പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇഡി സംഘം മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടത്തിയതെന്നാണ് വിവരം.
ഇന്നലെ കോഴിക്കോട്ട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പിന്നാലെ ഫെബീഷിന്റെ ബാങ്ക് ലോക്കർ ഇഡി സീൽ ചെയ്തു. ലോക്കറിൽ 50 പവനിലധികം സ്വർണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇഡി വിശദാംശങ്ങൾ തേടി. സ്വർണം സഹോദരിയുടേതാണെന്നാണ് ഫെബീഷ് മറുപടി നൽകിയതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. പൊലിസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചതിന്റെ സൂചനയായാണ് നടപടിയെ വിലയിരുത്തുന്നത്. പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇഡി.
നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇഡി സംസ്ഥാന പൊലിസ് മേധാവിക്കയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. 1.2 കോടി രൂപ ദുബായിയിലുള്ള വി.പി.ഫൈജാസിന് അയച്ചുകൊടുത്തതായുള്ള വാരിസിന്റെ മൊഴിയാണ് നേരത്തെ പുറത്തുവന്നത്.
Tags : Enforcement Directorate Mohammed Febeesh P.A.MohammedRiyas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash