പാരീസ്: ഇന്നു വീണ്ടും വാരാന്ത്യ പ്രതിഷേധം നടക്കാനിരിക്കേ കനത്ത ജാഗ്രതയിൽ ഫ്രാൻസ്. വിദ്യാർഥികളും ജനകീയ പ്രതിഷേധ കൂട്ടായ്മയായ മഞ്ഞക്കുപ്പായക്കാരും പാരീസിൽ ഇന്ന് റാലികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാരും സുരക്ഷാ ഭടന്മാരും വലിയ തോതിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനുപുറമേ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.
അക്രമം ആവർത്തിച്ചേക്കാമെന്ന ഭീതിയിൽ ഇന്നു കടകൾ തുറക്കേണ്ടെന്നാണു വ്യാപാരി സംഘടനകളുടെ തീരുമാനം. ലൂവ്റ് അടക്കമുള്ള മ്യൂസിയങ്ങളും ഇന്ന് അടച്ചിടും. മിലിട്ടറി പൊലിസ് അടക്കം 70,000 സുരക്ഷാഭടന്മാരെ രാജ്യത്തുടനീളം വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി ലോറന്റ് ന്യൂനസ് ഇന്നലെ അറിയിച്ചു. സിറ്റി ഹാൾ പോലുള്ള ഗവൺമെന്റ് കെട്ടിടങ്ങൾക്ക് പ്രത്യേക പൊലിസ് സംരക്ഷണം ഏർപ്പെടുത്തും.
കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിശാനിയമം പ്രതിഷേധങ്ങളുടെ തീവ്രത കുറച്ചേക്കാനും സാധ്യതയുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിദ്യാർഥിസംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്നറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ പേരിൽ ഇന്നത്തെ പ്രതിഷേധ പ്രകടനങ്ങൾ റദ്ദാക്കില്ലെന്നു വിദ്യാർഥികൾ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് വിദ്യാർഥികൾ ഒരു മാസം മുന്പ് ആരംഭിച്ച പ്രതിഷേധം, ദുഃസഹമായ ജീവിതച്ചെലവിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച തൊഴിലാളി സംഘടനകളും മഞ്ഞക്കുപ്പായക്കാരും സമരത്തിൽ പങ്കുചേർന്ന് ഫ്രാൻസിലുടനീളം റാലികൾ നടത്തുകയായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ പ്രതിഷേധങ്ങൾ.
ഫ്രാൻസിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ മാഴ്സയിലും ലിയോണിലും പ്രതിഷേധങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് ഫലമുണ്ടാകില്ലെന്നാണു തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞത്.
സെൻട്രൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തിൽ തീവ്ര വലതുപക്ഷ നാഷണൽ പാർട്ടിയുടെ സമ്മേളനത്തോടനുബന്ധിച്ച് ഇന്നു റാലി നടത്തുന്നതും സുരക്ഷാ ഭടന്മാർക്കു വെല്ലുവിളിയാകും.