കണ്ണൂർ: റബ്കോ പുതുതായി വിപണിയിൽ ഇറക്കുന്ന പാദരക്ഷകളുടെയും വിവിധതരം മാറ്റുകളുടെയും വിപണനോദ്ഘാടനം കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടന്നു. മാറ്റുകളുടെ വിപണനോദ്ഘാടനം മേയർ പി. ഇന്ദിരയും പാദരക്ഷകളുടെ വിപണനോദ്ഘാടനം കാരായി രാജൻ എംഎൽഎയും നിർവഹിച്ചു.
ഉത്പന്നങ്ങളുടെ ആദ്യ വിൽപന സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ ടി. തങ്കമണിയും റബ്കോ ഡയറക്ടർ വി. നിർമലനും നിർവഹിച്ചു. റബ്കോ ഗ്രൂപ്പ് ചെയർമാൻ കെ.സി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ജയറാം, കോർപറേഷൻ കൗൺസിലർ ഇ. ബീന, എളയാവൂർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് പി. പ്രേമജ, കേരള റീട്ടെയിൽ ഫുട്ട്വേർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നൗഷൽ, റബ്കോ എംപ്ലോയീസ് യൂനിയൻ സംസ്ഥാന ട്രഷറർ വി.വി. സന്തോഷ്കുമാർ, റബ്കോ ഡയറക്ടർ കെ. ധനഞ്ജയൻ, റബ്കോ മാനേജിംഗ് ഡയറക്ടർ മോൻസൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരണം പ്രൊഡക്ഷൻ സൂപ്പർവൈസർ കെ.പി. ആനന്ദ് അവതരിപ്പിച്ചു.
ആകർഷകമായ നിറത്തോടെയും ഡിസൈനോടും കൂടിയ റബ്കോ ഓർത്തോ സ്റ്റെപ്പ്, റബ്കോ ഔറ സ്റ്റെപ്പ്, റബ്കോ റീഗൽ, റബ്കോ എംസിആർ കെയർ, റബ്കോ ബ്ലൂം എന്നീ പേരുകളിലാണു റബ്കോ പാദരക്ഷകൾ പുറത്തിറങ്ങുന്നത്. ക്ഷീരകർഷകർക്ക് ആധുനിക തൊഴുത്തിനാവശ്യമായ കൗമാറ്റ്, വാഹനങ്ങൾക്ക് ആവശ്യമായ ഓട്ടോ മാറ്റ്, തറയുടെ സംരക്ഷണത്തിന് ആവശ്യമായ ഫ്ളോർ മാറ്റ് എന്നിവയും റബ്കോ പുതുതായി വിപണിയിൽ ഇറക്കി.