ഹിമാലയം കണ്ടു വന്ന ഒരാളെ അവിചാരിതമായി ഒരിക്കൽ തീവണ്ടിയിൽവച്ച് പരിചയപ്പെടുകയുണ്ടായി. അയാൾ ഹിമാലയത്തിന്റെ ഭാവാന്തരങ്ങൾ കാളിദാസനെ വെല്ലുംവിധത്തിൽ വർണിച്ചുകൊണ്ടിരിക്കേ ഞാൻ ചോദിച്ചു “വായയ്ക്കു രുചിയുള്ള വല്ലതും ഹിമാലയത്തിൽ തിന്നാൻ കിട്ടുമോ” എന്ന്. എന്റെ ചോദ്യം നിഷ്കളങ്കമായിരുന്നു. പക്ഷേ, അയാൾക്കതു രുചിച്ചില്ല. അയാൾ ദേഷ്യപ്പെട്ട് അവിടെനിന്നെഴുന്നേറ്റുപോയി. എന്റെ ചോദ്യത്തെ അടുത്തിരുന്നവർ അവർക്കറിയാവുന്ന അറിവുകൾകൊണ്ട് പൂരിപ്പിച്ചെങ്കിലും എന്റെ മനസിൽ ആ വിഷമം കുറെക്കാലം മായാതെ നിന്നു. ചില ചോദ്യങ്ങൾ അസ്ഥാനത്തല്ലെങ്കിലും ചിലരെ ചൊടിപ്പിക്കും. ആ ചൊടിപ്പിന്റെ നീറ്റലാണ് ഞാനന്ന് അനുഭവിച്ചത്.
ഒരിക്കൽ ഹിമാലയം കണ്ടുവന്ന സുജാതാദേവി ടീച്ചറിനോട് ഒ.വി. വിജയൻ ചോദിച്ചത്രേ “ടീച്ചറേ ഹിമാലയത്തിൽ ചിലന്തിയുണ്ടോ?” എന്ന്. ഇതെന്നോട് ടീച്ചർതന്നെ പറഞ്ഞതാണ്. എത്ര നിഷ്കളങ്കമായിരുന്നു വിജയന്റെ ചോദ്യം. ഈ ചോദ്യം കേട്ടപ്പോൾ ടീച്ചർ ചൊടിച്ചില്ല. ഒന്നും പറയാതെ ടീച്ചർ വിജയനെത്തന്നെ നോക്കിയിരുന്നു. പക്ഷേ, ആ ചോദ്യത്തിന്റെ സ്പന്ദനങ്ങൾക്ക് തീക്ഷ്ണമായൊരു ഉത്കണ്ഠയുടെ ആരവമുണ്ടായിരുന്നുവെന്ന് ടീച്ചർ ഓർമിക്കുന്നുണ്ട്. “ചില ചോദ്യങ്ങൾ തുറന്നുനോക്കരുത്.
അത് പൂർണനഗ്നമായിരിക്കും” എന്നൊരു കവിതാശകലമുണ്ട്. ആ കവിത എഴുതിയവൻ വിഷം തൊണ്ടയിൽ കുടുങ്ങിയിട്ടും ചാകാതിരുന്ന ഒരു പരമശിവനായിരുന്നു. പ്രണയനൈരാശ്യത്താൽ വിഷം കഴിക്കുകയായിരുന്നു അവൻ. പക്ഷേ, കൂട്ടുകാരാരോ അവന്റെ തൊണ്ടയിൽ അമർത്തിപ്പിടിച്ചു. അദ്ഭുതകരമായി രക്ഷപ്പെട്ടു. മൃദുഭാഷിയായ അവൻ പുനർജനിനൂണ്ട് പുതുപിറവിയിലേക്കെത്തിയപ്പോൾ ഘനഭാഷിയായി. വാദിക്കാനും ജയിക്കാനും അവന് താത്പര്യമേറി.
അവൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഉത്തരങ്ങളില്ലാതെ വന്നതോടെ പ്രചണ്ഡമായൊരു ചുഴലി അവനെ ചുറ്റാൻ തുടങ്ങി. അവനൊരു ദിവസം പൊടുന്നനെ ഞങ്ങൾക്കിടയിൽനിന്ന് അപ്രത്യക്ഷനായി. അവൻ ശേഷിപ്പിച്ച നിശബ്ദതയ്ക്ക് വല്ലാത്ത മുഴക്കമുണ്ടായിരുന്നു. ഒരുപാട് നാളുകൾ കഴിഞ്ഞ് അവന്റെയൊരു കത്ത് കിട്ടി. അശ്വാരൂഢനായി മടങ്ങിവരുമെന്നും നിങ്ങളുടെ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും അവൻ അതിലെഴുതിയിരുന്നു. പക്ഷേ, അവൻ വന്നില്ല. ഞായറാഴ്ചകളിൽ ഞങ്ങൾ അവനുവേണ്ടി കുന്തിരിക്കം പുകച്ചു. അവനുവേണ്ടിയൊരു മഹാഗണി നട്ടു. അവനു കുടിക്കാൻ വീഞ്ഞിനായി ഞങ്ങളൊരു മുന്തിരിത്തോട്ടമുണ്ടാക്കി. പക്ഷേ, അവൻ വന്നില്ല. പതിയെപ്പതിയെ ഞങ്ങളുടെ ചോദ്യങ്ങൾ തുരുമ്പിക്കാൻ തുടങ്ങി. ഞങ്ങൾ അവനെയും അവൻ ഞങ്ങളെയും മറന്നു.
ചില ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അവസാനിക്കും. അത് പൊട്ടിച്ചിരിക്കുന്ന ദുഃഖിതരെപ്പോലെയാണ്. അവരുടെ ഖേദഹർഷങ്ങൾക്ക് ഉത്തരങ്ങളില്ല. അവരെ ചോദ്യങ്ങൾകൊണ്ട് കുരുക്കിടാനാകില്ല. നാം നോക്കിനിൽക്കേ ഒന്നും പറയാതെ ഇറങ്ങിപ്പോയവരാണവർ. അവരെവിടെപ്പോകുന്നു എന്ന ചോദ്യത്തിന് ആയുസില്ല. എന്തിനു പോകുന്നു എന്ന ചോദ്യത്തിനും നെടുനാൾ ആയുസില്ല. പക്ഷേ, പോയവർ ഭൂമിയിലെവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒരുനൂറായുസുണ്ട്.
ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നതെല്ലാം മേഘപാളികൾക്കപ്പുറം ഒരിടത്ത് ശേഖരിക്കപ്പെടുന്നു എന്നൊരു കഥയുണ്ട്; മേതിൽ രാധാകൃഷ്ണന്റെ. അങ്ങനെ വരുമ്പോൾ മനുഷ്യരും അവിടെയുണ്ടാകും. അവർ തിരികെ ഭൂമിയിലേക്ക് വന്നുകൂടായ്കയില്ല. വരുമ്പോൾ അവരെ കാത്ത് വീണ്ടും ആളിപ്പടർന്ന വ്യസനഖാണ്ഡവങ്ങൾ ഉണ്ടാകില്ലേ? സാന്ധ്യവിഷാദം പടർന്ന സ്മൃതികളുണ്ടാകില്ലേ? ഘനവർഷവും കാലവാതവും അവരെ നോവിക്കില്ലേ? ഒടുവിൽ ചരമഗിരിയണയുന്ന അസ്തമയ സൂര്യൻ അവരെ ഇരുളിലാഴ്ത്തില്ലേ? വേണ്ട; ഇടനെഞ്ചിലൊരു പിടപ്പായി അവർ അവിടെത്തന്നെ ഇരിക്കട്ടെ. കടലിരമ്പുന്ന എന്റെ ശംഖിൽ അവരുടെ നെയ്ത്തിരികൾ നിറഞ്ഞു കത്തട്ടെ.
ഇതെഴുതി നിർത്തുമ്പോൾ ഒരു ചോദ്യം മഴനനഞ്ഞ് നിൽക്കുന്നത് ഞാനറിയുന്നുണ്ട്. ആ ചോദ്യം ഒരച്ഛന്റേതാണ്. നിസംഗന്റെ പ്രാർഥനപോലെ. മഹാവർഷസാന്ത്വനം തേടുന്ന ചോദ്യം. ഇടിമുഴക്കങ്ങൾ തന്നിടയിലെ നിശബ്ദതപോലെ ആ ചോദ്യം നിരർഥകമായ എന്റെ വാങ്മയങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരച്ഛൻ ചോദിക്കുന്നു “മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?” എന്ന്. പ്രാചീനമായ പദസമുച്ചയങ്ങൾകൊണ്ട് പണിത ചോദ്യമാണിത്. ഇതിനുത്തരം പറയാൻ എനിക്കൊരു പുതിയ ഭാഷ നിർമിക്കേണ്ടിയിരിക്കുന്നു.
അതുവരെയും ഏത് എരിവെയിലിലും നനഞ്ഞുനിൽക്കാൻ എനിക്കീ ചോദ്യം മതി. ഒരിക്കൽ പ്രഫ. ഈച്ചരവാര്യരെ കണ്ട് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു “മഴയുണ്ടാകും, ഒപ്പം നല്ല വഴുക്കലും. സൂക്ഷിച്ചു പോവുക!” പക്ഷേ, ഞാനത് അനുസരിച്ചില്ല. അനുസരിക്കാനാകാത്തവിധം എന്റെ വ്രണങ്ങൾ അപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.