പരിശുദ്ധ ത്രിത്വത്തിന്റെ പരമ രഹസ്യത്തെ വെളിപ്പെടുത്തുന്ന പദമാണ് കാരുണ്യം. ജീവിതത്തിന്റെ വഴിത്താരയില്‍ സ്വന്തം സഹോദരീ സഹോദരന്മാരുടെ കണ്ണുകളിലേക്ക് ആത്മാര്‍ഥതയോടെ നോക്കുന്ന ഏതൊരു വ്യക്തിയുടെയും ഹൃദയത്തില്‍ വസിക്കുന്ന മൗലിക നിയമമാണ് കാരുണ്യം. (കാരുണ്യത്തിന്റെ മുഖം 2) ദൈവത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നടന്നുനീങ്ങിയ ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി കാരുണ്യം ആഘോഷമാക്കിയ വന്ദ്യദേഹമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
53 വര്‍ഷം ഏറെ തീക്ഷ്ണതയോടെ കാരുണ്യം ആഘോഷമാക്കിയ ഈ ധന്യാത്മാവ് 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം അതിരൂപതയില്‍ പെരുമാനൂര്‍ കോന്തുരുത്തി ഇടവകയില്‍ പയ്യപ്പിള്ളി പാലക്കാപ്പിള്ളി ലോനന്- കുഞ്ഞുമറിയം ദമ്പതികളുടെ നാലാമത്തെ മകനായി ജനിച്ചു. ചെറുപ്പത്തില്‍തന്നെ ദൈവകാരണ്യത്തില് വളര്‍ന്നു വന്ന അദ്ദേഹം ജീവിതത്തിലുടനീളം ആ കാരുണ്യം ആഘോഷമാക്കി.
പാവങ്ങളുടെ പക്ഷത്ത്
വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ആയിരിക്കുന്ന കാലഘട്ടം (1913 -1920). പള്ളി സ്ഥലങ്ങള്‍ പാട്ടത്തിനു കൃഷി ചെയ്യാന്‍ ഇടവകക്കാര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ ആ വര്‍ഷം കൃഷി മോശമാവുകയും വിളവ് ലഭിക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ അവര്‍ക്ക് പാട്ടക്കുടിശിക തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നുചേര്‍ന്നു. അച്ചന് എഴുതി: ‘ഈയാണ്ട് കന്നിക്ക് കൃഷിപ്പാടങ്ങളില്‍ വളരെ ദോഷമായിട്ടുള്ളതും പള്ളിവസ്തുക്കള് നടത്തുന്ന പാട്ടക്കാര് നിലങ്ങള്‍ വാരം കാണുകയോ അല്ലാത്തപക്ഷം ഇളവ് ചെയ്തു കൊടുക്കുകയോ ചെയ്യണമെന്ന് അവര്‍ അപേക്ഷിച്ചിട്ടുള്ള വിവരം ബഹുമാനപ്പെട്ട പിതാവിന്റെ മുമ്പില്‍ ഞാന്‍ ബോധിപ്പിച്ചിട്ടുണ്ടല്ലോ. ഈയാണ്ട് കുടിശികകള്‍ മാത്രമല്ല കഴിഞ്ഞ ആണ്ടിലെ കുടിശികകൂടി വാരം കാണുകയും ഇളവു ചെയ്തു കൊടുക്കുകയും വേണം. പള്ളിയില്‍ നിന്നും എന്തെങ്കിലും ഒരു ദയവു ചെയ്യാഞ്ഞാല്‍ പാട്ടക്കാര് വളരെ ഞെരുങ്ങുന്നതും പാട്ടം അശേഷം കിട്ടുന്നതും അല്ല.’ മനസില്‍ നിരന്തരമായ കാരുണ്യപ്രവാഹം ഉള്ളതുകൊണ്ടാണ് ഇങ്ങനെ പയ്യപ്പിള്ളിയച്ചന് എഴുതാന്‍ കഴിഞ്ഞത്.
സാധുജന ശുശ്രൂഷയിലെ ചരിത്രം
ചുണങ്ങംവേലിയില്‍ സാധു വൃദ്ധജനങ്ങള്‍ക്ക് വേണ്ടി അഗതിമന്ദിരവും അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹവും 1927 മാര്‍ച്ച് 19ന് സ്ഥാപിച്ചതും അതിനെ ഏറെ ത്യാഗംചെയ്തു പരിപോഷിപ്പിച്ചതും ദൈവകരുണയുടെ നിദര്‍ശനമാണ്. സ്ത്രീ, പുരുഷ ഭേദമെന്യേ എല്ലാവരെയും ശുശ്രൂഷിക്കുന്ന ഈ സ്ഥാപനം കേരളത്തിന്റെ ചരിത്രത്തിലെതന്നെ വ്യവസ്ഥാപിത സ്ഥാപനങ്ങളില്‍ ഒന്നാണ്. അന്ന് ഈ സ്ഥാപനം സന്ദര്‍ശിച്ചിരുന്ന മഹദ് വ്യക്തികള്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
നിലയ്ക്കാത്ത കാരുണ്യപ്രവാഹം
തന്റെ അന്തിമവിനാഴികയിലും ദൈവകാരുണ്യം ആഘോഷിക്കാന്‍ അദ്ദേഹം മറന്നില്ല. മരണം ആസന്നമായി എന്നറിഞ്ഞിട്ടും ആ കാരുണ്യപ്രവാഹത്തിന് ഒരു കുറവും വന്നില്ല. 1929 ഒക്ടോബര്‍ അഞ്ചിന് ഫാ. വര്‍ഗീസ് പയ്യപ്പിള്ളി നിത്യഗേഹം പൂകി. എറണാകുളം അതിരൂപതയിലെ പല ഉന്നതപദവികളും അലങ്കരിച്ച അദ്ദേഹം കോന്തുരുത്തി സെന്റ് നെപുംസ്യാനോസ് ഇടവക ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 2018 ഏപ്രില്‍ 14ന് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ടവനായി വേഗം ഉയര്‍ത്തപ്പെടാന്‍ നമുക്ക് പ്രാര്‍ഥിക്കാം.
ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് സ്ഥാപിച്ച എസ്ഡി സന്യാസിനി മൂഹത്തിന്റെ ജനറലേറ്റ് ഭവനം ആലുവ തോട്ടുമുഖത്താണ്. അഗതികള്‍ക്കും അനാഥര്‍ക്കും ദരിദ്രര്‍ക്കും വൃദ്ധര്‍ക്കും രോഗികള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ക്രിസ്തുവിന്റെ കരുണാര്‍ദ്രസ്നേഹം നല്കി തിരുസഭയില്‍ പ്രശോഭിക്കുന്ന ഈ എസ്ഡി സമൂഹം സെന്റിനറി നിറവിലാണ്. ഇന്ന് ഇന്ത്യ, മഡഗാസ്കര്‍, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 1428 എസ്ഡി സഹോദരിമാര്‍ 13 രാജ്യങ്ങളിലായി സേവനമനുഷ്ഠിക്കുന്നു. അഗതികളില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുക എന്ന ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ ആഹ്വാനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ശുശ്രൂഷകളിലാണ് എസ്ഡി സന്യാസിനിമാര്‍.