മലപ്പുറം: വേങ്ങരയും മങ്കടയും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽക്കുന്ന സമൂഹമാധ്യമ ഇൻഫ്ളുവൻസർ അടക്കമുള്ള നാലംഗസംഘം പൊലിസ് പിടിയിൽ.
മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ടി.പി. ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി വീട്ടിൽ സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ വീട്ടിൽ സോഷ്യൽ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ (23) എന്നിവരാണു പിടിയിലായത്.
ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കേത്തല വേങ്ങര റോഡിലെ അക്ഷയ സെന്ററിനു മുന്നിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പൊലിസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ കാറിൽ വച്ച് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിരുന്നു പരിശോധന.
പ്രതികളിൽനിന്ന് ചില്ലറ വിപണിയിൽ അരലക്ഷം രൂപ വില വരുന്ന 10.5 ഗ്രാം എംഡിഎംഎയും സിറിഞ്ചുകളും ഡിജിറ്റൽ ത്രാസും എംഡിഎംഎ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്പ് ലോക്ക് കവറുകളുടെ പാക്കറ്റും രാസലഹരി വില്പന നടത്തി ലഭിച്ച കാൽലക്ഷം രൂപയും കാറും സഹിതം അന്വേഷണസംഘം കണ്ടെടുത്തു.
പിടിയിലായ അനസ്, ഷബീർ, സജാദ് എന്നിവർക്കെതിരേ നേരത്തേ എംഡിഎംഎ വിൽപന നടത്തിയതിനും ഉപയോഗിച്ചതിനും വിവിധ പൊലിസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.