രാമങ്കരി: കൊയ്ത്തു കഴിഞ്ഞ ശേഷം വെള്ളം കയറ്റി ഇട്ടിട്ടുള്ള പാടശേഖരങ്ങളിൽ പോള വളരുന്നത് തടയാനായി കർഷകർ വൻ തോതിൽ നടത്തിവരുന്ന കളനാശിനി പ്രയോഗം കുട്ടനാട്ടിലെ പൊതു ജലാശയങ്ങളെ വിഷലിപ്തമാക്കുന്നു. ഓരോ ഏക്കറിലെ പോളയും മറ്റും നശിപ്പിക്കുവാനായി അമിതമായ അളവിലാണ് കളനാശിനി പ്രയോഗിക്കുന്നതെന്നും ആക്ഷേപം ശക്തമാണ്.
രാമങ്കരി കൃഷിഭവന് കീഴിലെ മണലുംഭാഗം, നൂറ്റിനാല്പത്, പെരുമാനിക്കരി എന്നിങ്ങനെ ഏക്കറുകണക്കിന് വരുന്ന പാടശേഖരങ്ങൾക്കു പുറമെ മറ്റ് കൃഷിഭവനുകൾക്ക് കീഴിൽ വരുന്ന പാടശേഖരങ്ങളിലും ഇതേ തോതിൽ കളനാശിനി തളിക്കുന്നത് വ്യാപകമായിക്കഴിഞ്ഞു. പൊതുജനങ്ങളുടെ എതിർപ്പ് ഭയന്ന് അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് മിക്ക സ്ഥലത്തും കളനാശിനി പ്രയോഗം നടത്തുന്നത്.
വിഷം തളിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പോള ചീഞ്ഞു നശിച്ചു തുടങ്ങും. ഈ വിഷലിപ്തമായ വെള്ളം പിന്നീട് പാടശേഖരങ്ങൾക്കുള്ളിൽ നിന്ന് പെട്ടിമടയിലൂടെയും വലിയ തൂന്പുകളിലൂടെയും നാട്ടുതോടുകളിലേക്കും ആറുകൾ പോലുള്ള വലിയ ജലാശയങ്ങളിലേക്കും ഒഴുകും.
ഇത് ജല മലിനീകരണം രൂക്ഷമാക്കുക മാത്രമല്ല കാൻസർ പോലുള്ള മാരക രോഗങ്ങളും, ഛർദ്ദി, അതിസാരം തുടങ്ങിയ പകർച്ചവ്യാധികളും പിടിപെടുന്നതിനുവരെ കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശുദ്ധജലക്ഷാമം മൂലം വീർപ്പുമുട്ടുന്ന കുട്ടനാട്ടിൽ ആളുകളുടെ കുളി, വസ്ത്രം വൃത്തിയാക്കൽ തുടങ്ങി ഒട്ടുമിക്ക ദൈനംദിനാവശ്യങ്ങളും തോടുകളിലെ ജലമുപയോഗിച്ചാണ് നടത്തുന്നത്.
ഇതൊക്കെ തടസപ്പെടുന്നതിനും കളനാശിനി പ്രയോഗം കാരണമാകുന്നതായും ആക്ഷേപം ശക്തമാണ്. കൂടാതെ തങ്ങൾ എപ്പോൾ വേണമെങ്കിലും മാരക രോഗങ്ങൾക്ക് അടിപ്പെടാമെന്ന ചിന്തയും ജനങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പൊതുജലാശയങ്ങളെ ഒറ്റയടിക്ക് വൻ തോതിൽ മലിനപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് പിൻ തിരിയുകയോ, അല്ലെങ്കിൽ തദ്ദേശസ്വയം ഭരണ സ്ഥാപന അധികൃതരോ, ആരോഗ്യവകുപ്പ് അതികൃതരോ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.