ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മരവിപ്പിച്ച നടപടിയിൽ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നം മരവിപ്പിച്ചത് ‘പാർട്ടി കൊള്ള’യാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “വോട്ട് കൊള്ള, സർക്കാർ കൊള്ള, ഇപ്പോൾ പാർട്ടി കൊള്ള. ഇവയെല്ലാം നമ്മുടെ ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറിയിരിക്കുന്നു” - രാഹുൽ എക്സിൽ കുറിച്ചു.
ആദ്യം ശിവസേന, പിന്നീട് എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും കൈകോർത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പിളർത്തുകയും തുടർന്ന് അവരുടെ തെരഞ്ഞെടുപ്പു ചിഹ്നം തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തു നിലനിൽക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയെത്തന്നെ തട്ടിയെടുക്കാൻ സാധിക്കുന്നവർ ദശലക്ഷക്കണക്കിനു ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിനു നൽകിയ സമ്മാനമാണോയെന്നും ഇങ്ങനെയൊക്കെയാണോ ഇവർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജരിവാൾ ചോദിച്ചു.