ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനു പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യായമായ ആവശ്യങ്ങളുന്നയിച്ചു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ച പത്തു വര്‍ഷത്തെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലൂടെ വിദ്യാഭ്യാസ സംവിധാനം അട്ടിമറിക്കപ്പെട്ടെന്നും അതിന്റെ പ്രതീകമായ കഴിവുകെട്ട, അഴിമതിക്കാരനായ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മന്ത്രി പ്രധാന് രാജിവയ്ക്കുക, വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുക, പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു മാപ്പു പറയുക എന്നീ ആവശ്യങ്ങളില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഇവ അംഗീകരിക്കാതെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമോയെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ഇന്നത്തെ യോഗം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയ്റാം രമേശ്, പവന് ഖേര എന്നിവരും പങ്കെടുത്തു. വിദ്യാര്‍ഥിസമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോഴും കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് രാഹുല്‍ സമ്പൂര്‍ണ മൗനം പാലിച്ചതു ശ്രദ്ധേയമായി.
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ തീവ്രവാദികളല്ല. അവര്‍ നമ്മുടെ ഭാവിയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കു നേരേയാണു സുരക്ഷാസേന ആയുധം ചൂണ്ടിയത്. ഈ രാജ്യം നല്‍കേണ്ട അവകാശങ്ങളാണ് അവര്‍ ചോദിക്കുന്നത്. കുട്ടികളെ തല്ലിച്ചതച്ചതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം - രാഹുല്‍ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിട്ടും ആരെയും ശിക്ഷിച്ചിട്ടില്ല. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ അനുഭവിച്ച മാനസികസമ്മര്‍ദം നിസാരമല്ല. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആസൂത്രിതമായി തകര്‍ക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ നീറ്റ് പരീക്ഷയെഴുതുന്നവരുടെ കുടുംബം ഓരോ വര്‍ഷവും 1.32 ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റില്‍ ചെലവഴിക്കുന്ന 1.4 ലക്ഷം കോടി രൂപ വേറെയും. നീതിപൂര്‍വവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സംവിധാനമാണു വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.