കാസര്‍ഗോഡ്: കാസര്‍ഗോഡ് പ്രസ് ക്ലബ് ഇന്നലെ അപൂര്‍വമായ ഒരു പത്രസമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്. കേള്‍വി സംസാര പരിമിതരായ കുട്ടികള്‍ ആംഗ്യഭാഷയിലൂടെ ഒരു ബൃഹദ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് ശ്രദ്ധേയവും ഏറെ കൗതുകകരവുമായി.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ് (ഐഐപിഡി) സംരംഭത്തിന്റെ ആദ്യഘട്ട സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് സെന്ററില്‍ പരിശീലനം നേടുന്ന ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ്, അധ്യാപകന് പി.കെ. സനല്‍ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ഇന്ദ്രജാലാവതരണം നടത്തുന്നവരുടെ പേരുകള്‍ ഒഴിഞ്ഞ പേടകത്തില്‍നിന്നു പ്രത്യക്ഷപ്പെടുത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് ഫെബ്രുവരി 23 മാന്ത്രിക ദിനമായി തെരഞ്ഞെടുത്തതിന്റെ വിശദീകരണവുമായി അടുത്ത ഇന്ദ്രജാലം. മാന്ത്രികൻ പി.സി. സര്‍ക്കാരിന്റെ ഫോട്ടോ പ്രത്യക്ഷപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനദിനമായ ഇന്ത്യന്‍ മാന്ത്രിക ദിനം തെരഞ്ഞെടുത്തതെന്ന് അവര്‍ ബോധ്യപ്പെടുത്തി. ഏറ്റവുമൊടുവില്‍ അധ്യാപകനായ സനല്‍ കാന്‍വാസില്‍ വര്‍ണങ്ങള്‍ വാരിയെറിഞ്ഞ് ഐഐപിഡിയുടെ മാതൃക അനാച്ഛാദനം ചെയ്ത് കാണികളെ ഞെട്ടിച്ചു.
ആംഗ്യഭാഷ പലപ്പോഴും പൊതുജനങ്ങള്‍ക്ക് അറിയാത്തത് തങ്ങളുടെ ആശയവിനിമയത്തിന് തടസം നില്‍ക്കുന്നുവെന്ന് കുട്ടികള്‍ പറയാതെ പറയുകയായിരുന്നു.
ഒരു ഇന്‍ക്ലൂസീവ് സൊസൈറ്റിയെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ കുറേയെങ്കിലും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമാകൂവെന്നും ഐഐപിഡി പോലുള്ള സെന്ററുകള്‍ ഇതിനൊരു തുടക്കമാകട്ടെയെന്നും കുട്ടികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികള്‍ പറയുന്നതൊക്കെയും വത്സ ഹേമന്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുത്തു. പദ്ധതിയുടെ സൂത്രധാരനും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ രാധാകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
30 കോടിയില്‍പരം രൂപ ചെലവില്‍ 35,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ഒന്നാംഘട്ടം 2027 ഫെബ്രുവരി 23നാണ് നാടിന് സമര്‍പ്പിക്കുന്നത്. രണ്ടുമുതല്‍ ആറു വയസുവരെയുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കായി ഏര്‍ളി ഇന്റർവെൻഷന്‍ സെന്റര്‍, ഏഴു മുതല്‍ 22 വയസ് വരെയുള്ളവര്‍ക്കായി തെറാപ്പി റിഹാബിലിറ്റേഷന്‍, തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ മാതൃകയില്‍ ആര്‍ട്ട് ട്രെയിനിംഗ് സെന്റര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലായി പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ എന്നിവയാണ് ഉണ്ടാവുക. 120കോടിയില്‍പരം രൂപയുടെ ചെലവാണ് ആകെ പ്രതീക്ഷിക്കുന്നത്.