കോട്ടയം: കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോഴ്സുകളുടെ ഘടന കാലോചിതമായി പരിഷ്കരിക്കുന്ന കാര്യവും ആലോചനയിലാണ്.
ഇവിടെ ഡിപ്ലോമ കോഴ്സുകളാണുള്ളത്. മുമ്പ് പ്ലസ്ടുവിനു ശേഷമാണ് ഇവിടേക്കു കുട്ടികള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ബിരുദത്തിനു ശേഷമാണ് വരുന്നത്. നിലവിലുള്ള കോഴ്സുകള്‍ ഡിപ്ലോമയായി തുടരണമോ, ബിരുദമോ ബിരുദാന്തര ബിരുദമോ ആയി മാറ്റണമോ എന്ന് ആലോചിച്ചു തീരുമാനിക്കും.
വിദ്യാര്‍ഥികളുടെ കഴിവിനെയും സ്ഥാപനത്തിന്റെ സാധ്യതകളെയും സര്‍ക്കാരിന്റെ വിവിധ ജോലികളില്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പിആര്‍ഡി, സിനിമാ വകുപ്പുകളുമായി ആലോചിച്ച് നടപടിയെടുക്കും. നിര്‍ദിഷ്ട കൊച്ചി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു സ്ഥാപനത്തെ മാറ്റി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായെങ്കിലും സ്ഥാപനത്തിലെ ആദ്യ ബിരുദദാന ചടങ്ങാണ് ഇന്നലെ നടന്നത്. ഇക്കാര്യം തന്നെ അത്ഭുതപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ വിദ്യാര്‍ഥികള്‍ക്കു സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ജോഷി മാത്യു, ഡയറക്ടര്‍ അജിത് ഏബ്രഹാം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.