മുംബൈ: രണ്ടു വർഷത്തെ പിന്മാറ്റത്തിനുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിലേക്കു തിരിച്ചെത്തുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കുതിച്ചുചാട്ടവും ഓഹരികളുടെ മൂല്യനിർണയത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം, കഴിഞ്ഞ രണ്ട് വർഷമായി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻവിപണിയിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ, നിലപാട് മാറ്റിക്കൊണ്ട് അവർ ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ജെഫറീസിന്റെ സ്ട്രാറ്റജി നോട്ട് പ്രകാരം, ഒക്ടോബർ പകുതി മുതൽ എഫ്പിഐകൾ 11.4 ബില്യണ്‍ ഡോളർ (1140 കോടി ഡോളർ) മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ വാങ്ങിയിട്ടുണ്ട്. നവംബർ മാസത്തിൽ ഇതുവരെയുള്ള 9.6 ബില്യണ്‍ ഡോളറിന്റെ (89,856 കോടി രൂപ) റിക്കാർഡ് നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു.
എഫ്പിഐകളുടെ തിരിച്ചുവരവ് എന്തുകൊണ്ട്?
എഐ ഓഹരികളിലുണ്ടായ സമീപകാല മാന്ദ്യവും അവയുടെ വളർച്ചാ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളുമാണ് സുരക്ഷിതമായ നിക്ഷേപം തേടുന്ന നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകർഷിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ആഗോളതലത്തിൽ എഐ, ടെക് മേഖലകളിലുണ്ടായ കുതിച്ചുചാട്ടം, യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്വാൻ തുടങ്ങിയ സാങ്കേതികവിദ്യാധിഷ്ഠിത സന്പദ്വ്യവസ്ഥകളിലേക്ക് വൻതോതിൽ പണം നിക്ഷേപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.
കൂടാതെ, വർധിച്ചുവന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സാന്പത്തിക സാഹചര്യങ്ങൾ കരുത്തോടെ നിലനിന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ കോർപറേറ്റ് മേഖല മികച്ച വരുമാന വളർച്ച രേഖപ്പെടുത്തി. അസംസ്കൃത എണ്ണവില കുറഞ്ഞു; നിഫ്റ്റി 50 സൂചിക ഈ വർഷം ഇതുവരെയുണ്ടായ നഷ്ടം നികത്തി 25,000 എന്ന നിലവാരത്തിലേക്ക് തിരിച്ചെത്തി. ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രൂപ, ശക്തമായ തിരിച്ചുവരവിലൂടെ സ്ഥിരത കൈവരിക്കുകയും ചെയ്തു.
ലാർജ്ക്യാപ് കന്പനികൾക്കു നേട്ടം
വിദേശ നിക്ഷേപം പ്രധാനമായും ബ്ലൂചിപ്പ് ഓഹരികൾ എന്നറിയപ്പെടുന്ന ലാർജ്ക്യാപ് കന്പനികളിലേക്കാണ് ഒഴുകിയെത്തിയതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളെ അപേക്ഷിച്ച് ലാർജ്ക്യാപ് കന്പനികൾ പൊതുവെ ചാഞ്ചാട്ടം കുറഞ്ഞതും സ്ഥിരതയുള്ളതുമാണ്.
ഈ വർഷത്തെ പിൻവലിക്കൽ
ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപർ ഈ വർഷത്തെ ആദ്യ പത്ത് മാസത്തിൽ 2.56 ലക്ഷം കോടി രൂപ മൂല്യത്തിലുള്ള നിക്ഷേപമാണ് പിൻവിലച്ചത്. 1.17 ലക്ഷം കോടി രൂപയുടെ പിൻവിലക്കൽ നടന്ന മാർച്ചിലാണ് ഈ വർഷത്തെ ഏറ്റവും വലിയ പിൻവലിക്കലുണ്ടായത്.