നൂറ്റാണ്ടുകളുടെ കൊളോണിയൽചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്ന ആ ചരിത്രനിമിഷം. 1947 ഓഗസ്റ്റ് 14ന്റെ അർധരാത്രിയിൽ രാജ്യം സ്വതന്ത്ര ഇന്ത്യ എന്ന സ്വാഭിമാനത്തിലേക്ക് ചുവടുവയ്ക്കാൻ കാതോർത്തുനിൽക്കെ, അന്നത്തെ ദീപികയുടെ പത്രാധിപക്കുറിപ്പ് അവസാനിച്ചത് ഈ വാക്കുകളോടെയായിരുന്നു:
“ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം ലോകചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തിയോടായിരുന്നു. ആ സമരം ദീർഘവും ക്ലേശകരവുമായിരുന്നു. എന്നാൽ വിജയം കൈവന്നിരിക്കുന്നു. ആ വിജയം ആയുധബലത്തിന്റെയും നശീകരണപ്രയോഗത്തിന്റെയും ഫലമായിയല്ലാതെ, സമാധാനപൂർണമായ മാർഗത്തിലൂടെ കൈവന്നിരിക്കുന്നതിനാൽ അത് അനുഗൃഹീതവും ഭാരതചൈതന്യത്തിന്റെ സാക്ഷാത്കരണവുമാകുന്നു.”
സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ നടന്നുതീർത്ത ത്യാഗപൂർണവും ദീർഘവുമായ കനൽവഴികളുടെ മുഴുവൻ രാഷ്ട്രീയ-ദാർശനിക ധാരകളുടെ ചുരുക്കെഴുത്താണ് ഈ വരികളിൽ തെളിയുന്നത്. ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിക്കെതിരേ അഹിംസയെന്ന അപൂർവ ആയുധവുമായി പോരാടി നേടിയ ആ മഹത്തായ വിജയത്തിന്റെ ചരിത്രവഴിയിൽ, കേവലം ഒരു കാഴ്ചക്കാരനായല്ല, മറിച്ച് അഭിമാനപൂർവമായ പങ്ക് വഹിച്ചുകൊണ്ടുകൂടിയാണ് ദീപിക ഈ വരികൾ കുറിച്ചത്.
മലയാളികളിൽ ദേശീയബോധത്തിന്റെ കനലുകൾ കോരിയിടാനും സത്യഗ്രഹത്തിന്റെയും അഹിംസയുടെയും മാർഗത്തിൽ ജനങ്ങളെ ഉറപ്പിച്ചുനിർത്താനും ദീപിക കാണിച്ച ആർജവം സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്. ജനങ്ങളുടെ പോരാട്ടവീര്യത്തിന് വെളിച്ചമേകി, സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് രാഷ്ട്രത്തോടൊപ്പം ദീപിക സഞ്ചരിച്ചു.
ദേശീയ പ്രസ്ഥാനങ്ങളുടെ പ്രചാരണവും നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ സമരം തുടങ്ങിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ വാർത്തകളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ദീപിക വലിയ പങ്കുവഹിച്ചു. കേവലം വാർത്താവിതരണത്തിന് അപ്പുറം, സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ജനങ്ങളിൽ ഉറപ്പിക്കാനാണ് പത്രം ശ്രമിച്ചത്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും അടക്കമുള്ള ദേശീയ നേതാക്കളുടെ ആശയങ്ങൾ അതീവ ഗൗരവത്തോടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ദീപികയുടെ ചരിത്രത്താളുകളിലെ ആദ്യത്തെ ഇരട്ടക്കോളം തലക്കെട്ട് മഹാത്മാഗാന്ധിയുടെ ഒരു പ്രസ്താവനയായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണവും അതിന്റെ വളർച്ചയും പ്രവർത്തനവും വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടാണ് ദീപിക ചരിത്രത്തിൽ തന്റെ ദൗത്യം നിർവഹിച്ചത്. 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മമെടുത്ത് ഒന്നര വർഷത്തിനു ശേഷമാണ് ദീപിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കോൺഗ്രസിന്റെ വാർഷിക സമ്മേളന റിപ്പോർട്ടുകളും ദേശീയ നേതാക്കളുടെ പ്രസ്താവനകളും പ്രാധാന്യത്തോടെ ജനങ്ങളെ അറിയിക്കാൻ തുടക്കം മുതൽക്കേ ശ്രദ്ധിച്ചിരുന്നു. കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുന്നതോടൊപ്പം പാർട്ടിയിലുണ്ടായ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കാനും ദീപിക എന്നും സജ്ജമായിരുന്നു.
മിതവാദികളും തീവ്രവാദികളും തമ്മിൽ കോൺഗ്രസിലുണ്ടായ ഭിന്നതകളും, പ്രത്യേകിച്ച് 1907ലെ സൂറത്ത് പിളർപ്പും ദീപിക തികഞ്ഞ അവധാനതയോടെയാണ് വിലയിരുത്തിയത്. കോൺഗ്രസിലെ പിളർപ്പ് ഭാരതമോചന പ്രസ്ഥാനത്തെ തളർത്തുമെന്ന് മനസിലാക്കിയ പത്രം, ദേശീയ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദേശശക്തികൾക്ക് ഇത് അവസരമാകുമെന്നതിനെക്കുറിച്ചും ശക്തമായ മുഖപ്രസംഗങ്ങൾ എഴുതി. മിതവാദികളും തീവ്രവാദികളും 1921 ജനുവരിയിൽ മദ്രാസിലും നാഗ്പൂരിലുമായി വെവ്വേറെ സമ്മേളനങ്ങൾ നടത്തി. സമ്മേളനങ്ങൾക്കു ശേഷം അവയുടെ നടപടികളെ വിശകലനം ചെയ്തു കൊണ്ട്, ജനുവരി ഏഴിന് “രണ്ടു രാഷ്ട്രീയ മഹാസമ്മേളനങ്ങൾ” എന്ന തലക്കെട്ടോടെ ദീപിക മുഖപ്രസംഗമെഴുതി.
ചുരുക്കത്തിൽ, കോൺഗ്രസിന്റെ ഓരോ വളർച്ചാഘട്ടത്തിലും ഒരു വിമർശകനായും എന്നാൽ, അതേസമയംതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു വഴികാട്ടിയായും ദീപിക മലയാള പത്രപ്രവർത്തന രംഗത്ത് തിളങ്ങിനിന്നു.
സ്വദേശിപ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു അവിഭാജ്യഘടകമായിരുന്നു. മഹാത്മാ ഗാന്ധി അടക്കമുള്ള ദേശീയനേതാക്കൾ സ്വദേശിപ്രസ്ഥാനം ഒരു ബഹുജനമുന്നേറ്റമായി രൂപാന്തപ്പെടുത്തുന്നതിനു മുമ്പുതന്നെ ദീപിക സ്വദേശി പ്രസ്ഥാനത്തിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടി. വിദേശവസ്തുക്കൾ ബഹിഷ്കരിക്കാനും സ്വദേശി സാധനങ്ങൾ വാങ്ങാനും ദീപിക മുഖപ്രസംഗങ്ങളിലൂടെ ജനങ്ങളെ ആഹ്വാനം ചെയ്തു.
1905 ഒക്ടോബർ നാലിലെ ദീപികയുടെ മുഖപ്രസംഗം ശ്രദ്ധിക്കൂ: “ ഞാൻ ഹിന്ദു”, “ഞാൻ ക്രിസ്ത്യൻ”, “നീ തീയൻ”, “നീ പുലയൻ” എന്നിങ്ങനെയുള്ള ജാതി മത്സരം വിട്ടു നാമെല്ലാം “സ്വദേശി” എന്നുള്ള ബന്ധത്തിൽ പെട്ടിരിക്കുന്ന ഒരു കൂട്ടക്കാരാണെന്നുള്ള ധാരണ ഏതൊരു രാജ്യക്കാർക്കുണ്ടാകുന്നുവോ, അവരാണ് ക്രമേണ പരിഷ്കാരികളും അഭ്യുന്നതപദാവലംബികളുമാകുന്നത്. ബംഗാൾദേശത്തെ രണ്ടായി പങ്കിട്ടതുകൊണ്ടുണ്ടായ പരോക്ഷമായ ഫലം ഇന്ത്യയുടെ അഭ്യുദയമാണെന്ന് ഊഹിക്കുവാൻ പല കാരണങ്ങളുമുണ്ട്. ബംഗാളികൾ അതായത് ബംഗാളി ഭാഷ സംസാരിക്കുന്ന അനേകലക്ഷം ജനങ്ങൾ ജാതിമതഭേദമെന്യേ സ്വദേശി എന്നുള്ള അവസ്ഥയെ ബഹുമാനിച്ച് ഒന്നുചേർന്ന് ഇതാ വലിയ ബഹളം കൂട്ടുന്നു. ഇവരുടെ പ്രവൃത്തി സർവജനങ്ങളാലും ആദരണീയവും രാജ്യത്തിന്റെ ഉത്തരോത്തരവർദ്ധനത്തിന് ഉപയുക്തവുമാകുന്നു.”
സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടത്തിലും ദീപിക അതിന്റെ കർത്തവ്യവും പങ്കാളിത്തവും കൃത്യമായി ഉറപ്പാക്കി . 1929 ഡിസംബർ 31ന് ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ പൂർണസ്വതന്ത്ര്യമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, 1930 ജനുവരി മൂന്നിന് ദീപിക “സ്വാതന്ത്ര്യപ്രഖ്യാപനവും നിസ്സഹകരണവും” എന്ന തലക്കെട്ടിൽ മുഖപ്രസംഗം എഴുതുകയുണ്ടായി. അതിലിപ്രകാരമെഴുതി: “കോൺഗ്രസുകാരുടെ പ്രഖ്യാപനം വളരെ ഭംഗിയായിട്ടുണ്ടെന്നു പറയണം. കൽക്കട്ടാ കോൺഗ്രസിൽ വച്ചു പാസാക്കിയിട്ടുള്ള അന്ത്യശാസനനിശ്ചയത്തെ അതേപ്രകാരം പാലിക്കുന്നതിന് ഇപ്പോൾ പരിപൂർണസ്വാതന്ത്യം പ്രഖ്യാപനം ചെയ്യേണ്ടത് അത്യാവശ്യമാണ്.”