ഇന്നോളം വായിച്ചിട്ടുള്ളതിലേക്കുവച്ച് ഏറ്റവും ശ്രേഷ്ഠമായ കവിത ക്രിസ്തുവാണ്. ആ കവിത അനുഭവിക്കാത്ത ഒരു നിമിഷം പോലും എന്റെ അനുഭവത്തിലില്ല. അത് ആത്മാവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള കവിതകൂടിയായിരുന്നു. എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കുമൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന ക്രിസ്തു എന്റെ നിശബ്ദതയിൽ എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ വചനം ഒരിക്കലും നിശബ്ദമായിരുന്നില്ല. അവൻ സ്വയം നിശ്ചലനായി നിന്നുകൊണ്ട് എല്ലാറ്റിനെയും ചലിപ്പിക്കുകയാണു ചെയ്യുന്നത്.
കുട്ടിക്കാലം മുതലേ അനുഭവത്തിന്റെ പൂർണകായസ്പർശമായി ക്രിസ്തു ഉള്ളിലെങ്ങോ തളിർത്തിട്ടുണ്ടാകണം. നൊന്തുനീറുമ്പോൾ ഞാൻ കണ്ടെത്തിയ അഭയശൂശ്രൂഷ മാത്രമായിരുന്നില്ല അത്. എന്റെ മുറിവ് ഒരിക്കലും ഹൃദയത്തിലായിരുന്നില്ല. ഭൂമിയിലെ ഓരോ നിലവിളിയിലും ഞാനാ വേദന അനുഭവിച്ചിരുന്നു. തുവർത്താനാകാത്തവിധം ഉള്ളിൽനിന്ന് കവിത കിനിഞ്ഞിറങ്ങിയ നാൾമുതൽ ആ പ്രകാശം അരികിലുണ്ടായിരുന്നു. അത് എന്നിൽനിന്ന് ഭിന്നിച്ചുപോയ വരികളെ ഒരു വിശേഷവേലയാൽ തുന്നിച്ചേർക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.
ആകാശത്തിൽ ആദ്യം തെളിയുന്ന വെളിച്ചം ഭൂമിയിലെ കവികൾക്കുകൂടി അവകാശപ്പെട്ടതാണെന്ന് എന്നെ ഓർമപ്പെടുത്തിയത് അവനാണ്. നമ്മുടെ ദിഗ്ഭ്രമങ്ങൾക്കിടയിലൂടെയാണ് അവൻ വരുന്നത്. ആ വരവിന് ഒരലങ്കാരവുമില്ല. ഭാഗീരഥിയുടെ ഹുങ്കാരമോ മഹാമേരുവിന്റെ ഉത്തുംഗതയോ ഇല്ല. മൗനത്തിൽ മുങ്ങിനിവർന്ന ഒരു യോഗിയെപ്പോലെയാണ് അവന്റെ വരവ്. അവന്റെ സ്പർശം കവിക്ക് വാക്കും കുരുടനു പുതിയ കാഴ്ചയും നൽകുന്നു. അവന്റെ നിശബ്ദത അനാദിയായ ശബ്ദമായി മാറുന്നു. അവന്റെ നക്ഷത്രങ്ങൾ ഘനശ്യാമനിബിഡമാം നഭസിൽ ഇന്ദ്രചാപങ്ങളായിത്തീരുന്നു.
ഒരു ദേവാലയ മുറ്റത്തുവച്ചാണ് ഞാൻ ആദ്യകവിത എഴുതിയത് എന്നാണ് ഓർമ. അതൊരു മഴക്കാലത്തായിരുന്നു. ഒരായിരം മഴപ്പാറ്റകളുടെ നരച്ച ചിറകുകൾ അവിടെ വീണുകിടപ്പുണ്ടായിരുന്നു. കൂട്ടുകാർ ദൂരെ തലപ്പന്ത് കളിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം കളിക്കാനാകാതെ വല്ലാതെ വിയർത്ത് ഞാൻ തണലത്തിരിക്കുകയായിരുന്നു. പൊടുന്നനെ ഉള്ളിലൊരു കയ്പ് അനുഭവപ്പെട്ടു. ഞാനേതോ വിജനപാതയിൽ ഒറ്റപ്പെട്ടതുപോലെ തോന്നി. പണ്ട് കൺമുന്നിൽനിന്ന് കാണാതായവർ ഓരോരുത്തരായി ഓർമയിലേക്ക് കയറിവന്നു.
“എന്നെക്കുറിച്ചെഴുതൂ, എന്നെക്കുറിച്ചെഴുതൂ” എന്നവർ മുറവിളികൂട്ടി. എനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാൻ അറിയില്ലായിരുന്നു. അവരുടെ ഭാഷ എനിക്ക് അജ്ഞാതമായിരുന്നു. മുന്നിൽ കണ്ട ഒരു പുൽച്ചാടിയെക്കുറിച്ചെഴുതാൻ ഞാനാഗ്രഹിച്ചു. പുൽച്ചാടി എന്റെ മുന്നിൽ നൃത്തം ചെയ്യുകയായിരുന്നു. അതിന്റെ നിർഭയത്വമാണ് അതിനെക്കുറിച്ചെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എഴുതാനിരുന്നപ്പോൾ എവിടെ തുടങ്ങണമെന്നറിയാതെ കുഴങ്ങി. ഉഴുതുമറിക്കാൻ പാകപ്പെട്ടൊരു വയൽ എന്റെ മനസിൽ രൂപംകൊണ്ടിരുന്നു.
പക്ഷേ, അതിൽ വിതയ്ക്കാൻ എനിക്ക് വിത്തുകൾ കിട്ടാതായി. കിനാവ് കൂർപ്പിച്ചെങ്കിലും, പ്രാണസ്പന്ദനങ്ങളിലെ ദുഃസ്വപ്നങ്ങളിലൊന്ന് പകർത്താൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. തകർന്നടിഞ്ഞ അസ്ഥികൾക്കിടയിൽനിന്ന് ഒന്നും പെറുക്കിയെടുക്കാനായില്ല. ഞാൻ കൂടുതൽ അസ്വസ്ഥനും നിശബ്ദനുമായി. അപ്പോൾ ഉള്ളിലെങ്ങോ ഒരു തരി വീണു. അതിന്റെ മുഴക്കം ഞാൻ അകമേ കേട്ടിരുന്നു. ആ ഒറ്റത്തീപ്പൊരി എന്നെ ദഹിപ്പിക്കുന്നതുപോലെ തോന്നി. ആ ദഹനത്തിനിടയിലാകണം, കടുകുമണിവലിപ്പത്തിൽ ഒരു പദം കിളിർത്തുവന്നത്. ആ പദം ക്രിസ്തു എന്നായിരുന്നു. എനിക്ക് ആഹ്ലാദം അടക്കാനായില്ല. ഞാൻ കരയുകയായിരുന്നു.
എന്തെഴുതിയെന്ന് ഇപ്പോൾ ഓർത്തിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. വഴിയും സത്യവും ജീവനും ചേർന്ന ഒന്നാകണം ഞാൻ എഴുതിയിട്ടുണ്ടാവുക എന്നു തോന്നുന്നു. അത് ക്രിസ്തുവചനമായിരുന്നു. ആദിയിലെ വചനംപോലെ പൂർണശോഭയാർന്ന ഒന്ന്. സമസ്തവും അവനിൽനിന്നുണ്ടാകുന്നതുപോലെ വാക്കും അവനിലൂടെ സൃഷ്ടിക്കപ്പെടുന്നു. ആറോ ഏഴോ വരി എഴുതിക്കഴിഞ്ഞപ്പോൾ മനസിന് നല്ല ഉണർവു തോന്നി. ഒരു തരം ഭാരമില്ലായ്മ. സുതാര്യത. എന്തിലും പ്രകാശം തുളുമ്പിനിൽക്കുന്നു. അതൊരു വല്ലാത്ത മുഹൂർത്തമായിരുന്നു.
ഭൂമിയിലെ എല്ലാ കവികളിലും ഒരു ക്രിസ്തുവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ കവികളും പീഡാനുഭവത്തിലൂടെ കുരിശുമരണത്തിലേക്ക് എത്തപ്പെടുന്നവരാണ്. ഒരു കവിത എഴുതിക്കഴിഞ്ഞാൽ കവി മരിച്ചുവീഴുന്നു എന്നു പറയുന്നത് അതുകൊണ്ടുകൂടിയാണ്. പിന്നീട് സംഭവിക്കുന്ന ഉയിർപ്പ് അവന്റെ കവിതകളുടേതാണ്. അതൊരിക്കലും മൃതപ്പെടുന്നില്ല.
അത് പിന്നീട് ‘മറിയത്തിന്റെ ഭവനം’ പോലെ പ്രശോഭിതമാകുകയാണ്. കവിത വെളിച്ചമായിത്തീരുന്നത് അങ്ങനെയാണ്. ഖലീൽ ജിബ്രാന്റെ ‘മനുഷ്യപുത്രനായ യേശു’ വായിക്കുമ്പോഴെല്ലാം ഞാനാ പ്രകാശം അനുഭവിക്കാറുണ്ട്. ആ വെളിച്ചം മൃതമാകുന്നില്ല. ശാരദാകാശം നിറഞ്ഞ് അമരത്വത്തിലേക്കൊഴുകുന്ന വെളിച്ചമാണത്. ഓരോ ഋതുവിനെയും വിരൽത്തുമ്പാലെന്നപോൽ സുഗന്ധപൂരിതമാക്കുന്നൊരു രാഗസ്വച്ഛത അതിനുണ്ട്. വാക്കിനെ തപിപ്പിക്കുന്നതും വാൾത്തലപോലെ മിനുക്കുന്നതും ആ വെളിച്ചത്തിന്റെ സ്പന്ദനത്താലാണ്.
ആദ്യകവിതയെഴുതിയ ദേവാലയത്തിലേക്ക് ഒരുപാട് നാളുകൾക്കുശേഷം ഞാൻ പോയി. അപ്പോഴേക്കും എന്നിലെ പ്രക്ഷുബ്ധസാഗരം ഏറെക്കുറെ അടങ്ങിയിരുന്നു. ശാഠ്യംപിടിച്ച എന്റെ ആവേഗങ്ങളെ അവൻ തവിട്ടുമേഘങ്ങൾകൊണ്ട് മറച്ചിരുന്നു. എന്റെ ചരണങ്ങളെ അവൻ പല്ലവികൾകൊണ്ടും അനുപല്ലവികൾകൊണ്ടും പൂരിപ്പിച്ചിരുന്നു. കടൽ ഉള്ളിലേക്ക് വലിഞ്ഞുമുറുകുംപോലെ മനസ് നിസംഗമാകുമ്പോഴെല്ലാം പ്രഭാദർശനത്താൽ തിരമാലകൾ സൃഷ്ടിക്കാൻ അവനെന്നോട് ചേർന്നുനിന്നു. എനിക്കൊപ്പം കൂട്ടുവന്നു. നൃത്തം ചെയ്തു. വിരാമമില്ലാത്ത സമുജ്വലമുഹൂർത്തങ്ങളായിരുന്നു അവനെന്നിൽ നെയ്തെടുത്തത്.
പക്ഷേ, അതൊന്നും ഞാൻ അകമേ അറിയുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ഞാനേതൊക്കെയോ ആഘോഷങ്ങളിൽ താളവാദ്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ദേവാലയ മുറ്റത്തെത്തിയപ്പോഴാണ് ഒന്നോർത്തത്. ആദ്യ എഴുത്തിനുശേഷം പിന്നീടൊന്നും അവനെക്കുറിച്ച് എഴുതിയില്ലല്ലോ എന്ന്. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാൻ പൊയ്ക്കാലിൽ നിൽക്കുകയാണോ എന്നു തോന്നി.
കേൾക്കാതെപോയ കിളിയൊച്ചകളെക്കുറിച്ചും കാണാതെപോയ താഴ്വാരങ്ങളെക്കുറിച്ചുമോർത്ത് ഞാൻ അസ്വസ്ഥപ്പെട്ടു. നിറഞ്ഞ കണ്ണുകളുമായി ഞാൻ ദേവാലയത്തിനുള്ളിലേക്കു കയറി. പെരുന്നാൾ കഴിഞ്ഞതിനാൽ അവിടെനിന്നു പുരുഷാരം ഒഴിഞ്ഞുപോയിരുന്നു. ഞാൻ തിരുരൂപത്തെ നോക്കി. സമർപ്പണത്തിന്റെ പുരുഷാകാരം. ഞാൻ ഓർക്കുകയായിരുന്നു, നമ്മുടെ വേദനകളാണ് യഥാർഥത്തിൽ അവൻ വഹിച്ചത്.
നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. എന്നിട്ടും ദൈവം അവനെ പ്രഹരിക്കുകയും മുറിപ്പെടുത്തുകയും ക്ഷതമേല്പിക്കുകയും ചെയ്തു. നാമതു നോക്കിനിൽക്കുകയായിരുന്നു. ഒടുവിൽ ആ മുറിവുകളിലാണ് നമ്മൾ സൗഖ്യം പ്രാപിച്ചത്. എത്ര വേദനാജനകമായ ഒരനുഭവമാണത്.
ഞാനവിടെ ഒരുപാടുനേരം ഇരുന്നിട്ടുണ്ടാവണം. പുറത്തേക്കിറങ്ങുമ്പോൾ മഞ്ഞയിൽ തവിട്ട് കലർന്നൊരു താള് അവിടെ വീണുകിടപ്പുണ്ടായിരുന്നു. ഞാനതെടുത്തു വായിച്ചു, “ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ എന്റെ വചനങ്ങൾ കടന്നുപോവുകയില്ല!” ഞാൻ തിരുരൂപത്തെ നോക്കി. അവിടെ വെളിച്ചത്തിന്റെയൊരു പുരാതന ഛന്ദസ് നൃത്തം ചെയ്യുന്നുണ്ടായിരുന്നു.