കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ പിന്നീട് രേഖകളുടെ പകര്‍പ്പുകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഹിയറിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളുടെ പകര്‍പ്പിന് ഫീസ് അടയ്ക്കാന്‍ ഉണ്ടെങ്കില്‍ അക്കാര്യം നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ അപേക്ഷകരെ അറിയിക്കണം. ഇപ്രകാരം അറിയിക്കാതിരുന്നാല്‍ രേഖകള്‍ മുഴുവന്‍ സൗജന്യമായി നല്‍കണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു.
വിവരാവകാശ അപേക്ഷയ്ക്കു മാത്രമേ അപേക്ഷ ഫീസ് നല്‍കേണ്ടതുള്ളൂ. അപ്പീല്‍ അപേക്ഷകള്‍ക്കു ഫീസ് നല്‍കേണ്ടതില്ല. മറുപടിയില്‍ വിവരത്തോടൊപ്പം ആവശ്യമായ മറ്റ് കാര്യങ്ങളും ഉള്‍പ്പെടുത്തണം.
അപേക്ഷ ലഭിച്ച തീയതി, മറുപടി നല്കുന്ന തീയതി, മറുപടി നല്കുന്ന ഉദ്യോഗസ്ഥന്റെ പേര്, ഉദ്യോഗപ്പേര്, വിവരാവകാശ ഓഫിസര്‍ എന്ന സ്ഥാനപ്പേര്, ഉദ്യോഗസ്ഥന്റെ ഒപ്പ്, പെന്‍ നമ്പര്‍, ഓഫിസ് മുദ്ര, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, എന്നിവയും പകര്‍പ്പുകള്‍ക്ക് ഫീസ് അടയ്ക്കാന്‍ ഉണ്ടെങ്കില്‍ ഒരു പേജിന് എത്ര രൂപയാണെന്നും അകെ എത്ര പേജുകള്‍ ഉണ്ടെന്നും എത്ര തുക അടയ്ക്കണമെന്നും വ്യക്തമായിരിക്കണം. കൂടാതെ തുക അടയ്ക്കേണ്ടുന്ന ഹെഡ് ഓഫ് അക്കൗണ്ടും മറുപടിയില്‍ കാണിച്ചിരിക്കണം.
മറുപടിയില്‍ അപ്പീല്‍ നല്‍കാനുള്ള അപ്പീല്‍ അധികാരിയുടെ വിലാസവും അപ്പീല്‍ കാലാവധിയും രേഖപ്പെടുത്തേണ്ടതുമാണ്. വിവരാവകാശ നിയമം വകുപ്പ് നാല് പ്രകാരം ഉദ്യോഗസ്ഥര്‍ സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതു കൃത്യമായി ചെയ്യണമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.