പി.എ. മുഹമ്മദ് റിയാസ് (File Photo)
തിരുവനന്തപുരം: ഇഡി ആരോപണത്തിനെതിരെ പ്രതികരിച്ച് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡ് നടന്നു, മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചില്ലെന്നും റിയാസ് പറഞ്ഞു.
വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ എന്തിന് തിരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. 'നമ്മൾ ബേപ്പൂർ' എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ട്, അതിൽ വിവിധ മേഖലകളിലുള്ള ആളുകളുമുണ്ട്. എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നാണ് നിയമോപദേശം. പക്ഷേ എല്ലാറ്റിനോടും മിണ്ടാതിരിക്കാനാകില്ല.
ഇഡിയെ പോലൊരു കേന്ദ്ര ഏജൻസി നൽകുന്ന കാര്യങ്ങൾ തെളിവെന്ന നിലയിൽ പുറത്തുവിടുന്നത് ശരിയല്ല. ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യും, ഒരു തരത്തിലും ഭയപ്പെടില്ല.
ഇത് വളരെ കൃത്യമായി എഴുതിയ ഒരു തിരക്കഥയാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം. ബാക്കിയെല്ലാം വഴിയേ തെളിയും, ജനങ്ങൾ ഒപ്പമുണ്ടാകും. കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല, നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മാസപ്പടി ഇടപാടിൽ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്നു. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുഹമ്മദ് റിയാസിന് മുഖ്യപങ്കുണ്ടെന്നും
ഇഡി ആരോപിച്ചു.
Tags : PAMohammedRiyas ED Allegations VeenaVijayan