തിരുവനന്തപുരം: ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്കാരവും വിദ്യാർഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയും വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പിന്റെ ലോഞ്ചും ഇന്ന് നടക്കും.
രാവിലെ 11.30ന് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ശാസ്ത്രബോധത്തിന് 300 കേന്ദ്രങ്ങൾ
കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയിലൂടെ ശാസ്ത്രബോധം, മാനവികത, അന്വേഷണാത്മക ചിന്ത എന്നിവ വിദ്യാർഥികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതിനായി 300 കേന്ദ്രങ്ങളിലൂടെ 15 ലക്ഷം യുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും ശാസ്ത്രബോധ പ്രചാരണം എത്തിക്കും.
വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സിദ്ധാർഥ് ആപ്പ്
റാഗിംഗ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്.
വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും.