മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ അഴിമുഖ കടത്തിലെ യാത്രാദുരിതം പരിഹാരമില്ലാതെ തുടരുന്നു. നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് റോ-റോ വെസലുകളില്‍ ഒന്നായ സേതുസാഗര്‍ ഒന്ന് സര്‍വീസ് നിര്‍ത്തിവച്ചു. പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായ തകരാര്‍ കാണിച്ചതിനെത്തുടര്‍ന്ന് താത്കാലികമായാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച സേതുസാഗര്‍ ഒന്ന് തകരാറിലായിരുന്നു പിന്നീട് അടുത്ത ദിവസം തന്നെ തകരാര്‍ പരിഹരിച്ച് റോ-റോ സര്‍വീസിന് ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ സേതുസാഗര്‍ ഒന്ന് സര്‍വീസ് നിര്‍ത്തിയത്. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്നാണ് യാത്രക്കാര്‍ അക്കരെയെത്തുന്നത്.
യാത്രാദുരിതം പരിഹരിക്കുന്നതിനായി നിര്‍മിച്ച മൂന്നാമത് റോ-റോ എപ്പോൾ സര്വീസിനിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കിന്‍കോയുമായി കരാറിനുള്ള നടപടികള്‍ നടന്ന് വരികയാണെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
നിലവില്‍ സര്‍വീസ് നടത്തി കൊണ്ടിരിക്കുന്ന രണ്ട് വെസലുകളില്‍ ഒന്ന് തകരാറിലാകുമ്പോള്‍ മുന്‍ കരുതല്‍ എന്ന നിലയിലാണ് മൂന്നാമത്തെ ഒരു വെസല്‍ കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്. റോ-റോ നടത്തിപ്പിന് പ്രത്യേക എസ്പിവി രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് നഗരസഭ പറയുന്നത്.