ഫ്ലോറിഡ: ഫ്ലോറിഡയിൽ അക്രമിയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഡെപ്യൂട്ടി ഷെറിഫുകൾക്ക് വെടിയേറ്റു. വ്യാഴാഴ്ച റസ്കിനിലെ വെസ്റ്റ് ഷെൽ പോയിന്റ് റോഡിലായിരുന്നു നാടകീയമായ സംഭവം നടന്നത്.
മുൻ കാമുകിയെ ബന്ദിയാക്കിയെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അക്രമി പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. മുഖത്തും കഴുത്തിലും പരിക്കേറ്റ രണ്ട് ഡെപ്യൂട്ടിമാരെയും ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചു.
ഇരുവരും അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി ഷെറിഫ് അറിയിച്ചു. 34 വയസുകാരനായ ക്രിസ് ഡിമുക്കോവ്സ്കി ആണ് വെടിയുതിർത്ത അക്രമി. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്നാമതൊരു ഡെപ്യൂട്ടി തിരിച്ചുനടത്തിയ വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട ക്രിസ് ഡിമുക്കോവ്സ്കി നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി. അക്രമി കൊല്ലപ്പെട്ടതിനാൽ പ്രദേശവാസികൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് ഹിൽസ്ബറോ കൗണ്ടി ഷെറിഫ് ചാഡ് ക്രോണിസ്റ്റർ അറിയിച്ചു.
തങ്ങളുടെ ഉദ്യോഗസ്ഥരെ അക്രമി പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഭാഗ്യവശാലാണ് ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.