ഒക്ലഹോമ സിറ്റി: 2026–27 സീസണിലെ ആദ്യത്തെ പനി ബാധിച്ചുള്ള ശിശുമരണം ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സ്ഥിരീകരിച്ചു. ഇതിനൊപ്പം സംസ്ഥാനത്ത് വിവിധ ശ്വാസകോശ രോഗങ്ങളിലും വലിയ വർധനവുണ്ടാകുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ എ , റിനോവൈറസ് (Rhinovirus) എന്നിവയുടെ കേസുകൾ നാലിരട്ടിയായി വർധിച്ചതായി മെർസി എമർജൻസി ഡിപ്പാർട്ട്മെന്റ് മെഡിക്കൽ ഡയറക്ടർ ഡോ. ബ്രെന്റ് മെഡ്ഫോർഡ് പറഞ്ഞു.
സാധാരണ പരിശോധനകളിൽ പലപ്പോഴും റിനോവൈറസ് കണ്ടെത്താറില്ലെന്നും ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പനിക്കുള്ളതുപോലെ റിനോവൈറസിന് പ്രത്യേക ആന്റിവൈറൽ മരുന്നുകളില്ല; ലക്ഷണങ്ങൾക്കുള്ള ചികിത്സയും ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം തടയുന്നതുമാണ് പ്രധാനം.
താങ്ക്സ്ഗിവിംഗ് അവധി അടുത്തതോടെ യാത്രകളും കുടുംബസംഗമങ്ങളും കൂടുന്നത് രോഗവ്യാപനം ഇനിയും ഉയരാൻ കാരണമായേക്കാമെന്ന് ഡോക്ടർമാർ ആശങ്കപ്പെടുന്നു. പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാർഷിക ഫ്ലൂ വാക്സിൻ സ്വീകരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗമെന്ന് ഒക്ലഹോമ ചിൽഡ്രൻസ് OU ഹെൽത്തിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. ഡോണ ട്യൂംഗു പറഞ്ഞു. വാക്സിൻ എടുത്ത് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് അത് ശരീരത്തിൽ ഫലപ്രദമായി പ്രവർത്തിച്ചു തുടങ്ങുന്നത്.