വിളക്കന്നൂർ: ഈശോയുടെ തിരുമുഖം പതിഞ്ഞ തിരുവോസ്തി ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന് ദിവ്യകാരുണ്യം അടയാളമേകിയ വിളക്കന്നൂരിന്റെ മണ്ണിൽ നിത്യനിദ്ര. ദിവ്യകാരുണ്യ അടയാളത്തിന് സാക്ഷ്യംവഹിച്ച അൾത്താരയോടും പ്രിയജനത്തോടും വിടചൊല്ലിയ പതിക്കലച്ചന് യാത്രമൊഴിയേകാൻ ആയിരങ്ങൾ ഒഴുകിയെത്തി. വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തോമസച്ചന്റെ കുടുംബാംഗമായ ഫാ. ജോസ് പൂവന്നിക്കുന്നേൽ എന്നിവർ സഹകാർമികരായി.
ഇന്നലെ രാവിലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലായിരുന്നു സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം. തുടർന്ന് രാവിലെ എട്ടരയോടെ ഭൗതികദേഹം വിളക്കന്നൂർ പള്ളിയിലെത്തിച്ചു. അപ്പോഴേക്കും ആയിരങ്ങൾ പള്ളിയങ്കണത്തിൽ നിറഞ്ഞിരുന്നു. താൻ സ്നേഹിച്ചവരെ അവസാനം വരെ സ്നേഹിക്കാൻ തോമസച്ചന് കഴിഞ്ഞിരുന്നതായി ആർച്ച്ബിഷപ് വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ വചന സന്ദേശത്തിൽ പറഞ്ഞു.
നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്സും സംസ്കാര ശുശ്രൂഷകൾക്ക് സാക്ഷികളായി. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തിയതോടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയായത്.
സഹപാഠിക്ക് അന്ത്യാഞ്ജലിയുമായി
മന്ത്രി സണ്ണി ജോസഫ്
പ്രിയപ്പെട്ട സഹപാഠിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രി സണ്ണി ജോസഫും എത്തി. കിളിയന്തറ സ്കൂളിലാണ് ഫാ. തോമസ് പതിക്കലും സണ്ണി ജോസഫും ഒരുമിച്ച് പഠിച്ചത്. കഴിഞ്ഞ മേയിൽ സഹപാഠികൾ ഒരുമിച്ചു ചേർന്നിരുന്നു. കൂടെപഠിച്ച എല്ലാവരെയും ചേർത്തുനിർത്തുന്നതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചയാളായിരുന്നു അച്ചനെന്ന് മന്ത്രി അനുസ്മരിച്ചു.
അതിരൂപതയ്ക്ക് വേണ്ടി ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ അനുശോചനം രേഖപ്പെടുത്തി. ആഴമുള്ള ആത്മീയതയുടെ മനുഷ്യനായിരുന്ന തോമസച്ചൻ രോഗപീഡകൾ കീഴടക്കിയപ്പോൾ ഈശോയിൽ അർപ്പിച്ചാണ് ജീവിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎ, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹിക മേഖലകളിലെ നിരവധിപേരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിച്ചേർന്നു.