തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ജിഎസ്ടി വെട്ടിപ്പിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. വൻ തട്ടിപ്പു നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിന് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയേക്കും.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചരക്കുസേവന നികുതി വകുപ്പിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി വന്നേക്കും.
ജിഎസ്ടി വെട്ടിപ്പിനു കൂട്ടുനിന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ജിഎസ്ടി കമ്മീഷണർ വിശദീകരണം തേടിയത്. ഇതുസംബന്ധിച്ച പണമിടപാട് രേഖകൾ ബന്ധപ്പെട്ട അധികൃതർ ഓഫീസിൽ എത്തിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
അർജന്റൈൻ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കന്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജിഎസ്ടി തട്ടിപ്പു നടത്തിയതായി പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.