ബുവേനൊസ് ഐറിസ്: കാല്പ്പന്തുസൂര്യന് വര്‍ണവിസ്മയം തീര്‍ത്ത് മറഞ്ഞു; പ്രഭചൊരിഞ്ഞു നില്ക്കുന്ന സൂര്യന്റെ മുഖം ആലേഖനം ചെയ്ത അര്‍ജന്റൈന്‍ ജഴ്സിയില്‍ ഇനി കാല്‍പ്പന്തു സൂര്യന് ഇല്ല... അതെ, അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസി രാജകീയമായി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു.
ബുവേനോസ് ഐറിസിലെ മാസ് മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ, ആഫ്രിക്കന്‍ ടീമായ ബെനിന്‍ എതിരായ മത്സരത്തിലൂടെയാണ് മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചത്. ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ സ്പെയിനിനെതിരേ 1-0നു പരാജയപ്പെട്ട മത്സരമായിരുന്നു ഇതിനു മുമ്പ് മെസി അര്‍ജന്റൈന്‍ ജഴ്സിയില്‍ ഇറങ്ങിയതെന്നതും വാസ്തവം. പിന്നാലെ പിതാവ് ഹൊര്‍ഹെ മെസി അന്തരിച്ചതോടെ ലയണല്‍ മെസി മാനസികമായി തളര്‍ന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് മെസി രാജ്യാന്തര ഫുട്ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് അര്‍ജന്റൈന്‍ തലസ്ഥാന നഗരിയില്‍ മെസിക്കായി വിടവാങ്ങല്‍ സൗഹൃദ മത്സരം ഒരുക്കുകയായിരുന്നു.
മാസ് മടക്കം
വിടവാങ്ങല്‍ മത്സരത്തില്‍ രണ്ട് അസിസ്റ്റും ഒരു ഗോളും നേടി, കാല്‍പ്പന്ത് കളത്തിലെ ഗോട്ടാണെന്ന് അടിവരയിട്ടാണ് മെസിയുടെ മാസ് മടക്കം... മെസി വിളികളുമായി നിറഞ്ഞ ഗാലറിയെ ആവേശഭരിതമാക്കി ആദ്യപകുതിയില്‍ മികച്ച നീക്കങ്ങള്‍ നടന്നു. ഏഴാം മിനിറ്റില്‍ ഡി സര്‍ക്കിളിനു പുറത്തുവച്ച് മെസിയുടെ ഇടംകാല് ഷോട്ട്. ബെനിന്‍ ഗോള്‍ കീപ്പര്‍ അതു തടഞ്ഞു. 25-ാം മിനിറ്റില്‍ ഫ്രീക്കികിലൂടെ മെസി വീണ്ടും ബെനിന്റെ ഗോള്‍ കീപ്പറെ പരീക്ഷിച്ചു. ഗോള്ശ്രമങ്ങളാല് സമ്പന്നമായിരുന്നെങ്കിലും ആദ്യപകുതിയില്‍ വല കുലുങ്ങിയില്ല.
രണ്ടാം പകുതിക്കു മൂന്നു മിനിറ്റ് ദൈര്ഘ്യമായപ്പോള് ലയണല്‍ മെസിയുടെ അസിസ്റ്റില്‍ ആദ്യ ഗോള്‍. 48-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക്. മെസി പന്ത് ബെനിന്‍ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ടു. പന്ത് എത്തിയത് നിക്കൊളാസ് ഒട്ടമെന്‍ഡിയുടെ പാകത്തിന്. ബോക്സിനുള്ളിലേക്കു താഴ്ന്നുവന്ന പന്തിനെ ചെറിയൊരു ചാട്ടത്തിലൂടെ ഒട്ടമെന്‍ഡി വലതുകാല്‍കൊണ്ട് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബെനിന്റെ വല കുലുക്കി; അര്‍ജന്റീന 1-0നു മുന്നില്‍.
59-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക്. വല ലക്ഷ്യമാക്കി വളഞ്ഞിറങ്ങിയ പന്ത് ബെനിന്‍ ഗോള്‍ കീപ്പര്‍ മാഴ്സെല്‍ ഡാന്ജിനൗ തട്ടിത്തെറിപ്പിച്ചു. 61-ാം മിനിറ്റില്‍ മെസി നല്കിയ പാസുമായി മെസിയുടെ പിന്‍ഗാമിയായി 10-ാം നമ്പര്‍ ജഴ്സി അണിയാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്ന നിക്കൊ പാസിന്റെ ഉജ്വല ഫിനിഷിംഗ്. ബോക്സിനു പുറത്തുനിന്നു നിക്കൊ പാസ് തൊടുത്ത ഇടംകാല് ഷോട്ട് വലയുടെ ഇടതു താഴ്ത്തട്ടില്‍. 2-0ന് അര്‍ജന്റീനയ്ക്കു ലീഡ്.
71-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം. ബെനിന്‍ ഗോള്‍ മുഖത്ത് അര്‍ജന്റൈന്‍ വിംഗര്‍ അഗസ്റ്റിന് ഗിയായെ വീഴ്ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ശക്തമായ ഇടംകാല്‍ഷോട്ട് വലയുടെ മേല്‍ത്തട്ടില്‍. ആരാധകര്‍ ആഗ്രഹിച്ച, ഗോട്ട് ഫിനിഷ്. 89-ാം മിനിറ്റില്‍ മെസി വീണ്ടും ഗോളിലേക്കു ലക്ഷ്യംവച്ചെങ്കിലും പോസ്റ്റില്‍ തൊട്ടുരുമി പന്ത് പുറത്തേക്ക്.
ഗ്രാസിയാസ്
നന്ദി (ഗ്രാസിയാസ്) എന്ന് എഴുതിയ പടുകൂറ്റന്‍ 10-ാം നമ്പര്‍ ജഴ്സിയാണ് മെസിയുടെ യാത്രയയപ്പ് മത്സരത്തിനായി മൈതാനത്തു വിരിച്ചത്. മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റൈന്‍ ടീം മൈതാനത്തേക്ക് എത്തിയപ്പോള്‍ കരിമരുന്നു കലാപ്രകടനം സ്റ്റേഡിയത്തെ വര്‍ണാഭമാക്കി. മെസിയുടെ 10-ാം നമ്പര്‍ ജഴ്സി ധരിച്ചുള്ള ആരാധകരാര് ഗാലറി തിങ്ങിനിറഞ്ഞിരുന്നു.
ഗാലറിക്കു മുന്നില്‍ നന്ദി അര്പ്പിക്കാനായെത്തിയപ്പോള് മെസിയുടെ കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞൊഴുകി. വിങ്ങിപ്പൊട്ടിയ ഹൃദയവുമായി മെസി മുഖംപൊത്തി. ചുറ്റും അണിനിരന്ന സഹതാരങ്ങളുടെ മുഖങ്ങളും ഹൃദയം കൊളുത്തിവലിച്ചതിന്റെ വേദനയാല്‍ ചുവന്നു.
മെസിയുടെ അര്‍ജന്റൈന്‍ കരിയര്‍ ദൃശ്യങ്ങൾ ഗാലറിയെ ആവേശഭരിതമാക്കി. ഗാലറിയില്‍ മെസിയുടെ ഭാര്യയും അമ്മയും മക്കളും മറ്റു കുടുംബാംഗങ്ങളും എല്ലാത്തിനും സാക്ഷ്യംവഹിച്ചു.