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​ള്ളി​​​ൽ​​നി​​​ന്ന് അ​​​ത് പു​​​റ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ സ്വ​​​ച്ഛ സീ​​​ൽ​​​ക്കാ​​​രം ഞാ​​​ൻ കേ​​​ട്ട​​​താ​​​ണ്.

പ​​​ക്ഷേ, ശ്വാ​​​സ​​​നാ​​​ളി​​​യി​​​ലൂ​​​ടെ നെ​​​ഞ്ചി​​​ൻ​​​കൂ​​​ട് ത​​​ക​​​ർ​​​ത്ത് തൊ​​​ണ്ട​​​ക്കു​​​ഴി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും നി​​​ല​​​ച്ചു. ഇ​​​ത്ര​​​യേ ഉ​​​ള്ളൂ, ഏ​​​തൊ​​​ര​​​ല​​​ർ​​​ച്ച​​​യും. ആ​​​ശ്ര​​​മ​​​ത്തി​​​ലെ ഒ​​​രു പ​​​ക​​​ൽ എ​​​ന്നെ മൗ​​​ന​​​സാ​​​ധ​​​കം പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​മ​​​ണ്ഡ​​​പ​​​ത്തി​​​ന്‍റെ പ​​​ട​​​വു​​​ക​​​ളി​​​ലൊ​​​ന്നി​​​ലി​​​രു​​​ന്നു പെ​​​രി​​​യാ​​​റ്റി​​​ലേ​​​ക്കു നോ​​​ക്കു​​​മ്പോ​​​ൾ ആ ​​​മൗ​​​നം ആ​​​ഴ​​​ങ്ങ​​​ളി​​​ലൂ​​​ടെ സം​​​വ​​​ദി​​​ക്കു​​​ന്ന​​​തു കേ​​​ൾ​​​ക്കാം. ഏ​​​റ്റ​​​വും കു​​​റ​​​ച്ച് വാ​​​ക്കു​​​ക​​​ൾ ഞാ​​​നു​​​ച്ച​​​രി​​​ച്ച ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​തി​​​ന്‍റെ ഉ​​​റ​​​വ​​​ക​​​ൾ എ​​​ന്നി​​​ൽ പി​​​റ​​​വി​​​കൊ​​​ള്ളു​​​ക​​​യും എ​​​ന്നി​​​ൽ​​​ത്ത​​​ന്നെ ഒ​​​ഴു​​​കി​​​പ്പ​​​ര​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്‍റെ കൈ​​​യി​​​ൽ ജൂ​​​ലി​​​യ​​​സ് സീ​​​സ​​​റി​​​ന്‍റെ പ​​​ട​​​യോ​​​ട്ട​​​ങ്ങ​​​ളു​​​ടെ സ​​​ചി​​​ത്ര വി​​​വ​​​ര​​​ണ ലേ​​​ഖ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ല്ലാ​​​ത്ത പോ​​​ർ​​​വി​​​ളി​​​ക​​​ളാ​​​യി​​​രു​​​ന്നു അ​​​തി​​​ൽ നി​​​റ​​​യെ. ഞാ​​​നെ​​​ന്നേ​​​ക്കു​​​മാ​​​യി അ​​​ത് മ​​​ട​​​ക്കി​​​വ​​​ച്ചു. ഈ ​​​പോ​​​ർ​​​വി​​​ളി​​​ക​​​ൾ​​​ക്കൊ​​​ന്നും ഒ​​​ര​​​ർ​​​ഥ​​​വു​​​മി​​​ല്ലെ​​​ന്ന് ഉ​​​ള്ളി​​​ൽ​​​നി​​​ന്ന് ആ​​​രോ ജ​​​പി​​​ക്കു​​​ന്നപോ​​​ലെ. പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​ന്‍റെ പോ​​​ർ​​​വി​​​ളി​​​യാ​​​ണ് ഈ ​​​അ​​​ല​​​ർ​​​ച്ച​​​ക​​​ൾ എ​​​ന്നു തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ഞാ​​​ൻ.

ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് മ​​​ട​​​ങ്ങി​​​വ​​​ന്നി​​​ട്ടും അ​​​ല​​​ർ​​​ച്ച​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​ൻ എ​​​നി​​​ക്കാ​​​യി​​​ല്ല. അ​​​നു​​​ഭ​​​വി​​​ച്ചുവ​​​രു​​​ന്ന ചി​​​ല​​​യിട​​​ങ്ങ​​​ൾ അ​​​ത്ത​​​രം ധ്യാ​​​ന​​​ശാ​​​ല​​​ക​​​ളാ​​​ണ്. ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ല്ല; ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന ചി​​​ല അ​​​പൂ​​​ർ​​​വ നി​​​ശ​​​ബ്‌​​​ദ​​​ത​​​ക​​​ൾ. ന​​​മ്മെ തൂ​​​ക്കു​​​മ​​​ര​​​ത്തി​​​ൽ​​​നി​​​ന്നി​​​റ​​​ക്കി ജീ​​​വി​​​ക്കാ​​​ൻ ഒ​​​ര​​​വ​​​സ​​​രം​​​കൂ​​​ടി ത​​​രു​​​ന്ന വ​​​ല്മീ​​​ക​​​ങ്ങ​​​ൾ. മൗ​​​ന​​​ത്തി​​​ന്‍റെ ആ​​​യി​​​രം മു​​​ള​​​യു​​​ള്ള വി​​​ത്തു​​​ക​​​ൾ.

Leader Page

നടത്തം

 ഞാ​​​​ന​​​​ധി​​​​കം യാ​​​​ത്ര ചെ​​​​യ്തി​​​​ട്ടു​​​​ള്ള ഒ​​​​രാ​​​​ള​​​​ല്ല. സ​​​​ഹ്യ​​​​നു പു​​​​റ​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക​​​​ൾ ഇ​​​​ല്ല എ​​​​ന്നു​​​​ത​​​​ന്നെ പ​​​​റ​​​​യാം. പ​​​​ക്ഷേ, പൂ​​​​ന​​​​യി​​​​ലെ ഓ​​​​ഷോ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ലി​​​​ലേ​​​​ക്കും തി​​​​രു​​​​വ​​​​ണ്ണാ​​​​മ​​​​ല ര​​​​മ​​​​ണാ​​​​ശ്ര​​​​മ​​​​ത്തി​​​​ലേ​​​​ക്കും ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ പോ​​​​യി​​​​ട്ടു​​​​ണ്ട്. ആ ​​​​യാ​​​​ത്ര​​​​ക​​​​ൾ എ​​​​ന്നി​​​​ലെ ഉ​​​​ന്മാ​​​​ദി​​​​യു​​​​ടെ യാ​​​​ത്ര​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.എ​​​​ന്നാ​​​​ൽ, ആ ​​​​യാ​​​​ത്ര​​​​ക​​​​ളെ ഞാ​​​​ൻ ബോ​​​​ധോ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​യാ​​​​യി ക​​​​ണ്ടി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ല​​​​ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഉ​​​​ള്ള് ത​​​​ണു​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ല ഇ​​​​ട​​​​ങ്ങ​​​​ൾ തേ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഞാ​​​​ൻ.

വ​​​​ർ​​​​ഷ​​​​ബി​​​​ന്ദു ജ​​​​ല​​​​രാ​​​​ശി​​​​യി​​​​ൽ പ​​​​തി​​​​ക്കു​​​​മ്പോ​​​​ഴു​​​​ള്ള അ​​​​തേ ഉ​​​​ത്സാ​​​​ഹം, അ​​​​തേ ആ​​​​ന​​​​ന്ദം. പ്ര​​​​ക്ഷു​​​​ബ്ധ​​​​മാ​​​​യ മ​​​​ന​​​​സി​​​​നെ നൃ​​​​ത്തം ചെ​​​​യ്യി​​​​ക്കാ​​​​നു​​​​ള്ള അ​​​​ട​​​​ങ്ങാ​​​​ത്ത വാ​​​​ഞ്ഛ. സ​​​​ർ​​​​വ​​​​ച​​​​രാ​​​​ച​​​​ര​​​​ങ്ങ​​​​ളും നി​​​​ശ്ച​​​​ല​​​​മാ​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ൾ ഉ​​​​ള്ളി​​​​ൽനി​​​​ന്നാ​​​​ളു​​​​ന്ന ഒ​​​​രു ശ്വാ​​​​സം.​​​​അ​​​​തി​​​​ന്‍റെ പ്ര​​​​സ​​​​ര​​​​ണ​​​​ത്തി​​​​ൽ ഞാ​​​​നൊ​​​​രു​​​​പാ​​​​ട് ദൂ​​​​രം ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്. ദു​​​​ർ​​​​ഗ​​​​മ​​​​പാ​​​​ത​​​​ക​​​​ളെ ഒ​​​​രു ഭി​​​​ക്ഷു മ​​​​റി​​​​ക​​​​ട​​​​ക്കും​​​​പോ​​​​ലെ ഞാ​​​​ൻ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നി​​​​ട്ടും എ​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ൾ ക​​​​ണ്ണീ​​​​രുകൊ​​​​ണ്ടു നി​​​​റ​​​​ഞ്ഞ​​​​ത​​​​ല്ലാ​​​​തെ കാ​​​​ഴ്ച​​​​ക​​​​ൾകൊ​​​​ണ്ടു നി​​​​റ​​​​യ്ക്കാ​​​​നാ​​​​യി​​​​ല്ല.

ര​​​​ബീ​​​​ന്ദ്ര​​​​നാ​​​​ഥ ടാ​​​​ഗോ​​​​ർ ആ​​​​സ​​​​ന്ന​​​​മ​​​​ര​​​​ണ​​​​നാ​​​​യി കി​​​​ട​​​​ക്കു​​​​മ്പോ​​​​ൾ ഒ​​​​രു സു​​​​ഹൃ​​​​ത്ത് അ​​​​ദ്ദേ​​​​ഹ​​​​ത്തെ കാ​​​​ണാ​​​​ൻ ചെ​​​​ന്നു. ടാ​​​​ഗോ​​​​റി​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ൾ സ​​​​ജ​​​​ല​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. ധാ​​​​ര​​​​ധാ​​​​ര​​​​യാ​​​​യി ക​​​​ണ്ണീ​​​​രു പു​​​​റ​​​​ത്തേ​​​​ക്കൊ​​​​ഴു​​​​കി​​​​ക്കൊ​​​​ണ്ടേ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ജ്ഞ ഉ​​​​ല​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. “താ​​​​ങ്ക​​​​ൾ എ​​​​ന്തി​​​​നാ​​​​ണ് എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​നെ​​​​പ്പോ​​​​ലെ വി​​​​തു​​​​മ്പു​​​​ന്ന​​​​ത്? ആ​​​​റാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കാ​​​​വ്യ​​​​ങ്ങ​​​​ളെ​​​​ഴു​​​​തി​​​​യ മ​​​​ഹാ​​​​ക​​​​വി​​​​യ​​​​ല്ലേ? ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​മ​​​​പു​​​​ത്ര​​​​ന​​​​ല്ലേ? സ​​​​മാ​​​​ദ​​​​ര​​​​വു​​​​ക​​​​ളു​​​​ടെ മ​​​​ധ്യേ ഉ​​​​ദ​​​​യ​​​​ദി​​​​വാ​​​​ക​​​​ര​​​​നെ​​​​പ്പോ​​​​ലെ ജ്വ​​​​ലി​​​​ച്ചു​​​​നി​​​​ന്നി​​​​ല്ലേ?” സു​​​​ഹൃ​​​​ത്ത് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് ചോ​​​​ദി​​​​ച്ചു. ടാ​​​​ഗോ​​​​ർ ചി​​​​രി​​​​ച്ചു. “താ​​​​ങ്ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ലൂ​​​​ടെ എ​​​​ന്നെ നോ​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തെ​​​​ല്ലാം ശ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കാം. പ​​​​ക്ഷേ, എ​​​​ന്‍റെ ക​​​​ണ്ണി​​​​ൽ അ​​​​തെ​​​​ല്ലാം വെ​​​​റും ശ്ര​​​​മ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.”​ -ടാ​​​​ഗോ​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​തൊ​​​​രു കേ​​​​വ​​​​ല മ​​​​നു​​​​ഷ്യ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഒ​​​​രു യോ​​​​ഗി​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. പൂ​​​​ർ​​​​ണ​​​​വി​​​​രാ​​​​മ​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ള​​​​ർ​​​​ന്ന ഒ​​​​രു പു​​​​രാ​​​​ത​​​​ന​​​​വൃ​​​​ക്ഷ​​​​ത്തി​​​​ന്‍റെ നെ​​​​ടു​​​​വീ​​​​ർ​​​​പ്പാ​​​​യി​​​​രു​​​​ന്നു അ​​​​ത്.

ടാ​​​​ഗോ​​​​ർ ന​​​​ട​​​​ന്ന ദൂ​​​​ര​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഓ​​​​ഷോ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. തീ​​​​ക്ഷ്ണ​​​​യൗ​​​​വ​​​​ന​​​​ത്തി​​​​ലാ​​​​ണ് ടാ​​​​ഗോ​​​​ർ മാ​​​​ളി​​​​ക വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ​​​​ത്. എ​​​​ന്നാ​​​​ല​​​​തു ബു​​​​ദ്ധ​​​​നെ​​​​പ്പോ​​​​ലെ നി​​​​ർ​​​​വാ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​ത് പ്ര​​​​ള​​​​യ​​​​പ​​​​യോ​​​​ധി​​​​യി​​​​ൽ ഒ​​​​രാ​​​​ലി​​​​ല ഒ​​​​ഴു​​​​കി​​​​പ്പോ​​​​കും​​​​പോ​​​​ലെയായി​​​​രു​​​​ന്നു. ടാ​​​​ഗോ​​​​റി​​​​ന്‍റെ അ​​​​കം​​​​നി​​​​റ​​​​യെ ഗ്രീ​​​​ഷ്മ​​​​വ​​​​ന​​​​ശാ​​​​ഖി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

അ​​​​തി​​​​ലെ ഓ​​​​രോ മു​​​​കു​​​​ള​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം വ​​​​സ​​​​ന്ത​​​​മാ​​​​ക്കി​​​​ത്തീ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ട്ട​​​​തെ​​​​ല്ലാം അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ രാ​​​​ഗ​​​​മാ​​​​ലി​​​​ക​​​​യി​​​​ൽ കൊ​​​​രു​​​​ത്തു​​​​വ​​​​ച്ചു. ക​​​​ണ്ട​​​​തെ​​​​ല്ലാം ചി​​​​ത്ര​​​​ശി​​​​ലാ​​​​പാ​​​​ളി​​​​ക​​​​ളി​​​​ൽ വ​​​​ര​​​​ഞ്ഞു​​​​വ​​​​ച്ചു. ടാ​​​​ഗോ​​​​റി​​​​ന്‍റെ യാ​​​​നം അ​​​​ക​​​​ത്തേ​​​​ക്കാ​​​​യി​​​​രു​​​​ന്നു. മൗ​​​​ന​​​​മു​​​​ദ്രി​​​​ത​​​​മാ​​​​യ യാ​​​​നം. വി​​​​ശ്രാ​​​​ന്തി​​​​ക​​​​ളി​​​​ല്ലാ​​​​ത്ത യാ​​​​നം. അ​​​​ക​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക​​​​ൾ ആ​​​​രെ​​​​യും ക്ഷീ​​​​ണി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്ന് ഓ​​​​ഷോ പ​​​​റ​​​​യും. നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി​​​​ക​​​​ളാ​​​​ണ് ഓ​​​​രോ ചു​​​​വ​​​​ട് വ​​​​യ്ക്കു​​​​മ്പോ​​​​ഴും കേ​​​​ൾ​​​​ക്കേ​​​​ണ്ട​​​​ത്. മ​​​​ന​​​​സി​​​​ൽ മ​​​​തി​​​​ഭ്ര​​​​മ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കി​​​​ല്ല. നോ​​​​വും നി​​​​രാ​​​​ശ​​​​യും ഏ​​​​റെ ക​​​​ഠി​​​​ന​​​​ത​​​​ര​​​​മാ​​​​കി​​​​ല്ല.

ഒ​​​​രു ഭ​​​​ഗീ​​​​ര​​​​ഥ​​​​നെ​​​​പ്പോ​​​​ലെ ‘ഗീ​​​​താ​​​​ഞ്ജ​​​​ലി’യെ തെ​​​​ളി​​​​മ​​​​ല​​​​യാ​​​​ള മ​​​​ന​​​സി​​​​ലേ​​​​ക്ക് ചാ​​​​ലു​​​​കീ​​​​റി കൊ​​​​ണ്ടു​​​​വ​​​​രു​​​​മ്പോ​​​​ൾ ഞാ​​​​നി​​​​തെ​​​​ല്ലാം അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​താ​​​​ണ്. ഒ​​​​ര​​​​ര​​​​ളി​​​​മ​​​​ര​​​​ച്ചോ​​​​ട്ടി​​​​ലി​​​​രു​​​​ന്നാ​​​​ണ് അ​​​​ഞ്ജ​​​​ലി​​​​ക​​​​ളെ ഞാ​​​​ൻ മ​​​​ല​​​​യാ​​​​ള​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​തൊ​​​​രു വേ​​​​ന​​​​ൽ​​​​ക്കാ​​​​ല​​​​ത്താ​​​​യി​​​​രു​​​​ന്നു. വ​​​​സ​​​​ന്ത​​​​ത്തെ വ​​​​ര​​​​വേ​​​​ൽ​​​​ക്കാ​​​​ൻ ചെ​​​​ടി​​​​ക​​​​ൾ പോ​​​​ലും ഇ​​​​ല​​​​ക​​​​ൾ തോ​​​​ർ​​​​ത്തി​​​​ നി​​​​ൽ​​​​ക്കു​​​​ന്ന കാ​​​​ലം. അ​​​​തോ​​​​ർ​​​​ത്തി​​​​രി​​​​ക്കെ, ഒ​​​​ര​​​​ദ്ഭു​​​​തം സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ എ​​​​നി​​​​ക്കു തോ​​​​ന്നി. ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്നാ​​​​മ​​​​ത്തെ കാ​​​​വ്യ​​​​ഖ​​​​ണ്ഡി​​​​ക മൊ​​​​ഴി​​​​മാ​​​​റ്റു​​​​മ്പോ​​​​ൾ പെ​​​​യ്തു​​​​നി​​​​ന്ന ആ ​​​​വേ​​​​ന​​​​ൽ പ​​​​തി​​​​യെ ഇ​​​​രു​​​​ളാ​​​​ൻ തു​​​​ട​​​​ങ്ങി. The sky groans like one despair. ആ​​​​ശ​​​​യ​​​​റ്റ ന​​​​ഭ​​​​സി​​​​താ തേ​​​​ങ്ങി​​​​ക്ക​​​​ര​​​​യു​​​​ന്ന​​​​തു​​​​പോ​​​​ലെ. എ​​​​നി​​​​ക്ക് ക​​​​ണ്ണു​​​​ക​​​​ൾ അ​​​​ട​​​​യ്ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. കാ​​​​ളി​​​​മ​​​​യാ​​​​ർ​​​​ന്നൊ​​​​രു ന​​​​ദീ​​​​തീ​​​​ര​​​​വും പ​​​​രു​​​​ഷ​​​​മാ​​​​യൊ​​​​രു ആ​​​​ര​​​​ണ്യ​​​​വും ഇ​​​​രു​​​​ളി​​​​ന്‍റെ ആ​​​​ഴ​​​​ത്തി​​​​ലൂ​​​​ടെ എ​​​​നി​​​​ക്കു കാ​​​​ണാം. അ​​​​തി​​​​നു​​​​ള്ളി​​​​ലൂ​​​​ടൊ​​​​രു തെ​​​​ളി​​​​ഞ്ഞ വ​​​​ഴി.

നീ​​​​ലാം​​​​ബ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നൊ​​​​രു വെ​​​​ള്ളി​​​​നൂ​​​​ൽ അ​​​​ട​​​​ർ​​​​ന്നു​​​​വീ​​​​ണ മാ​​​​തി​​​​രി. അ​​​​തി​​​​ലൂ​​​​ടെ ആ​​​​രോ ഒ​​​​രാ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ആ ​​​​വെ​​​​ള്ളി​​​​നൂ​​​​ൽ ഒ​​​​ന്ന​​​​ല്ല; ഒ​​​​രാ​​​​യി​​​​ര​​​​മു​​​​ണ്ട്. അ​​​​ത​​​​യാ​​​​ൾ ശി​​​​ര​​​​സി​​​​ൽ ചൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​ത്മാ​​​​ന​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു വ​​​​രു​​​​ന്ന ത​​​​ണു​​​​ത്ത കാ​​​​റ്റി​​​​ൽ അ​​​​തൊ​​​​രു ചാ​​​​മ​​​​രം​​​​പോ​​​​ലെ ചി​​​​ത​​​​റു​​​​ന്നു​​​​ണ്ട്. ഉ​​​​ല​​​​ഞ്ഞ കു​​​​പ്പാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​രി​​​​കു​​​​ക​​​​ളി​​​​ൽ തു​​​​ന്നി​​​​ച്ചേ​​​​ർ​​​​ത്ത ന​​​​ക്ഷ​​​​ത്ര​​​​പ്പൂ​​​​വു​​​​ക​​​​ൾ മി​​​​ന്നു​​​​ന്നു​​​​ണ്ട്. “എ​​​​നി​​​​ക്കു ന​​​​ൽകു​​​​വാ​​​​ൻ നി​​​​ന്‍റെ കൈ​​​​വ​​​​ശം എ​​​​ന്താ​​​​ണു​​​​ള്ള​​​​ത്?” അ​​​​ദ്ദേ​​​​ഹം എ​​​​ന്നോ​​​​ട് ചോ​​​​ദി​​​​ച്ചു. ഞാ​​​​ൻ ന​​​​ടു​​​​ങ്ങി​​​​പ്പോ​​​​യി. “നീ ​​​​ക​​​​രം നീ​​​​ട്ടി ഒ​​​​രു യാ​​​​ച​​​​ക​​​​നോ​​​​ട് യാ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണോ” എ​​​​ന്നെ​​​​നി​​​​ക്ക് ചോ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ക്ഷേ, ഞാ​​​​ൻ ചോ​​​​ദി​​​​ച്ചി​​​​ല്ല. ഭി​​​​ക്ഷാ​​​​പാ​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു ധാ​​​​ന്യ​​​​മ​​​​ണി​​​​യെ​​​​ടു​​​​ത്ത് ആ ​​​​ക​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഞാ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. അ​​​​ന​​​​ന്ത​​​​രം വി​​​​ദൂ​​​​ര​​​​ത​​​​യി​​​​ൽ ഒ​​​​രു ന​​​​ക്ഷ​​​​ത്ര​​​​മു​​​​ദി​​​​ച്ചു. നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ അ​​​​തൊ​​​​രു തേ​​​​ജോ​​​​ഗോ​​​​ള​​​​മാ​​​​യി. കോ​​​​ടി ദി​​​​ന​​​​ക​​​​ര ദ്യു​​​​തി​​​​യാ​​​​യി. പു​​​​ല​​​​ർ​​​​വെ​​​​ട്ടം വീ​​​​ണ​​​​പ്പോ​​​​ൾ എ​​​​നി​​​​ക്കു ചി​​​​റ​​​​കു​​​​ക​​​​ൾ മു​​​​ള​​​​ച്ചു. ഞാ​​​​ൻ കി​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി.

ജ​​​​പ്പാ​​​​നി​​​​ലെ ഉ​​​​ദാ​​​​ത്ത​​​​നാ​​​​യ ക​​​​വി മ​​​​ത്സു​​​​വോ ബാ​​​​ഷോ പ്ര​​​​കൃ​​​​തി​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്യു​​​​മ്പോ​​​​ൾ എ​​​​നി​​​​ക്കി​​​​തേ അ​​​​നു​​​​ഭ​​​​വം വീ​​​​ണ്ടു​​​​മു​​​​ണ്ടാ​​​​യി. ആ ​​​​യാ​​​​ത്ര ഒ​​​​രു പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ർ​​​​വ​​​​ത​​​​മു​​​​ക​​​​ളി​​​​ലെ ദേ​​​​വ​​​​ദാ​​​​രു​​​​വി​​​​നെ ചും​​​​ബി​​​​ക്കാ​​​​നു​​​​ള്ള യാ​​​​നം. അ​​​​തി​​​​നെ ദാ​​​​ഹം എ​​​​ന്നു​​​​ത​​​​ന്നെ ഞാ​​​​ൻ പ​​​​രി​​​​ഭാ​​​​ഷ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഏ​​​​റെ മു​​​​ക​​​​ളി​​​​ൽ ​​​​ചെ​​​​ന്ന് താ​​​​ഴ്‌​​​​വാ​​​​ര​​​​ത്തേ​​​​ക്കു നോ​​​​ക്കു​​​​മ്പോ​​​​ൾ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ ക​​​​വി​​​​ത​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ എ​​​​ന്നു തോ​​​​ന്നും. ആ​​​​ദ്യ വേ​​​​ന​​​​ൽ​​​​പ്പെ​​​​യ്ത്തി​​​​ൽ ത​​​​ളി​​​​ർ​​​​ത്ത ത​​​​രി​​​​ശു​​​​ഭൂ​​​​മി ക​​​​വി​​​​ത​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ എ​​​​ന്നു തോ​​​​ന്നും. ചെ​​​​റു​​​​നാ​​​​ര​​​​ക​​​​പ്പൂ​​​​ക്ക​​​​ൾ മ​​​​ണ​​​​ക്കു​​​​മ്പോ​​​​ൾ മൂ​​​​ക്കി​​​​ന്‍റെ പൊ​​​​ത്തി​​​​ൽനി​​​​ന്നു പ​​​​റ​​​​ന്നു​​​​പോ​​​​യ ചി​​​​ര​​​​പു​​​​രാ​​​​ത​​​​ന സു​​​​ഗ​​​​ന്ധ​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​മ വ​​​​രും. ബാ​​​​ഷോ​​​​യ്ക്കൊ​​​​പ്പം എ​​​​ന്നെ മ​​​​ല​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ​​​​റ​​​​ഞ്ഞു​​​​വി​​​​ട്ട​​​​ത് കെ.ടി. സൂ​​​​പ്പി മാ​​​​ഷാ​​​​ണ്. ആ​​​​യി​​​​രം വ​​​​യ​​​​സു​​​​ള്ള ആ ​​​​ദേ​​​​വ​​​​ദാ​​​​രു​​​​വി​​​​നെ ആ​​​​ദ്യം ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്ത​​​​ത് സൂ​​​​പ്പി മാ​​​​ഷാ​​​​ണ്. ഭൂ​​​​മി​​​​യി​​​​ലെ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ന്ത​​​​രി​​​​ക​​​​ശോ​​​​ഭ ഞാ​​​​ന​​​​റി​​​​ഞ്ഞ​​​​ത് ബാ​​​​ഷോ​​​​യ്ക്കൊ​​​​പ്പം ന​​​​ട​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ്. ആ ​​​​ന​​​​ട​​​​ത്തം ഇ​​​​പ്പോ​​​​ഴു​​​​മു​​​​ണ്ട്.

Latest News

Corehub Up