കാഠ്മണ്ഡു: മിന്നല്‍പ്രളയം തകര്‍ത്തെറിഞ്ഞ നേപ്പാള്‍ തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍. ബുധനാഴ്ചയുണ്ടായ ദുരന്തത്തില്‍ 675 പേര് കൊല്ലപ്പെട്ടതായി നേപ്പാള്‍ പോലീസ് സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി കുടുങ്ങിക്കിടന്ന 113 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 3000ത്തോളം പേരെ ഇന്നലെ രക്ഷപ്പെടുത്തി.
അതേസമയം, 3000ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടര്‍ച്ചയായ നാലാംദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ രക്ഷപ്പെടുത്തിയതിൽ 26 ചൈനീസ് പൗരന്മാരും ഉത്തരകൊറിയയില്‍നിന്നുള്ള 15 പേരുമുണ്ട്. ഇതിനുപുറമെ നാല് ജര്‍മൻ പൗരന്മാരെയും ഇറ്റലി, യുഎസ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെ വീതവും സുരക്ഷിതകേന്ദ്രത്തില്‍ എത്തിച്ചുവെന്ന് നേപ്പാള്‍ സൈനിക വക്താവ് അറിയിച്ചു.
റസുവ, നുവാകോട്ട് ജില്ലകളിലെ തുരങ്കങ്ങളില്‍ നിരവധി പേര് കുടുങ്ങിയെന്ന വിവരവും പുറത്തുവന്നു. റസുവയിലെ ഒരു തുരങ്കത്തില്‍നിന്ന് ഇന്നലെ ആറുപേരെ രക്ഷപ്പെടുത്തി. രണ്ടു ജില്ലകളിലായി അഞ്ച് ജലവൈദ്യുതി പദ്ധതികളാണ് നിർമാണഘട്ടത്തിലുള്ളത്. ഇതിനായി പ്രദേശത്തു നിരവധി തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ട്.
തുരങ്കങ്ങളിൽ ജോലിചെയ്തിരുന്ന 898 തൊഴിലാളികളെ കാണാനുണ്ടെന്നാണ് റിപ്പോർട്ട്. നാലുദിവസം പിന്നിടുന്പോഴേക്കും പകർച്ചവ്യാധി ഉൾപ്പടെ പ്രതിസന്ധികളും മുന്നിലുണ്ട്. ഇന്നലെ എട്ടു ജില്ലകളിൽനിന്നായി ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചിത്വാൻ ജില്ലയിൽനിന്നുമാത്രം 233 മൃതദേഹങ്ങൾ കണ്ടെത്തി.
നവാൽപരസി ഈസ്റ്റ് (158) നുവാക്കോട്ട് (51) ഗൂർഖ (48) നവാൽപരസി വെസ്റ്റ് ( 47) ധാഡിംഗ് (45) തനാഹു (31) റസുവ(13) എന്നിവിടങ്ങളിൽനിന്നും മൃതദേഹങ്ങൾ വീണ്ടെടുത്തു.
ഏഴു മലയാളികൾക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കാണാതായ ഏഴു മലയാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പടെ 16 കേരളീയർ നാട്ടില്‍ തിരിച്ചെത്തി.
ഹെല്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര് സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്കു മടങ്ങാനുള്ള നടപടികൾ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു.
കൊച്ചിയില്നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു. കൊച്ചി കാക്കനാട്ടുനിന്ന് കൈലാസ് മാനസസരോവരിലേക്കു പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയസമയത്ത് കാ ഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്.