ഉളിക്കൽ: ഒരു ചായക്കട. കുറച്ച് സുഹൃത്തുക്കൾ. മുന്നിൽ ആവി പറക്കുന്ന ചായയും മനസുനിറയെ പാട്ടുകളും. ഉളിക്കൽ ഏഴൂരിലെ വായാട്ട് സജിയുടെ ചായക്കടയിൽ എത്തിയാൽ ചായയ്ക്കൊപ്പം സംഗീതവും ആസ്വദിക്കാം. ഓട്ടോറിക്ഷാ തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും ഇലക്ട്രീഷ്യനും സാധാരണക്കാരുമെല്ലാം ഇവിടെ പാട്ടുകാരാണ്. ജോലിത്തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവുസമയം പാട്ടിന്റെ ലഹരിയിൽ പങ്കിടുന്ന പതിനഞ്ചോളം പേരുടെ സൗഹൃദക്കൂട്ടായ്മയാണിത്. ഓട്ടോറിക്ഷാ തൊഴിലാളികളായ സുമേഷും അനിലും സർക്കാർ ഉദ്യോഗസ്ഥനായ രഞ്ജിത്തും ഇലക്ട്രീഷ്യനായ സനത്തും സജിയും മനോജും ഉൾപ്പെടെയുള്ളവർ ഒത്തുചേരുമ്പോൾ ഏഴൂരിലെ ചായക്കട സംഗീതവേദിയായി മാറും. ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളിലും വൈകുന്നേരമായാൽ ഇവിടെ സംഗീതമുയരും. ഒരാൾ പാട്ടു തുടങ്ങും. മറ്റുള്ളവർ ഏറ്റുപാടും. പിന്നെ സമയം പോകുന്നതറിയില്ല.
സംഗീതത്തിൽ ശാസ്ത്രീയ പരിശീലനമോ വലിയ വേദികളിലെ അനുഭവസമ്പത്തോ ഇവർക്കില്ല. എന്നാൽ പാട്ടിനോടുള്ള ഇഷ്ടത്തിന് അതിരുകളുമില്ല. ഓരോരുത്തരും ഇഷ്ടപ്പെട്ട പാട്ടുകൾ പാടിയും പഴയ ഗാനങ്ങൾ ഓർത്തെടുത്തും സൗഹൃദത്തിന്റെ പുതിയ ഈണങ്ങൾ തീർക്കുന്നു. ജോലിയും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും പാട്ടിന്റെ കാര്യത്തിൽ എല്ലാവരും ഒരേ മനസുകാർ. പാട്ടുസംഗമം ശ്രദ്ധനേടിയതോടെ കേൾക്കാൻ നാട്ടുകാരും എത്തിത്തുടങ്ങി. വിവാഹച്ചടങ്ങുകൾ ഉൾപ്പെടെയുള്ള ആഘോഷവേദികളിലേക്കും ക്ഷണം ലഭിക്കുന്നുണ്ട്.
വലിയ സ്റ്റേജുകളോ സംഗീതോപകരണങ്ങളുടെ അകമ്പടിയോ ഇല്ലാതെ ഒരു ചായക്കടയെ സംഗീതവേദിയാക്കി മാറ്റുകയാണ് ഏഴൂരിലെ ഈ കൂട്ടുകാർ. ജീവിത തിരക്കുകൾക്കിടയിൽ പരസ്പരം കാണാനും സൗഹൃദം പുതുക്കാനും സന്തോഷം പങ്കിടാനും ഇവർ കണ്ടെത്തിയ വഴിയാണ് പാട്ട്. ഇവിടെ ചായയ്ക്ക് രുചി മാത്രമല്ല, ഓരോ ഈണത്തിനും സൗഹൃദത്തിന്റെ മധുരം കൂടിയുണ്ട്. കൂട്ടും സൗഹൃദങ്ങളും ഉപേക്ഷിച്ച് ലഹരിക്ക് പിന്നാലെ പായുന്ന യുവതലമുറയ്ക്ക് വലിയൊരു സന്ദേശം കൂടിയാണ് നാട്ടിൻപുറത്തെ ഈ സൗഹൃദ കൂട്ടായ്മ നൽകുന്നത്.