രാജാക്കാട്: കാഴ്ചകളുടെ പറുദീസയാണ് ഇടുക്കിയിലെ പൊന്മുടി ഡാമും ക്യാച്ച്മെന്റ് മേഖലയും. വനസമാനമായ അന്തരീക്ഷത്തിൽ പച്ചപ്പിന്റെ ഭംഗി മാത്രമല്ല, ചില കൗതുക കാഴ്ചകളും പൊന്മുടി സമ്മാനിക്കുന്നുണ്ട്. അതിലൊന്നാണ് കൊന്നത്തടി പഞ്ചായത്തിന്റെ പരിധിയിലെ മരക്കാനത്തെ കാട്ടിലുള്ള കടവാവൽ കൂട്ടം. ഒന്നോ രണ്ടോ അല്ല ആയിരക്കണക്കിന് കടവാവലുകളാണ് ഇവിടെ അധിവസിക്കുന്നത്.
കറുപ്പും തവിട്ടയും നിറത്തിലുള്ള കടവാവലുകള്‍ ഉയരമേറിയ മരങ്ങളിലെ ചില്ലകളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടാൽ സമൃദ്ധമായി കായ്ച്ചുനില്ക്കുന്ന മരമാണെന്നേ തോന്നൂ. കാടിന്റെ നിശബ്ദതയിൽ കടവാവലുകളുടെ കാതടപ്പിക്കുന്ന ശബ്ദം ഓരോസമയം ഭീതിയും കൗതുകവും പകരും. മറ്റ് ശല്യങ്ങളൊന്നുമില്ലാത്തതിനാൽ മരക്കാനത്തെ വനമേഖല ഇവയുടെ വിഹാര കേന്ദ്രമാണ്.
കാര്‍ഷിക മേഖലയ്ക്ക് ഭീഷണി
കർഷകർക്ക് ഭീഷണിയാണെങ്കിലും സ്വാഭാവിക വനവല്‍ക്കരണത്തിന് പ്രധാന പങ്ക് വഹിക്കുന്നവരാണ് കടവാവലുകൾ. അതുകൊണ്ട് തന്നെ ഇവയുടെ നിലനില്‍പ്പ് പ്രകൃതിയുടെ ആവശ്യമാണ്. ആയിരക്കണക്കിന് വരുന്ന ഇവയെ പരിസ്ഥിതി നിരീക്ഷിക്കാൻ എത്തുന്നതും പതിവാണ്.
കാട്ടിലാണ് ഇവയുടെ താവളമെങ്കിലും കാര്‍ഷിക മേഖലയിലേക്ക് ഇവ കൂട്ടമായിട്ടെത്തിയാൽ പ്രതിസന്ധിയാകും. എന്നാല്‍ പൊന്മുടിയിലെ കടവാവലുകള്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ തന്നെ നിലനില്ക്കുകയും കാട്ടില്‍ നിന്ന് തന്നെ ഭക്ഷണം കണ്ടെത്തുകയും ചെയ്യുന്നതിനാല്‍ ജനവാസ മേഖലയിലേയ്ക്കെത്താൻ സാധ്യത കുറവാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.