അമിത് ഷാ
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തിൽ എൻഡിഎയ്ക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. ബിഹാറിൽ സിവിൽ കോഡ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ജെഡിയു വ്യക്തമാക്കിയതിന് പിന്നാലെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ചിരാഗ് പാസ്വാന്റെ എൽജെപിയും യുസിസിയോട് എതിർപ്പ് പ്രകടിപ്പിച്ചു.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുമെന്ന് ജെഡിയു നേതാവ് സഞ്ജയ് ഝാ വ്യക്തമാക്കി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനമാണ് സഖ്യകക്ഷികൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയത്.
യുസിസി സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യങ്ങളും വിവിധ സാമൂഹിക വിഭാഗങ്ങളുടെ ആശങ്കകളും പരിഗണിക്കണമെന്നാണ് ജെഡിയുവിന്റെ നിലപാട്. അതേസമയം തെലുങ്കുദേശം പാർട്ടിയും വിഷയത്തിൽ തിടുക്കത്തിലുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ല.
വിഷയത്തിൽ വിപുലമായ ചർച്ച വേണമെന്നാണ് ടിഡിപിയുടെ നിലപാട്. വിഷയത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കേന്ദ്രസർക്കാരിന്റെ നിർദേശം വിശദമായി പരിശോധിച്ച ശേഷമായിരിക്കും നിലപാട് സ്വീകരിക്കുകയെന്നും ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്.
Tags : Uniform Civil Code BJP Allies Nda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash