കൊല്ലം: പ്രസിഡന്റ്സ് ട്രോഫി 12-ാം എഡിഷന്റെയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിന്റെയും ആവേശത്തില്‍ കൊല്ലം. 21ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന വള്ളംകളിയുടെ വിളംബര ഘോഷയാത്ര ഇന്ന് വൈകുന്നേരം നാലിന് തൊഴില്‍, വനിത മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് പ്രസിഡന്റ്സ് ട്രോഫി പവലിയന് വരെ നീളുന്ന വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും. മേയര്‍ എ.കെ. ഹഫീസ്, വിഷ്ണു മോഹന്‍ എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികള്‍, എന്‍എസ്എസ്, എസ്പി സി, എന്‍സിസി കേഡറ്റുകള്‍, കുടും
ബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങിയവരും ഘോഷയാത്രയില്‍ അണിചേരും.
ഇന്ന് രാവിലെ 6.30ന് മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി ടി പി സി, കോര്പ്പറേഷന്, ഹരിതകര്‍മസേന, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് തുടങ്ങിയവരുടെ സഹകരണത്തോടെ വള്ളംകളി നടക്കുന്ന കായല്‍ പ്രദേശം ശുചീകരിക്കും. നിലവില്‍ ട്രാക്കിന്റെ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലെ കളിവള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈകിട്ട് അഞ്ച് വരെ തുടരും. ഇരുട്ടുകുത്തി ബി ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങളും വനിതകള്‍ തുഴയുന്ന തെക്കനോടിയില്‍ മൂന്ന് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍ ഒരു വള്ളവും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന് നടപടികള്‍ വിലയിരുത്താന്‍ ഡിടിപിസി കോണ്‍ഫറന്‍സ് ഹാളില്‍ റേസ് കമ്മിറ്റി ചെയര്മാന് ആര്. കെ. കുറുപ്പിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഇന്ന് ജോബ് കുര്യന് നയിക്കുന്ന സംഗീതനിശ
ഇന്ന് വൈകീട്ട് 6.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ മംഗനിയാര്‍ ഗാര്‍ഡന്‍സില്‍ ഗായകന് ജോബ് കുര്യനും സംഘവും സംഗീതവിരുന്നൊരുക്കും. നാളെ വൈകീട്ട് 6.30ന് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ട് മണിക്ക് കീഴില്ലം ഉണ്ണിക്കൃഷ്ണന് അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും.
മികച്ച കവറേജിന് പുരസ്കാരം
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ 12-ാം എഡിഷന് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രചാരവും കവറേജും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്ലോഗര്‍മാരുടെ യോഗം ജില്ലാ ഡി ടി പി സി ഓഫിസില്‍ ചേര്‍ന്നു.
പ്രസിഡന്റ്സ് ട്രോഫിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും വ്ളോഗര്‍മാര്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതിനിധി കുരീപ്പള്ളി സലിം പറഞ്ഞു. പ്രസിഡന്റ്സ് ട്രോഫിയുടെ പ്രാധാന്യം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനൊപ്പം കൊല്ലം ജില്ലയുടെ പെരുമ ഉയര്‍ത്തിപ്പിടിക്കാനും വ്ലോഗര്‍മാരുടെ ഇടപെടലുകളിലൂടെ സാധിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാര്‍ പറഞ്ഞു. ജലോത്സവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്ന മികച്ച വ്ലോഗുകള്‍ തയ്യാറാക്കുന്ന വ്ളോഗര്മാര്ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും.
ആവേശമായി ഫുട്ബോള്‍ മത്സരം;
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ പ്രചാരണാര്‍ഥം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ആവേശകരമായ ഫുട്ബോള്‍ മത്സരത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീം ജേതാക്കള്‍. അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് ടീമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുന്‍ കേരള താരം ഫൈസല്‍ റാഫിയുടെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ടീം കപ്പുയര്‍ത്തിയത്. പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീണ്ട ആദ്യ ലീഗ് മത്സരത്തില്‍ ജില്ലാ കലക്ടറുടെ ടീമിനെ പരാജയപ്പെടുത്തിയാണ് പൊലിസ് ടീം ഫൈനലിലെത്തിയത്. രണ്ടാം ലീഗ് മത്സരത്തില്‍ ഒരു ഗോളിന് മേയറുടെ ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീം ഫൈനലിലെത്തിയത്. ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് മത്സരം കിക്ക് ഓഫ് ചെയ്തു.