കാഞ്ഞിരപ്പള്ളി: ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഹോമിയോപ്പതി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നല്ല സമറിയായൻ ആശ്രമത്തിൽ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപാത്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് "സമഗ്രം' നടത്തി. ആശ്രമം ഡയറക്ടർ ഫാ. റോയ് വടക്കേൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
വർധിച്ചുവരുന്ന മാനസിക സമ്മർദം, പരിസ്ഥിതി മലിനീകരണം, ജീവിതശൈലി വ്യതിയാനങ്ങൾ, ഭക്ഷണ രീതിയിലെ മാറ്റം എന്നിവ കാരണം അലർജികൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ ഹോമിയോപ്പതിയുടെ ലളിതമായ സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നും കേരളമൊട്ടാകെ ഹോമിയോപ്പതി വാരാചരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പുകളും സന്നദ്ധ പ്രവർത്തനങ്ങളും നടത്തപ്പെടുന്നുണ്ടെന്നും ക്യാമ്പിന് നേതൃത്വം നൽകിയ ഐഎച്ച്കെ ജില്ലാ പ്രസിഡന്റ് ഡോ. അലൻ എൻ. ഷാജി, സെക്രട്ടറി ഡോ. ടി.കെ. ജ്യോതിഷ്, ഐഎച്ച്കെ കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഡോ. മുരളീധരൻ നായർ, സെക്രട്ടറി ഡോ. ബിനോയ് ജോസഫ് എന്നിവർ അറിയിച്ചു.
സന്നദ്ധ സംഘടനകൾ ആവശ്യപ്പെടുന്നപക്ഷം ഇത്തരത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സാമൂഹ്യസേവനാർഥം നടത്താൻ സംഘടന സജ്ജമാണെന്നും ഐഎച്ച്കെ ഭാരവാഹികൾ അറിയിച്ചു. ഫോൺ: 8943233791, 6238709015.