എരുമേലി: കരിങ്കല്ലുമൂഴി ഭാഗത്തുനിന്നു 150 ഗ്രാം കഞ്ചാവുമായി നാലു യുവാക്കളെ പൊലിസ് ഡാൻസാഫ് സംഘവും തൂഫാൻ സ്ക്വാഡും ചേർന്ന് പിടികൂടി. കരിങ്കല്ലുമൂഴി പടിഞ്ഞാറെത്തടത്തിൽ അരോമൽ സജി ഉണ്ണി (26), കരിങ്കല്ലുമൂഴി കടവുങ്കൽ സാജൻ ജോൺസൺ (28), എരുമേലി ചരള വലിയപുരയ്ക്കൽ നിയാസ് നിസാർ (28), കോട്ടയം നാട്ടകം പുത്തൻപാലം പാറപ്പറമ്പിൽ നന്ദു സുരേഷ് കണ്ണൻ (26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ കഞ്ചാവ് വിൽപനയ്ക്കു വേണ്ടി പൊതികളാക്കിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതികളിൽ രണ്ടു പേർ എരുമേലി ടൗണിൽ ശബരിമല സീസൺ കച്ചവടസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറവിൽ വിൽപന നടത്താനാണ് നീക്കം നടത്തിയിരുന്നതെന്നും ഇതു സംബന്ധിച്ച് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് പൊലിസ് നിരീക്ഷണം നടത്തിയിരുന്നുവെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫ് അറിയിച്ചു.
കോട്ടയം എസ്പി സാബു മാത്യുവിന്റെ നിർദേശപ്രകാരമാണ് പ്രതികളെ എരുമേലി സിഐ എം.ആർ. സുരേഷ്, എസ്ഐ സച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും തൂഫാൻ സ്ക്വാഡും ചേർന്ന് പിടികൂടിയത്.