ന്യൂഡൽഹി: ആഗോള തലത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോ ഗെയിമായ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (GTA 6) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്റർനെറ്റ് ലോകത്ത് തരംഗമാകുന്നു.
നവംബർ 19നാണ് ഗെയിം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നതെങ്കിലും, നവംബർ 10 മുതൽ ഗെയിം മുൻകൂട്ടി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഗെയിമർമാർക്ക് ലഭിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഒരേസമയം വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ട്രാഫിക് റിക്കാർഡുകൾ തകർക്കപ്പെട്ടിരിക്കുകയാണ്.
ജിടിഎ സീരീസിൽ ആദ്യമായി ഫിസിക്കൽ ഡിസ്കുകൾ ഒഴിവാക്കിയാണ് റോക്ക്സ്റ്റാർ ഗെയിംസ് ജിടിഎ 6 അവതരിപ്പിക്കുന്നത്. കടകളിൽ നിന്ന് ബോക്സ് രൂപത്തിൽ ഗെയിം വാങ്ങിയാലും ഉള്ളിൽ ഒരു ഡിജിറ്റൽ ഡൗൺലോഡ് കോഡ് മാത്രമേ ലഭിക്കുകയുള്ളൂ. ഇതോടെ എല്ലാ കളിക്കാരും ഇന്റർനെറ്റിൽ നിന്ന് 212 ജിബി വരെ വലിപ്പമുള്ള ഫയൽ ഡൗൺലോഡ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് ആഗോള ബ്രോഡ്ബാൻഡ് ശൃംഖലകളിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുകെയിലെ ടെലികോം കമ്പനിയായ വിർജിൻ മീഡിയ O2 പുറത്തുവിട്ട കണക്കുകൾ പ്രകാരം അർധരാത്രി 12നും 1നും ഇടയിൽ ഇന്റർനെറ്റ് ട്രാഫിക്കിൽ 51.6 ശതമാനത്തിന്റെ വർധനവുണ്ടായി. രാവിലെ 9 മണിയോടെ മുൻ ആഴ്ചയിലെ ഇതേ സമയത്തേക്കാൾ 73.3 ശതമാനം അധികം ഡാറ്റയാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. രാത്രി 11.05 ആയപ്പോഴേക്കും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റാ ഉപയോഗമെന്ന റിക്കാർഡ് തകർക്കപ്പെട്ടു.
ആഴ്സണലിന്റെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സര സമയത്തുണ്ടായ ട്രാഫിക് റിക്കാർഡും ഫോർട്ട്നൈറ്റ് ഗെയിം അപ്ഡേറ്റ് സൃഷ്ടിച്ച റിക്കാർഡുമാണ് ജിടിഎ 6 മറികടന്നത്. ഗെയിമിംഗ് വ്യവസായം ഇതുവരെ കണ്ടിട്ടില്ലാത്ത ആവേശമാണ് ജിടിഎ 6ന് ലഭിക്കുന്നത്.
പ്രീ-ഓർഡറുകളിലൂടെ മാത്രം ഗെയിം 1 ബില്യൺ ഡോളർ (ഏകദേശം 8,400 കോടിയിലധികം രൂപ) വരുമാനം കടന്നതായാണ് റിപ്പോർട്ടുകൾ. 2013ൽ ജിടിഎ 5 പുറത്തിറങ്ങിയപ്പോൾ 1 ബില്യൺ ഡോളർ നേടാൻ റിലീസിന് ശേഷം മൂന്ന് ദിവസമെടുത്തിരുന്നു. എന്നാൽ ജിടിഎ 6 ആരും കളിച്ചുതുടങ്ങുന്നതിന് മുൻപ് തന്നെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
വിപണിയിലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏകദേശം 9.69 ദശലക്ഷം പ്രീ-ഓർഡറുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 75 ശതമാനവും (7 ദശലക്ഷത്തിലധികം കോപ്പികൾ) പ്ലേസ്റ്റേഷൻ ഉപയോക്താക്കളാണ്. ബാക്കി 25 ശതമാനം എക്സ്ബോക്സ് (Xbox) ഉപയോക്താക്കളും. തങ്ങളുടെ ഡിജിറ്റൽ സ്റ്റോറുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രീ-ഓർഡർ ചെയ്യപ്പെട്ട ഗെയിമാണ് ജിടിഎ 6 എന്ന് സോണിയും മൈക്രോസോഫ്റ്റും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ കൺസോളുകളിൽ മാത്രമാണ് ഗെയിം പുറത്തിറങ്ങുന്നത്. സാധാരണയായി പിസി പതിപ്പ് വൈകിയേ എത്താറുള്ളൂ. റിപ്പോർട്ടുകൾ പ്രകാരം വൈസ് സിറ്റി പര്യവേക്ഷണം ചെയ്യാൻ പിസി ഗെയിമർമാർ 2027 ആദ്യം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.