രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത വില്പനയിലാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ. ഒരു കലണ്ടർ വർഷത്തിനിടയിൽ ഇന്ത്യൻ വിപണിയിൽ ഇത്തരം ഒരു മുഖംതിരിക്കൽ പിന്നിട്ട ഇരുപത് വർഷത്തിനിടയിൽ ആദ്യമാണ്. നടപ്പ് വർഷം ഇതുവരെയുള്ള 234 പ്രവൃത്തിദിനങ്ങളിൽ 141 ദിവസവും വിദേശ ഇടപാടുകാർ വില്പനക്കാരുടെ മേലങ്കിയാണ് അണിഞ്ഞത്.
വില്പനയിൽ 2008ലെ റിക്കാർഡ് കടക്കില്ല
പതിനേഴ് വർഷം മുൻപ് 2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധി തലയുയർത്തിയ വേളയിൽ വിദേശ ഓപ്പറേറ്റർമാർ ഇത്തരം ഒരു വില്പന ഇന്ത്യയിൽ നടത്തിയിരുന്നു, അന്നത്തെ റിക്കാർഡ് 154 ദിവസങ്ങളിലെ വില്പനയാണ്. നിലവിൽ ഡിസംബർ 31ന് ഇനി 12 പ്രവൃത്തിദിനങ്ങൾ ശേഷിക്കുന്നു, അതായത് ഇനിയുള്ള ദിവസങ്ങളിലും അവർ വില്പനയിൽ തന്നെ തുടർന്നാലും 154 എന്ന റിക്കാർഡ് നിലനിൽക്കും.
ആഭ്യന്തര ഫണ്ടുകൾ
വെള്ളിയാഴ്ച വ്യാപാരാന്ത്യം വരെയുള്ള വിദേശ നിക്ഷേപകരുടെ ഈ വർഷത്തെ മൊത്തം വില്പന 1,52,273 കോടി രൂപയാണ്. അതായത് ഓരോ മണിക്കൂറിലും അവർ 110 കോടി രൂപയുടെ പിൻവലിക്കൽ നടത്തി. വിദേശ വില്പനയ്ക്ക് മുന്നിൽ ഇന്ത്യൻ വിപണി ഈ വർഷം പതറിയില്ലെന്നത് ഏറെ ശ്രദ്ധേയം. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ നിറഞ്ഞ സാന്നിധ്യം സർവകാല റിക്കാർഡ് തലത്തിലേക്കും വിപണിയെ ഈ വർഷം കൈപിടിച്ചുയർത്തി. 7,20,651 കോടി രൂപയാണ് ആഭ്യന്തര ഫണ്ടുകൾ 2025ൽ ഇതുവരെ നിക്ഷേപിച്ചത്.
കേവലം 24 പ്രവൃത്തിദിനങ്ങളിൽ മാത്രമാണ് ആഭ്യന്തര ഫണ്ടുകൾ വില്പനക്കാരായി നിലകൊണ്ടത്. അതായത് ആറു മണിക്കൂർ നീളുന്ന ഓരോ പ്രവൃത്തി ദിനങ്ങളിലും ഓരോ മണിക്കൂറിലും 510 കോടി രൂപ വീതം നിക്ഷേപിച്ചു. ഡോളർ പിൻവലിച്ച് വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ രൂപയെ അടിമുടി വിറപ്പിച്ചപ്പോഴും ആഭ്യന്തര ഫണ്ടുകൾ വിപണിക്കു ശക്തമായ പിൻതുണയാണു നൽകിയത്.
രൂപയുടെ മൂല്യത്തകർച്ച
വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കൽ മൂലം വിനിമയ വിപണിയിൽ രൂപയ്ക്കു കാലിടറി. പിന്നിട്ട രണ്ടാഴ്ചകളിൽ സൂചന നൽകിയതാണു രൂപയുടെ മൂല്യം 90ലേക്ക് ഇടിയുമെന്നത്. ഡോളറിനു മുന്നിൽ 89.89ൽ ഇടപാടുകൾക്കു തുടക്കം കുറിച്ച വിനിമയ നിരക്ക് 89.76ലേക്ക് ശക്തിപ്രാപിച്ചെങ്കിലും ഈ റേഞ്ചിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല. തൊട്ടു മുൻവാരം രേഖപ്പെടുത്തിയ റിക്കാർഡ് തകർച്ചയായ 90.41 കടന്ന് 90.56ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 90.42ലാണ്.
രൂപയുടെ മൂല്യം 90.70 വരെ വർഷാന്ത്യത്തിനു മുൻപ് ദുർബലമാകാൻ സാധ്യത. 2025ൽ രൂപയുടെ മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു. ഏഷ്യൻ നാണയങ്ങളിൽ മൂല്യത്തകർച്ചയുടെ കാര്യത്തിൽ രൂപയാണു മുന്നിൽ.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിന്നിട്ട വാരം 9201.89 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 20,184.70 രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിച്ചു. യുഎസ് – ഇന്ത്യ വ്യാപാര കരാറിനെ കുറിച്ചുള്ള അനിശ്ചിതത്വം വിപണിക്കു മേൽ സമ്മർദമുളവാക്കുന്നു.
നിഫ്റ്റി
നിഫ്റ്റി സൂചിക 139 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. മുൻവാരത്തിലെ 26,186 പോയിന്റിൽനിന്നും കൂടുതൽ മികവിന് അവസരം നൽകാത്ത വിധത്തിലെ വില്പന സമ്മർദത്തിൽ കഴിഞ്ഞ ലക്കം സൂചിപ്പിച്ച 25,701ലെ രണ്ടാം താങ്ങ് തകർത്ത് 25,693ലേക്ക് ഇടിഞ്ഞു, വാരാന്ത്യം 26,046 പോയിന്റിലാണ്. ഈവാരം ആദ്യ താങ്ങ് 25,766ലാണ്.
ഇത് നിലനിർത്തിയാൽ നിഫ്റ്റി 26,251ലേക്കും തുടർന്ന് 26,457ലേക്കും തിരിച്ചുവരവ് കാഴ്ചവയ്ക്കും. എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 25,487-25,002ലേക്ക് പരീക്ഷണങ്ങൾക്ക് വിധേയമാകാം. ഡെയ്ലി ചാർട്ടിൽ നിഫ്റ്റി ബുള്ളിഷ് മനോഭാവത്തിലാണ്. എംഎസിഡിയും സൂപ്പർ ട്രെൻഡും കരുത്ത് നിലനിർത്തി. സൂചിക അതിന്റെ 20, 50, 100, 200 ആഴ്ചകളിലെ മൂവിംഗ് ആവറേജിനു മുകളിൽ നീങ്ങുന്നത് ദീർഘകാലയളവിലേക്കു വിപണിയുടെ അടിത്തറയ്ക്കു ശക്തിപകരുന്നു.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചേഴ്സ് 26,333ൽനിന്നും ആദ്യ പകുതിയിൽ മുൻ വാരം സൂചിപ്പിച്ച 26,050ലെ നിർണായക ട്രെൻഡ് ലൈൻ സപ്പോർട്ട് തകർത്ത് 26,039ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 26,145ലാണ്. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 11 ശതമാനം ഉയർന്ന് 147 ലക്ഷം കരാറുകളിൽനിന്നും 163 ലക്ഷമായി.
ഓപ്പൺ ഇന്ററസ്റ്റിലെ ഈ വർധന പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഒരു വിഭാഗം ഉത്സാഹിച്ചതായി വേണം വിലയിരുത്താൻ. അതേസമയം, താഴ്ന്ന റേഞ്ചിൽനിന്നും വാരാന്ത്യം തിരിച്ചുവരവ് കാഴ്ചവച്ചത് വില്പനയിലേക്കു തിരിഞ്ഞ ഊഹക്കച്ചവടക്കാരിൽ ചെറിയ ആശയക്കുഴപ്പത്തിന് ഇടയാക്കും. വരും ദിനങ്ങളിൽ അവർ ബാധ്യതകൾ കുറയ്ക്കാൻ നീക്കം നടത്തിയാൽ 26,450ലേക്ക് ഡിസംബർ മുന്നേറാം.
സെൻസെക്സ്
ബോംബെ സെൻസെക്സ് 85,712ൽനിന്നു മികവിന് അവസരം ലഭിക്കാതെ 84,215ലേക്ക് തളർന്ന ശേഷം വാരാന്ത്യം 85,267ലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം 85,891 – 86,516 പോയിന്റിൽ പ്രതിരോധവും 84,428 – 83,590 താങ്ങും പ്രതീക്ഷിക്കാം.
സ്വർണം
ഡോളർ ശക്തമാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾക്കിടയിൽ ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപകരായി. ഇതോടെ ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ മത്സരിച്ചു. ട്രോയ് ഔൺസിനു 4197 ഡോളറിൽ ഓപ്പൺ ചെയ്ത മഞ്ഞലോഹ വിപണി തുടക്കത്തിൽ 4173ലേക്കു താഴ്ന്നെങ്കിലും തിരിച്ചുവരവിൽ 4200- 4300 ഡോളറിലെ പ്രതിരോധങ്ങൾ തകർത്ത് 4353 ഡോളർ വരെ കയറി, വാരാന്ത്യം സ്വർണം 4299 ഡോളറിലാണ്.
Tags : Foreign investors