ബെർലിൻ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ നികുതിയിളവുകൾ പരിഗണനയിലെന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ്.
പെട്രോൾ, ഡീസൽ എന്നിവയുടെ മേലുള്ള വിവിധ നികുതികളും ലെവികളും പുനഃപരിശോധിച്ച് വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ബെർലിനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാധാരണക്കാർക്കും വാഹന ഉടമകൾക്കും വലിയ ആശ്വാസകരമായേക്കാവുന്ന ഈ നിർണായക പ്രഖ്യാപനം ചാൻസലർ നടത്തിയത്. ജനങ്ങളുടെ ഭാരം ലഘൂകരിക്കാൻ സർക്കാരിന് മുന്നിൽ നിരവധി വഴികളുണ്ടെന്ന് മെർസ് വ്യക്തമാക്കി.
സഖ്യകക്ഷികളുമായി ഈ വിഷയം ഉടൻ വിശദമായി ചർച്ച ചെയ്യും. അധികം വൈകാതെ തന്നെ ഫലപ്രദമായ ഒരു ശാശ്വത പരിഹാരത്തിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വരുമാനക്കാർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം
ഇന്ധനവിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന കുറഞ്ഞ വരുമാനക്കാർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കണമെന്ന് സാമ്പത്തികകാര്യ മന്ത്രി കാതറീന റൈഷെ നിർദ്ദേശിച്ചിരുന്നു.
ഇക്കാര്യം സഖ്യസർക്കാർ നേരത്തെ തന്നെ പരിഗണിച്ചിരുന്ന ഒന്നാണെന്നും ധനകാര്യ മന്ത്രാലയം ഇതിനായുള്ള സാങ്കേതിക ക്രമീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കിവരികയാണെന്നും മെർസ് വ്യക്തമാക്കി.
ഇതിനൊപ്പം തന്നെ ഇന്ധന നികുതി കുറയ്ക്കുന്നതടക്കമുള്ള മറ്റ് മാർഗങ്ങളും അടിയന്തരമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊള്ളലാഭ നികുതിയെ തള്ളി ചാൻസലർ
എണ്ണക്കമ്പനികളുടെ അമിത ലാഭത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്ന ഭരണപങ്കാളികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യത്തെ ചാൻസലർ മെർസ് ശക്തമായി തള്ളി. ഇത്തരം നികുതികൾ ചുമത്തുന്നതിന് നിലവിൽ യാതൊരുവിധ വസ്തുതാപരമോ നിയമപരമോ ആയ അടിത്തറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജർമനിയിൽ പ്രവർത്തിക്കുന്ന റിഫൈനറികൾ നിലവിൽത്തന്നെ കടുത്ത സാമ്പത്തിക സമ്മർദത്തിലാണ്. അവയ്ക്കുമേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം, ആഭ്യന്തര റിഫൈനറികൾ രാജ്യത്ത് തന്നെ നിലനിർത്താനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വാദിച്ചു.
യൂറോപ്യൻ യൂണിയൻ തലത്തിൽ നടപടി വേണമെന്ന് ധനമന്ത്രി
അതേസമയം, എണ്ണക്കമ്പനികൾക്കെതിരേ കൊള്ളലാഭ നികുതിയും ഇന്ധനവിലയ്ക്ക് ഉയർന്ന പരിധിയും നിശ്ചയിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഫെഡറൽ ധനകാര്യ മന്ത്രി ലാർസ് ക്ലിംഗ്ബെെൽ.
ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള ഈ നിർദ്ദേശങ്ങൾ ആഴ്ചകളായി സർക്കാരിന്റെ മേശപ്പുറത്തുണ്ടെന്നും, യൂറോപ്യൻ യൂണിയൻ തലത്തിൽ കൊള്ളലാഭ നികുതി നടപ്പിലാക്കാൻ യൂറോപ്യൻ കമ്മീഷൻ അടിയന്തരമായി വ്യക്തമായ മാതൃകകൾ മുന്നോട്ടുവെക്കണമെന്നും ക്ലിങ്ബൈൽ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ഇയു ധനമന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം താൻ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.