കണ്ണൂർ: ഫോക്ലോർ അക്കാദമിയുടെ കീഴിൽ ഫോക്ലോർ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് സജീവ പരിഗണനയിലാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ. അക്കാദമി ചെയർമാനായി ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോക്ലോർ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ദ്ധരുമായി ഉടൻ തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സുരേഷ് ബാബു പറഞ്ഞു.
റൂറൽ ആർട്സ് ഹബ് സ്ഥാപിക്കുന്നതിനൊപ്പം ഫോക്ലോർ അക്കാദമിയുടെ നിലവിലെ മ്യൂസിയം എഐ സംവിധാനത്തോട് നവീകരിച്ച് ഗവേഷണ-പഠന കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതും പ്രധാന പദ്ധതിയായി നടപ്പാക്കും. മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ അക്കാദമി അങ്കണത്തിൽ സ്ഥാപിക്കുമെന്നും ചാലക്കുടിയിലെ കലാഭവൻ മണി സ്മാരകമന്ദിരം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റസിഡന്റ്സ് അസോസിയേഷനുകളെ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത് ഫോക്ലോർ പ്രവർത്തനം വ്യാപിക്കൽ, ഫോക്ലോർ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം പുനഃസ്ഥാപിക്കൽ, ലൈബ്രറി വിപുലീകരണം എന്നിവയും നടപ്പാക്കും. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, സെക്രട്ടറി എം. പ്രദീപ് കുമാർ എന്നിവരും പങ്കെടുത്തു.
റൂറൽ ഹബിന്റെ പേരിൽ എടുത്ത ശിൽപങ്ങൾ തിരിച്ചെത്തിക്കണം: സുരേഷ് ബാബു എളയാവൂർ
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽകണ്ണൂർ റൂറൽ ഹബിനു വേണ്ടി അക്കാദമയിൽനിന്ന് എടുത്തുകൊണ്ടുപോയ ശിൽപങ്ങൾ അടക്കമുള്ളവ അക്കാദമയിലേക്ക് തിരിച്ചെത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു ഫോക്ലോർ അക്കാദമിയിൽ നിന്ന് ശിൽപങ്ങൾ എടുത്തു കൊണ്ടുപോയത്. എന്നാൽ ഇവ തിരിച്ചെത്തിച്ചില്ലെന്നു മാത്രമല്ല. യൂണിവേഴ്സിറ്റിക്കു പോലും വ്യക്തമായ മറുപടി നൽകാൻ കഴിയുന്നില്ല. ഈ ശിൽപങ്ങൾ ഒരോയിടങ്ങളിലായി പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇതിനിടെ ചില ശിൽപങ്ങൾ കാണാനില്ലെന്ന വാർത്തയും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഫോക്ലോർ അക്കാദമിയിൽ നിന്ന് എടുത്തു കൊണ്ടുപോയ ശിൽപങ്ങൾ തിരിച്ചെത്തിക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ബാബു എളയാവൂർ പറഞ്ഞു. ഫോകലോർ അക്കാദമിയെ പൂർണമായും രാഷട്രീയത്തിന് അതീതമായി ഫോകലോറിസ്റ്റുകളുടെ പ്രോത്സാഹനത്തിനുള്ള കേന്ദ്രമാക്കി മാറ്റിയെടുക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഫോക്ലോർ അക്കാദമിയുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കടന്നു വന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.