റോം: ലോകത്തിന്റെ വിവിധ കോണുകളിൽ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ, പ്രവാസത്തിലും മായാത്ത മലയാളിത്തത്തിന്റെ നറുമണം പടർത്തി ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ഫ്രണ്ട്സ് റോമാ 2020 സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി.
വിയാ ജുസെപ്പെ മറെല്ലോയിലെ ഹാളിലാണ് നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി വിപുലമായ ആഘോഷ പരിപാടികൾ നടന്നത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രഫ.ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തിന്റെ ഏതു കോണിലായാലും ഒരുമിച്ചുകൂടാനും സംസ്കാരം കാത്തുസൂക്ഷിക്കാനും സന്തോഷങ്ങൾ പങ്കുവയ്ക്കാനും കഴിയുന്നത് മലയാളികളുടെ സവിശേഷമായ ഒരുമയുടെ തെളിവാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് ഫിലിപ്പ് ഓർമിപ്പിച്ചു.
സമ്മേളനത്തിൽ എ.സി. സ്റ്റീഫൻ, ടെന്നിസ് ചിറപ്പണത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ പ്രസിഡന്റ് ബെന്നി മുണ്ടക്കൽ, സെക്രട്ടറി ജോമോൻ കുന്നിശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തനത് കേരളീയ വേഷഭൂഷാദികളോടെ സിറിയക് മാവേലി മന്നനായി വേദിയിലെത്തിയത് സദസ്സിന് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയായി. കുട്ടികളും മുതിർന്നവരും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.