പരിപാടിയിൽ നിന്ന്
റോം: ലോകത്തിന്റെ വിവിധ കോണുകളിൽ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ, പ്രവാസത്തിലും മായാത്ത മലയാളിത്തത്തിന്റെ നറുമണം പടർത്തി ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ഫ്രണ്ട്സ് റോമാ 2020 സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി.
വിയാ ജുസെപ്പെ മറെല്ലോയിലെ ഹാളിലാണ് നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി വിപുലമായ ആഘോഷ പരിപാടികൾ നടന്നത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രഫ.ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തിന്റെ ഏതു കോണിലായാലും ഒരുമിച്ചുകൂടാനും സംസ്കാരം കാത്തുസൂക്ഷിക്കാനും സന്തോഷങ്ങൾ പങ്കുവയ്ക്കാനും കഴിയുന്നത് മലയാളികളുടെ സവിശേഷമായ ഒരുമയുടെ തെളിവാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് ഫിലിപ്പ് ഓർമിപ്പിച്ചു.
സമ്മേളനത്തിൽ എ.സി. സ്റ്റീഫൻ, ടെന്നിസ് ചിറപ്പണത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ പ്രസിഡന്റ് ബെന്നി മുണ്ടക്കൽ, സെക്രട്ടറി ജോമോൻ കുന്നിശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തനത് കേരളീയ വേഷഭൂഷാദികളോടെ സിറിയക് മാവേലി മന്നനായി വേദിയിലെത്തിയത് സദസ്സിന് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയായി. കുട്ടികളും മുതിർന്നവരും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

പരമ്പരാഗത തിരുവാതിരയും മനോഹരമായ ചുവടുകളോടെയുള്ള നൃത്തങ്ങളും ഗാനമേളയും വേദിയെ സംഗീതസാന്ദ്രമാക്കി. നാടിന്റെ ഓർമകളെ തട്ടിയുണർത്തുന്ന കലാവിരുന്നുകൾ നിറഞ്ഞ കെെയടികളോടെയാണ് റോമിലെ മലയാളി സമൂഹം വരവേറ്റത്.
തുടർന്ന് പരമ്പരാഗത വിഭവങ്ങളും മധുരമൂറുന്ന പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യ പങ്കിട്ടു. ജാതി-മത ഭേദമന്യേ എല്ലാവരും ഒരേ പന്തിയിലിരുന്ന് സ്നേഹം പങ്കിട്ട നിമിഷങ്ങൾ പ്രവാസമണ്ണിലെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്നതായി.
പ്രസിഡന്റ് ബെന്നി മുണ്ടക്കൽ, സെക്രട്ടറി ജോമോൻ കുന്നിശേരി, വൈസ് പ്രസിഡന്റ് കൊച്ചുമോൾ ടോം, ജോയിന്റ് സെക്രട്ടറി ലിസി ഫിലിപ്പ്, ട്രഷറർ സൈമൺ ജേക്കബ് അച്ചേട്ട് എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി പീറ്റർ, ജോയിച്ചൻ, അബ്രഹാം തോമസ്, ബിജോയ് പുത്തൻകുടിലിൽ, മാത്യൂസ് കുന്നത്താനിയിൽ, ഷിജു ഫ്രാൻസിസ്, സിബി മാത്യു, ബിന്റോ അബ്രഹാം വട്ടക്കുന്നൽ എന്നിവരടങ്ങിയ സംഘാടക സമിതി പരിപാടികളുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തൊരുമയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഫ്രണ്ട്സ് റോമാ 2020-ന്റെ ഈ ഓണാഘോഷം റോമിലെ മലയാളി കൂട്ടായ്മയ്ക്ക് അവിസ്മരണീയമായൊരു അനുഭവമായി മാറി.
Tags : FreindsRoma Onam Celebration