കോട്ടയം: ക്രൈസ്തവ ഭക്തിഗാനങ്ങളുടെയും ആരാധനക്രമ ഗാനങ്ങളുടെയും ശ്രദ്ധേയനായ രചയിതാവും കലാഭവന്റെ അമരക്കാരനുമായിരുന്ന ഫാ. ആബേൽ പെരിയപുറം സിഎംഐയുടെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ അക്കാദമിക് സെമിനാറും സംഗീതനിശയും സംഘടിപ്പിക്കും.
മാന്നാനം സെന്റ് ജോസഫ് ആശ്രമം, മാന്നാനം സെന്റ് ജോസഫ് പ്രസ്, കൈപ്പുഴ ഹോളിഫാമിലി പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. മാന്നാനം സെന്റ് ജോസഫ് ആശ്രമ പള്ളിയിലെ തീർഥാടനകേന്ദ്രത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പരിപാടി. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിക്കും. മാന്നാനം ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫാ.ഡോ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തും.
ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ, ഫാ. ആന്റണി ബംഗ്ലാവുപറമ്പിൽ സിഎംഐ, കൊച്ചി കലാഭവൻ പ്രസിഡന്റ് ഫാ. ഡോ. ചെറിയാൻ കുനിയന്തോടത്ത്, ജോസ് ജേക്കബ്, ബിനു പീറ്റര്‍, ആല്‍ബര്‍ട്ട് എം. ജോൺ, മാന്നാനം സെന്റ് ജോസഫ് പ്രസ് ഡയറക്ടർ ഫാ. മാത്യു കണ്ണമ്പള്ളി സിഎംഐ, സൈബു കെ. മാണിഎന്നിവർ പ്രസംഗിക്കും.
ഫാ. ആബേൽ സിഎംഐയുടെ സാഹിത്യപരവും ദൈവശാസ്ത്രപരവും സംഗീതപരവും ആരാധനക്രമപരവുമായ സംഭാവനകളെക്കുറിച്ചുള്ള അക്കാദമിക് സെമിനാറിൽ പത്മഭൂഷന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പ്രഫ. ഡോ. അജു കെ. നാരായണൻ, പ്രഫ. ഡോ. സജിത്ത് എവൂരോത്ത്, സിസ്റ്റര്‍ ഡോ. തെരേസ് ആലഞ്ചേരി, ഡോ. അമല്‍ ആന്റണി, ഡോ. പി.വി. ടിജി തുടങ്ങിയവര്‍ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മുഴുവൻ സമയ സെമിനാറിൽ രജിസ്റ്റർ ചെയ്തു പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രോഗ്രാം ഡയറക്ടർ ഫാ. മാത്യു കണ്ണമ്പള്ളി അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.