പൂഞ്ഞാര്: മരണം വേദനാജനകമാണെങ്കിലും ഉയിര്പ്പിന്റെ ശുശ്രൂഷയാണ് സംസ്കാര ശുശ്രൂഷയെന്ന് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. പയ്യാനിത്തോട്ടം സെന്റ് അല്ഫോന്സാ പള്ളിയില് ഉരുള്പൊട്ടലില് മരിച്ച റെജീനയുടെയും ജോസഫൈന്റെയും സംസ്കാര ശുശ്രൂഷകളില് മുഖ്യകാര്മികത്വം വഹിക്കുകയായിരുന്നു മാര് കല്ലറങ്ങാട്ട്.
മരണം ദൈവത്തിന്റെ ഹൃദയത്തോടു ചേര്ന്നുനില്ക്കാനുള്ള അവസരമാണ്. വേദനകളില് ദൈവത്തെ കണ്ടെത്താന് കഴിയണമെന്നും മാര് കല്ലറങ്ങാട്ട് പറഞ്ഞു. സേവനത്തിന്റെ മാതൃകയായിരുന്നു റെജീനയും ജോസഫൈനും. റെജീന ജോലി ചെയ്തിരുന്ന പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിലെ കുട്ടികളെ സ്വന്തം കുട്ടികളെ പോലെയാണ് റെജീന കരുതിയിരുന്നത്. ജോസഫൈന് ജോലി ചെയ്തിരുന്ന ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്ജിനിയറിംഗ് കോളജിലെ ആത്മാര്ഥമായ സേവനമാണ് നടത്തിയിരുന്നതെന്നും മാര് കല്ലറങ്ങാട്ട് അനുസ്മരിച്ചു.