കറാച്ചി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം തടവിൽ കഴിയുന്ന റാവൽപിണ്ടി അഡ്യാല ജയിൽ അധികൃതർ അറിയിച്ചു.
ഇമ്രാൻ ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും അറിയിപ്പിൽ പറയുന്നു. അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. അഡ്യാല ജയിലിൽനിന്ന് അദ്ദേഹത്തെ മാറ്റിയെന്ന റിപ്പോർട്ടിനും അടിസ്ഥാനമില്ല.
കഴിഞ്ഞദിവസം ജയിലിൽ ഇമ്രാനെ കാണാനെത്തിയ മൂന്നു സഹോദരിമാരെ പോലീസ് തല്ലിച്ചതച്ചതോടെയാണ് അദ്ദേഹം മരിച്ചുവെന്ന പ്രചാരണം ശക്തിപ്പെട്ടത്. ഇമ്രാന്റെ ആരോഗ്യസ്ഥിതിയിൽ സഹോദരിമാർ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
2023 മുതൽ അഡ്യാല ജയിലിൽ കഴിയുന്ന ഇമ്രാൻ കഴിഞ്ഞ 22 ദിവസമായി ഏകാന്ത തടവിലാണെന്നും റിപ്പോർട്ടുണ്ട്. കോടതിയുടെ നിർദേശമുണ്ടായിട്ടും ഇമ്രാനെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി ആരോപിച്ചു.