തിരുവനന്തപുരം: കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 28 ലക്ഷം കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിടുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ സംസ്ഥാന ആസൂത്രണ ബോർഡ് അംഗീകരിച്ചു.
നിലവിൽ 16 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം. നിലവിലെ അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി വാർഷിക വളർച്ചാനിരക്ക് ഉയർത്താനും പതിനഞ്ചാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നു. പുനഃസംഘടിപ്പിച്ച സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ യോഗം പട്ടത്തെ ആസ്ഥാനത്ത് നടന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരും ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറും ബോർഡ് അംഗങ്ങളും പങ്കെടുത്തു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പതിനഞ്ചാം പഞ്ചവത്സര പദ്ധതി പ്രോജക്ട് മോഡിലാണ് നടപ്പാക്കുക. കുടിയേറ്റ വരുമാന അധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതിനായി, സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, പ്രവാസികൾ എന്നിവരെ നിക്ഷേപത്തിലും വികസനത്തിലും പങ്കാളികളാക്കുന്ന പങ്കാളിത്ത സമ്പദ്വ്യവസ്ഥ എന്ന ആശയം സമീപന രേഖ അവതരിപ്പിച്ചു.
പങ്കാളിത്ത രീതിയിൽ നടപ്പാക്കുന്ന, 10 കോടി രൂപയിൽ കൂടുതൽ മുതൽമുടക്കുള്ള പദ്ധതികൾക്കായി പദ്ധതി രൂപകല്പ്പന നടത്തുന്നതിനും മാർഗരേഖകൾ, നിയമങ്ങൾ, ചട്ടക്കൂടുകൾ എന്നിവ തയാറാക്കുന്നതിനുമായി സംസ്ഥാന ആസൂത്രണ ബോർഡിൽ ഒരു പങ്കാളിത്ത സെൽ സ്ഥാപിക്കുന്നതിനുള്ള നിർദേശം ബോർഡ് അംഗീകരിച്ചു. പദ്ധതി തയാറാക്കലിനും പഠനങ്ങൾക്കുമായി 100 കോടി രൂപയുടെ റിവോൾവിംഗ് ഫണ്ടും അംഗീകരിച്ചു. വയബിലിറ്റി ഗാപ് ഫണ്ടിംഗിനായി ധനകാര്യ വകുപ്പിന്റെ ഇന്ത്യ അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതിയുടെ പിന്തുണ തേടും.
വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, പദ്ധതിനടത്തിപ്പ് വൈകുന്നത് ഒഴിവാക്കുക, കേന്ദ്ര പദ്ധതികൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ സംസ്ഥാനത്തിന്റെ ഗുണത്തിനായി ഫലപ്രദമായി വിനിയോഗിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിലെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സംസ്ഥാനത്തിന്റെ വിഭവങ്ങൾക്ക് അനുബന്ധമായി തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ, സ്വകാര്യ മേഖല, മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു പങ്കാളിത്ത സമ്പദ്വ്യവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുമെന്ന് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ പറഞ്ഞു.
ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ശേഷി വികസിപ്പിക്കുന്നതിനും മൂല്യനിർണയ, ഡാറ്റ വിശകലന വിഭാഗം മെച്ചപ്പെടുത്തുന്നതിനുമായി നീതി ആയോഗിൽ നിന്ന് പ്രതിവർഷം 2.44 കോടി രൂപ വരെ ധനസഹായം തേടുന്നതിനും ബോർഡ് അംഗീകാരമായി. ഈ പദ്ധതിയിൽ മറ്റെല്ലാ സംസ്ഥാനങ്ങളും ധനസഹായം സ്വീകരിച്ചിട്ടുണ്ടെന്നും യോഗം രേഖപ്പെടുത്തി.