മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും അതിശക്തമായി പ്രളയജലം ഉള്ളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും അടുത്തുള്ള കായലിലേക്കും ഒഴുകിപ്പോയി.
ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുഴയിലൂടെയോ സമീപപ്രദേശങ്ങളിലൂടെയോ ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തുന്ന ജനങ്ങൾ അവ ഉടൻ തന്നെ അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന് റായ്ഗഡ് കളക്ടർ കിഷൻ ജാവ്ലെ അറിയിച്ചു. ഒഴുകിപ്പോയ സിലിണ്ടറുകളിൽ ഗ്യാസ് ഉണ്ടോ എന്നോ, അവ സുരക്ഷിതമായ അവസ്ഥയിലാണോ എന്നോ ഉറപ്പില്ല. അതുകൊണ്ട് ഇവ വീട്ടിൽ കൊണ്ടുപോകുന്നതോ, തുറക്കാൻ ശ്രമിക്കുന്നതോ അപകടകരമാണെന്ന് അധികൃതർ അറിയിച്ചു. പുഴയിൽ നിന്നും കിട്ടിയ സിലിണ്ടറുകൾ ആരും വീട്ടിൽ സൂക്ഷിക്കരുതെന്നും എത്രയും വേഗം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബാധിച്ച ജല്ലകളിലൊന്നാണ് റായ്ഗഡ്. പലയിടങ്ങളിലും നദികൾ കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.