x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്ധ്യ

ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ
Published: June 3, 2026 01:38 AM IST | Updated: June 3, 2026 01:38 AM IST

അ​​​ക്ക​​​മ​​​ഹാ​​​ദേ​​​വി​​​യെ വാ​​​യി​​​ക്കും​​​വ​​​രെ എ​​​നി​​​ക്ക് പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ നി​​​റ​​​മെ​​​ന്തെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​രു​​​മി​​​ഴി​​​ചെ​​​ന്നി​​​രു​​​മി​​​ഴി​​​യി​​​ല​​​ലി​​​ഞ്ഞാ​​​ൽ എ​​​ന്തു​​​നി​​​റ​​​മെ​​​ന്ന് ഞാ​​​നെ​​​ന്നോ​​​ടു​​​ത​​​ന്നെ ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത്ര​​​മേ​​​ലൊ​​​രി​​​ഷ്‌​​​ട​​​ത്താ​​​ൽ തൂ​​​വി​​​പ്പോ​​​കു​​​മ്പോ​​​ൾ നി​​​റ​​​വും മ​​​ണ​​​വും രു​​​ചി​​​യു​​​മൊ​​​ന്നും ന​​​മ്മു​​​ടെ സ​​​ങ്ക​​​ല്പ​​​ത്തി​​​ൽ​​​പോ​​​ലും ഉ​​​ണ്ടാ​​​കി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​ള​​​വെ​​​യി​​​ലും എ​​​രി​​​വെ​​​യി​​​ലും ക​​​ഴി​​​ഞ്ഞ​​​് അപ​​​രാ​​​ഹ്ന​​​കാ​​​ന്തി​​​യെ​​​ഴു​​​മൊ​​​രു നി​​​മി​​​ഷ​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ൾ ന​​​മ്മെ ആ​​​കെ മൂ​​​ടു​​​ന്നൊ​​​രു നി​​​റ​​​മു​​​ണ്ട​​​ല്ലോ, അ​​​താ​​​ണ് പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ നി​​​റം. ക്ഷ​​​ണി​​​ക​​​മ​​​ല്ല​​​ത്. നീ​​​യും ഞാ​​​നും മാ​​​യ​​​യാ​​​യ് ല​​​യി​​​ക്കു​​​ന്ന ക​​​ല്പാ​​​ന്ത​​​സ​​​ന്ധ്യാ​​​കാ​​​ലം. അ​​​താ​​​ണ് പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ നി​​​റ​​​മെ​​​ന്ന് അ​​​ക്ക മൊ​​​ഴി​​​യു​​​ന്നു. അ​​​തു​​​കേ​​​ട്ടി​​​രി​​​ക്കാ​​​ൻ ഇ​​​മ്പ​​​മാ​​​ണ്. മ​​​ഹാ​​​ദേ​​​വ​​​നാ​​​യ ചെ​​​ന്ന​​​മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന​​​നാ​​​ഥ​​​നെ ആ​​​ദ്യ​​​മാ​​​യി ക​​​ൺ​​​നി​​​റ​​​യെ ക​​​ണ്ട് തൂ​​​വി​​​പ്പോ​​​യ അ​​​ക്ക അ​​​ങ്ങ​​​നെ മ​​​റ്റൊ​​​രു സ​​​ന്ധ്യ​​​യാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ലോ​​​ക​​​മോ​​​ഹ​​​ന രൂ​​​പ​​​ത്തി​​​ൽ​​​നി​​​ന്ന് പൂ​​​ർ​​​ണ വി​​​രാ​​​ഗി​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​ഴു​​​കി​​​പ്പ​​​ര​​​ക്ക​​​ൽ. അ​​​തി​​​ന് അ​​​നാ​​​ദ്യ​​​ന്ത പ്ര​​​ണ​​​യ​​​മു​​​ദ്ര കൂ​​​ടി​​​യാ​​​കു​​​ന്നു സ​​​ന്ധ്യ.

ഒ​​​രു​​​നാ​​​ൾ മ​​​ഹാ​​​ക​​​വി അ​​​ക്കി​​​ത്ത​​​ത്തെ ക​​​ണ്ടുമ​​​ട​​​ങ്ങു​​​മ്പോ​​​ൾ കൂ​​​ടെ​​​പ്പോ​​​ന്നൊ​​​രു സ​​​ന്ധ്യ​​​യു​​​ണ്ട്. ക്ഷേ​​​ത്ര​​​വി​​​ള​​​ക്കു​​​ക​​​ളി​​​ലു​​​രു​​​മ്മി​​​വ​​​രു​​​മൊ​​​രു സാ​​​യം​​​സ​​​ന്ധ്യ. കു​​​മ​​​ര​​​നല്ലൂ​​​രി​​​ലെ തൃ​​​ക്കോ​​​വി​​​ലു​​​ക​​​ളി​​​ൽ തൊ​​​ഴു​​​തു​​​വ​​​രു​​​ന്നൊ​​​രു സ​​​ന്ധ്യ. നോ​​​ക്കി​​​നി​​​ൽ​​​ക്കേ ക​​​ന​​​ത്തു പെ​​​രു​​​ത്തു​​​വ​​​രു​​​ന്നൊ​​​രു തെ​​​യ്യ​​​ത്തി​​​ന്‍റെ നി​​​റ​​​മാ​​​ണ് അ​​​പ്പോ​​​ൾ സ​​​ന്ധ്യ​​​ക്ക്. നി​​​മി​​​ഷനേ​​​രംകൊ​​​ണ്ട് ന​​​മ്മെ വ​​​ന്ന​​​തു പൊ​​​തി​​​യും. ഞാ​​​ൻ ക​​​ണ്ട​​​തി​​​ലേ​​​ക്കും​​​വ​​​ച്ച് ഏ​​​റ്റ​​​വും സു​​​ന്ദ​​​ര​​​മാ​​​യൊ​​​രു കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ത്. വ​​​ർ​​​ത്ത​​​മാ​​​നം പ​​​റ​​​ഞ്ഞി​​​രി​​​ക്കേ മ​​​ഹാ​​​ക​​​വി പ​​​റ​​​ഞ്ഞു, “എ​​​ന്‍റെ മു​​​ത്ത​​​ശി​​​മാ​​​രേ​​​ക്കാ​​​ൾ പ​​​ഴ​​​ക്ക​​​മു​​​ണ്ട് കു​​​മ​​​ര​​​ന​​​ല്ലൂ​​​രി​​​ലെ സ​​​ന്ധ്യ​​​ക​​​ൾ​​​ക്ക്. തു​​​ടു​​​ത്ത ഹേ​​​മ​​​ന്ത​​​ത്തി​​​ന്‍റെ നി​​​റം. മ​​​ഴ​​​യ​​​ത്തു കാ​​​ണാ​​​നാ​​​ണ് ഏ​​​റെ ച​​​ന്തം. ഒ​​​തു​​​ക്കു​​​ക​​​ല്ലു​​​ക​​​ൾ ക​​​യ​​​റി മു​​​ഖം വീ​​​ർ​​​പ്പി​​​ച്ചു പ​​​ടി​​​ക്ക​​​ൽ വ​​​ന്നു നി​​​ൽ​​​ക്കും. പി​​​ണ​​​ക്ക​​​മി​​​ല്ല. പ​​​ക്ഷേ, പ​​​രി​​​ഭ​​​വ​​​മു​​​ണ്ട്. അ​​​താ​​​ണി​​​ത്ര തു​​​ടി​​​പ്പ്. ചി​​​ല​​​പ്പോ​​​ൾ മു​​​റു​​​ക്കി​​​ച്ചു​​​വ​​​പ്പി​​​ച്ച് ചെ​​​മ്പ​​​ര​​​ത്തി​​​ക്കു​​​മേ​​​ലെ​​​യും തെ​​​ച്ചി​​​ക്കു​​​മേ​​​ലെ​​​യും തു​​​പ്പി​​​ക്കൊ​​​ണ്ടാ​​​വും വ​​​രി​​​ക!” മ​​​ഹാ​​​ക​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ കേ​​​ട്ടി​​​രി​​​ക്കാ​​​ൻ ന​​​ല്ല ര​​​സ​​​മാ​​​ണ്. കൊ​​​മ്പ​​​നാ​​​ന​​​പ്പു​​​റ​​​ത്ത് എ​​​ഴു​​​ന്നെ​​​ള്ളി​​​യെ​​​ത്തും തി​​​ട​​​മ്പെ​​​ന്ന​​​പോ​​​ലെ​​​യാ​​​ണ് ആ ​​​വാ​​​ക്കു​​​ക​​​ൾ. എ​​​ത്ര​​​നേ​​​രം അ​​​തു കേ​​​ട്ടി​​​രു​​​ന്നു എ​​​ന്നെ​​​നി​​​ക്ക​​​റി​​​യി​​​ല്ല. യാ​​​ത്ര​​​പ​​​റ​​​ഞ്ഞ് പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മ്പോ​​​ൾ മു​​​ന്നി​​​ൽ ഇ​​​ന്ദ്ര​​​ജാ​​​ലം​​​പോ​​​ലെ സ​​​ന്ധ്യ. വാ​​​ഴ്‌വി​​​ൻ പാ​​​ഴ്നി​​​ല​​​ങ്ങ​​​ളെ​​​യും എ​​​ന്നെ​​​യും അ​​​വ​​​ൾ എ​​​ത്ര​​​മേ​​​ലാ​​​ഴ​​​ത്തി​​​ൽ അ​​​മ​​​ർ​​​ത്തി തൊ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്നു.

ചി​​​ല ഓ​​​ർ​​​മ​​​ക​​​ളു​​​ണ്ട്. സൂ​​​ക്ഷ്മ​​​ലോ​​​ച​​​ന​​​ങ്ങ​​​ൾ​​കൊ​​​ണ്ട് ക​​​ണ്ട​​​തും കാ​​​ണാ​​​ത്ത​​​തു​​​മാ​​​യി. സ്വ​​​പ്ന​​​ത്തി​​​ലൊ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച് ഇ​​​ട​​​യ്ക്കി​​​ടെ മ​​​ണ​​​ത്തു​​​നോ​​​ക്കു​​​ന്ന​​​വ. അ​​​ങ്ങ​​​നെ തൊ​​​ട്ടു​​​തൊ​​​ട്ടു​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ ഞാ​​​നും പ​​​നി​​​ക്കു​​​ന്നൊ​​​രു കു​​​ഞ്ഞാ​​​യി മാ​​​റു​​​ന്നു. പാ​​​രു​​​ഷ്യ​​​മേ​​​റും പ​​​ക​​​ലി​​​നോ​​​ടും ഭ​​​യ​​​രൂ​​​പി​​​യാം രാ​​​വി​​​നോ​​​ടും തോ​​​ന്നാ​​​ത്തൊ​​​രി​​​ഷ്‌​​​ടം സ​​​ന്ധ്യ​​​യോ​​​ടെ​​​ങ്ങ​​​നെ ഉ​​​ണ്ടാ​​​യി എ​​​ന്നെ​​​നി​​​ക്കു​​​മ​​​റി​​​യി​​​ല്ല. വി​​​തു​​​മ്പി​​നി​​​ന്നൊ​​​രു സ്വ​​​രം; നെ​​​ഞ്ചി​​​ലെ ക​​​ട​​​ച്ചി​​​ൽ​​​പോ​​​ലെ. ആ​​​ര​​​തി​​​യു​​​ഴി​​​ഞ്ഞു​​​ണ​​​ർ​​​ത്തി​​​യ കൃ​​​ഷ്ണ​​​ശി​​​ല​​​ത​​​ൻ ചാ​​​രു​​​ത​​​പോ​​​ലെ. മീ​​​നാ​​​ടു​​​ന്ന മി​​​ഴി​​​ക​​​ൾ​​​പോ​​​ലെ. ഭൂ​​​മി​​​യി​​​ൽ ഞാ​​​നാ​​​ദ്യം സ്നേ​​​ഹി​​​ച്ച​​​ത് അ​​​വ​​​ളെ​​​യാ​​​ണ്. അ​​​തെ​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല ക​​​വി​​​ത​​​ക​​​ളി​​​ലു​​​ണ്ട്. പു​​​ഴ​​​യി​​​ൽ ഒ​​​ഴു​​​കി​​​ന​​​ട​​​ക്കും വെ​​​യി​​​ൽ​​​നാ​​​ള​​​ങ്ങ​​​ൾ​​​പോ​​​ലെ. പി​​​ന്നീ​​​ടെ​​​പ്പോഴൊ​​​ക്കെ​​​യോ കൗ​​​മാ​​​രം മു​​​ഖ​​​ക്കു​​​രു പൊ​​​ട്ടി​​​ച്ച് പോ​​​കു​​​മ്പോ​​​ൾ സ​​​ന്ധ്യ​​​യു​​​ടെ നി​​​റം മാ​​​റി. വ​​​ല്ലാ​​​ത്ത ഉ​​​ഷ്ണ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ന്ധ്യ തെ​​​യ്യ​​​മാ​​​യി. പ​​​ഠി​​​ത്തം ക​​​ഴി​​​ഞ്ഞ് അ​​​ല​​​യു​​​ന്ന കാ​​​ല​​​ത്ത് സ​​​ന്ധ്യ ബാ​​​ധ​​​യൊ​​​ഴി​​​പ്പി​​​ച്ച മ​​​ന്ത്ര​​​ങ്ങ​​​ൾ​​​പോ​​​ലെ​​​യാ​​​യി. പി​​​ന്നെ​​​പ്പി​​​ന്നെ എ​​​ന്തൊ​​​ക്കെ​​​യോ ആ​​​യി.

ര​​​സ​​​ക​​​ര​​​മാ​​​യൊ​​​രു ഓ​​​ർ​​​മ​​​യു​​​ണ്ട്. അ​​​തു പ​​​റ​​​യ​​​ട്ടെ. ഡി. ​​​വി​​​ന​​​യ​​​ച​​​ന്ദ്ര​​​ൻ മാ​​​ഷു​​​മാ​​​യി ഒ​​​രി​​​ക്ക​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ പോ​​​യി. ബ​​​സി​​​ലാ​​​യി​​​രു​​​ന്നു യാ​​​ത്ര. നാ​​​ഞ്ചി​​​നാ​​​ടു ക​​​ഴി​​​ഞ്ഞ് ഹി​​​മ​​​ഭ​​​സ്മ​​​ധാ​​​രി​​​ക​​​ളാ​​​യ ഗി​​​രി​​​ശൃം​​​ഗ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ട് സാ​​​ഗ​​​ര​​​ത്തോ​​​ട് അ​​​ടു​​​ക്ക​​​വേ മാ​​​ഷ് ചോ​​​ദി​​​ച്ചു, “ഞാ​​​ൻ നി​​​ല​​​വി​​​ളി​​​ച്ച​​​ത് നീ ​​​കേ​​​ട്ടു​​​വോ” എ​​​ന്ന്. എ​​​നി​​​ക്ക​​​ദ്ഭു​​​തം തോ​​​ന്നി. “കേ​​​ട്ടി​​​ല്ല” എ​​​ന്നു ഞാ​​​ൻ പ​​​റ​​​ഞ്ഞു. “കേ​​​ൾ​​​ക്ക​​​രു​​​ത്. ന​​​മ്മ​​​ൾ നി​​​ല​​​വി​​​ളി​​​ക്കു​​​ന്ന​​​ത് ന​​​മു​​​ക്കു​​​മാ​​​ത്രം കേ​​​ൾ​​​ക്കാ​​​വു​​​ന്ന ശ​​​ബ്‌​​​ദ​​​ത്തി​​​ലാ​​​ക​​​ണം” മാ​​​ഷ് പ​​​റ​​​ഞ്ഞു. “ഇ​​​ങ്ങ​​​നെ നി​​​ശ​​​ബ്‌​​​ദ​​​മാ​​​യി നി​​​ല​​​വി​​​ളി​​​ക്കു​​​ന്ന ഒ​​​ര​​​നു​​​ഭ​​​വം സ​​​ന്ധ്യ​​​ക്കു​​​ണ്ട്. ദി​​​ന​​​രാ​​​വു​​​ക​​​ളു​​​ടെ ദൈ​​​ർ​​​ഘ്യം സ​​​ന്ധ്യ​​​ക്കി​​​ല്ല. പ​​​ക്ഷേ, ക്ഷേ​​​ത്ര​​​വി​​​ള​​​ക്കു​​​ക​​​ൾ​​​പോ​​​ലെ സ​​​ന്ധ്യ തെ​​​ളി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ ദി​​​ന​​​രാ​​​വു​​​ക​​​ളു​​​ടെ ആ​​​യു​​​സി​​​നെ അ​​​തു മ​​​റി​​​ക​​​ട​​​ക്കു​​​ന്നു. ആ ​​​നി​​​ല​​​വി​​​ളി ആ​​​രും കേ​​​ൾ​​​ക്കു​​​ന്നി​​​ല്ല!” മാ​​​ഷ് പി​​​ന്നെ​​​യും എ​​​ന്തൊ​​​ക്കെ​​​യോ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു. കു​​​മാ​​​രി​​​യി​​​ൽ സ്നാ​​​നം ചെ​​​യ്ത് ക​​​ര​​​യി​​​ൽ വ​​​ന്നി​​​രി​​​ക്ക​​​വേ ഞാ​​​നോ​​​ർ​​​ത്തു, ഉ​​​ള്ളി​​​ലേ​​​റ്റി​​​യ നി​​​റ​​​ങ്ങ​​​ളെ​​​ല്ലാം ചേ​​​ർ​​​ത്ത് ഞാ​​​നൊ​​​രു ചി​​​ത്രം വ​​​ര​​​യ്ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​തി​​​നു സ​​​ന്ധ്യ​​​യു​​​ടെ നി​​​റ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന്. ന​​​ഷ്‌​​​ട​​​മാ​​​കാ​​​ത്ത വാ​​​ക്കി​​​ലൂ​​​ടെ ദൈ​​​വ​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കും​​​പോ​​​ലെ മാ​​​ഷ് ക​​​വി​​​ത ചൊ​​​ല്ലി, സൂ​​​ര്യ​​​വി​​​നയം.

“മ​​​ഞ്ഞു​​​വ​​​ന്നു മു​​​ഖ​​​പ​​​ട​​​മി​​​ട്ടെ​​​ന്‍റെ
സ​​​ന്ധ്യ​​​യെ കു​​​ന്നി​​​റ​​​ക്കി നി​​​വ​​​രു​​​മ്പോ​​​ൾ
അ​​​ങ്ങു ദൂ​​​രെ മെ​​​ലി​​​ഞ്ഞ മൃ​​​ഗാ​​​ങ്ക​​​നാ​​​യ്
എ​​​ന്‍റെ നേ​​​ർ​​​ച്ച നെ​​​രി​​​പ്പോ​​​ടി​​​ന്നോ​​​ർ​​​മ​​​യാ​​​യ്.”

ഒ​​​രി​​​ക്ക​​​ൽ വാ​​​യി​​​ച്ചു, അ​​​മ​​​ർ​​​ത്യാ​​​ന​​​ന്ദ​​​യു​​​ടെ ‘അ​​​ർ​​​ധ​​​വി​​​രാ​​​മ’​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് ഓ​​​ർ​​​മ, സ​​​ന്ധ്യ​​​ക്ക് കാ​​​ഷാ​​​യ​​​ത്തി​​​ന്‍റെ നി​​​റ​​​മാ​​​ണെ​​​ന്ന്. എ​​​ത്ര ആ​​​ഴ​​​മാ​​​ണ് ആ ​​​ഭാ​​​വ​​​ന​​​യ്ക്ക്. മൃ​​​ൺമയ​​​മാ​​​യ ആ ​​​വാ​​​ക്കു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ഭ്ര​​​മ​​​ണാ​​​ർ​​​ത്ത​​​നാ​​​യി ഞാ​​​ൻ വീ​​​ണു​​​പോ​​​യി എ​​​ന്ന​​​തു നേ​​​രാ​​​ണ്. പി​​​ന്നീ​​​ടെ​​​പ്പോ​​​ഴൊ​​​ക്കെ​​​യോ ദേ​​​വ​​​താ​​​ത്മാ​​​വി​​​ലേ​​​ക്കു​​​ള്ള പ​​​രി​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി വാ​​​യി​​​ച്ചു​​​തീ​​​ർ​​​ക്കു​​​മ്പോ​​​ഴെ​​​ല്ലാം പ​​​ല​​​പ​​​ല സ​​​ന്ധ്യ​​​ക​​​ളെ ക​​​ണ്ടു. പ്ര​​​ഭാ​​​ത​​​പ്ര​​​ദോ​​​ഷ​​​ങ്ങ​​​ൾ പോ​​​ലെ​​​യ​​​ല്ല ആ ​​​യാ​​​ത്രി​​​ക​​​ർ സ​​​ന്ധ്യ​​​യെ വ​​​ര​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഞാ​​​ൻ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു.

സ​​​ന്ധ്യ​​​യെ​​​ക്കു​​​റി​​​ച്ചെ​​​ഴു​​​തു​​​മ്പോ​​​ൾ എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​നി​​​മി​​​ഷം ക​​​വി​​​ക​​​ളാ​​​യി മാ​​​റു​​​ന്നു. ഇ​​​തെ​​​ന്നെ തെ​​​ല്ലൊ​​​ന്നു​​​മ​​​ല്ല അദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഒഎ​​​ൻവി​​​യു​​​ടെ ‘ഉ​​​ജ്ജ​​​യി​​​നി’ തു​​​ട​​​ങ്ങു​​​ന്ന​​​തു​​​ത​​​ന്നെ “സ​​​ന്ധ്യ​​​ക​​​ൾ പ​​​ല​​​തു​​​പോ​​​യ്, ഉ​​​ജ്ജ​​​യി​​​നി​​​യി​​​ൽനി​​​ന്നീ വി​​​ന്ധ്യ​​​സാ​​​നു​​​വി​​​ലെ​​​ഴും വീ​​​ഥി​​​യി​​​ലൂ​​​ടെ” എ​​​ന്നാ​​​ണ്. ഉ​​​ജ്ജ​​​യി​​​നി​​​യി​​​ൽ​​​നി​​​ന്ന് രാ​​​മ​​​ഗി​​​രി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​ക്കി​​​ട​​​ക്കു​​​ന്ന വി​​​ര​​​ഹാ​​​ർ​​​ദ്ര​​​മാം സ​​​ന്ധ്യ. എ​​​ത്ര​​​ ആ​​​ഴ​​​മേ​​​റി​​​യ ഭാ​​​വാ​​​ന്ത​​​ര​​​ങ്ങ​​​ൾ. ഒ​​​രു പ​​​ക​​​ല​​​റു​​​തി​​​യി​​​ലി​​​രു​​​ന്ന് ഞാ​​​നി​​​ത് എ​​​ഴു​​​തിനി​​​ർ​​​ത്തു​​​മ്പോ​​​ൾ കാ​​​ല​​​ത്തി​​​ൻ മ​​​ഹാ​​​ക്ഷേ​​​ത്ര​​​ന​​​ട​​​യി​​​ൽ വി​​​ള​​​ക്കു​​​കൊ​​​ളു​​​ത്താ​​​ൻ സ​​​ന്ധ്യ പ​​​തി​​​യെ വ​​​രു​​​ന്ന​​​ത് ഞാ​​​ന​​​റി​​​യു​​​ന്നു. മ​​​റ്റൊ​​​രാ​​​ത്മാ​​​വി​​​നെ തൊ​​​ട്ടു​​​തൊ​​​ട്ടു​​​ണ​​​ർ​​​ത്തും​​​പോ​​​ലെ മു​​​ദ്രി​​​ത​​​മാം അ​​​തി​​​നു​​​ള്ളി​​​ൽ നി​​​ന്നി​​​ത്തി​​​രി കു​​​ങ്കു​​​മ​​​മെ​​​ടു​​​ത്ത് ഞാ​​​ൻ പ്രാ​​​ണ​​​നി​​​ൽ ചേ​​​ർ​​​ത്തു​​​വ​​​യ്ക്കു​​​ന്നു.

Tags : Evening Kadharsis

Recent News

Corehub Up