തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് സംബന്ധിച്ചു സംസ്ഥാന നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതെന്നും അഖിലേന്ത്യാനേതൃത്വം ഇടപെടുമെന്നുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വിരട്ടൽ ഏറ്റതോടെ ഫണ്ട് തട്ടിപ്പിനെതിരേ ശക്തമായി സംസാരിക്കാതെ സംസ്ഥാന നേതൃയോഗം സമാപിച്ചു. യോഗത്തിനുമുന്പു സംസ്ഥാന പ്രസിഡന്റും വി. മുരളീധരൻ ഗ്രൂപ്പും ചർച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു.
കേരളഘടകത്തിൽ പ്രശ്നമുണ്ടെന്നു വരുത്തിത്തീർത്താൽ കേന്ദ്രനേതൃത്വം ഇടപെട്ടു പുനഃക്രമീകരണം നടത്തുമെന്ന സൂചനയാണ് സംസ്ഥാന പ്രസിഡന്റ് നൽകിയത്. ഇതോടെ ഫണ്ട് തട്ടിപ്പ് എന്ന കാര്യം പോലും പറയാൻ സംസ്ഥാന നേതൃയോഗത്തിൽ ഭൂരിപക്ഷവും തയാറായില്ല.
അടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പുവരെ സംസ്ഥാന പ്രസിഡന്റിന്റെ കസേരയ്ക്ക് ഇളക്കം തട്ടില്ലെന്ന സൂചന നല്കാനും രാജീവ് ചന്ദ്രശേഖർ തയാറായതോടെ ഗ്രൂപ്പുകൾ നിശബ്ദത പാലിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണങ്ങൾ നിഷേധിക്കാനും അതുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ബിജെപി നേതൃയോഗത്തിൽ അങ്ങനെ തീരുമാനമായി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും കോർ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരം സംഘടിത ആക്രമണങ്ങളെ തള്ളിക്കളയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന നിർദേശവും യോഗത്തിൽ അംഗീകരിക്കപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റം നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.